10 March 2026, Tuesday

2026 ഫിഫ ലോകകപ്പ് നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് ഫിഫ

Janayugom Webdesk
ഡള്ളസ്
March 10, 2026 4:32 pm

ഇസ്രായേലും അമേരിക്കയും ഇറാനെതിരെ നടത്തുന്ന യുദ്ധത്തെത്തുടർന്നുണ്ടായ ആഗോള അസ്വാസ്ഥ്യങ്ങൾക്കിടയിലും 2026ലെ ഫിഫ ലോകകപ്പ് മാറ്റിവെക്കില്ലെന്ന് ഫിഫ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഹെയ്‌മോ ഷിർഗി. ലോകകപ്പ് എന്നത് മാറ്റിവെക്കാൻ കഴിയാത്തത്ര വലിയൊരു കായിക മാമാങ്കമാണെന്നും നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരം തന്നെ ടൂർണമെന്റ് നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡള്ളസിലെ ഇന്റർനാഷണൽ ബ്രോഡ്കാസ്റ്റ് സെന്ററിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധം മൂലം ഇറാന്റെ പങ്കാളിത്തം അനിശ്ചിതത്വത്തിലായതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, വൈകാതെ തന്നെ ഇതിനൊരു പരിഹാരമുണ്ടാകുമെന്നും ലോകകപ്പ് മുന്നോട്ട് പോകുമെന്നും അദ്ദേഹം മറുപടി നൽകി. യോഗ്യത നേടിയ എല്ലാ രാജ്യങ്ങളും ടൂർണമെന്റിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പശ്ചിമേഷ്യയിലെ സാഹചര്യങ്ങൾ ഫിഫ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഷിർഗി കൂട്ടിച്ചേർത്തു. 

ഫെഡറൽ, അന്താരാഷ്ട്ര ഏജൻസികളുമായി സഹകരിച്ച് ഓരോ ദിവസത്തെയും മാറ്റങ്ങൾ ഫിഫ വിലയിരുത്തുന്നുണ്ട്. ഗ്രൂപ്പ് ജി-യിൽ ബെൽജിയം, ന്യൂസിലൻഡ്, ഈജിപ്ത് എന്നിവർക്കൊപ്പമാണ് ഇറാന്റെ സ്ഥാനം. ഇറാന്റെ മത്സരങ്ങൾ ലോസ് ആഞ്ചലസിലും സിയാറ്റിലിലുമായാണ് നടക്കേണ്ടത്. ഇറാന്റെ ഫുട്ബോൾ ഫെഡറേഷനുമായി ഫിഫ ബന്ധപ്പെടുന്നുണ്ടെങ്കിലും ചർച്ചകളുടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. ചരിത്രത്തിലാദ്യമായി 48 രാജ്യങ്ങൾ പങ്കെടുക്കുന്ന 2026 ലോകകപ്പിന് അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളാണ് സംയുക്തമായി ആതിഥേയത്വം വഹിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar