
ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ അഞ്ചാം തലമുറ യുദ്ധവിമാനങ്ങളുടെ നിര്‍മ്മാണത്തില്‍ നിര്‍ണായക ചുവടുവയ്പ്പുമായി ഇന്ത്യ. അഡ്വാന്‍സ്ഡ് മീഡിയം കോംബാറ്റ് എയര്‍ക്രാഫ്റ്റ് പ്രോഗ്രാമിന്റെ ഭാഗമായി നിര്‍മ്മിച്ച മോഡലിന് പ്രതിരോധമന്ത്രാലയം അംഗീകാരം നല്‍കി. ഇന്ത്യയുടെ പ്രതിരോധ കരുത്ത് വര്‍ധിപ്പിക്കുന്നതിന് നിര്‍ണായക ചുവടുവയ്പ്പാണിതെന്നും മന്ത്രി അറിയിച്ചു. അഡ്വാന്‍സ് മീഡിയം കോംബാറ്റ് എയര്‍ക്രാഫ്റ്റ് (എഎംസിഎ) പ്രോജക്ടിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. ഇതിന് ആവശ്യമായ റഡാര്‍, സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യ, ഡിസൈന്‍ എന്നിവ ഇന്ത്യ പൂര്‍ത്തിയാക്കിയിരുന്നു. യുദ്ധ വിമാനത്തിന്റെ എഞ്ചിന്‍ വികസനവും പുരോഗമിക്കുന്നുണ്ട്. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മ്മാണം നടപ്പാക്കാനാണ് തീരുമാനം. യുദ്ധവിമാന നിർമാണ രംഗത്ത് സ്വയം പര്യാപ്തതയിലേക്കുള്ള സുപ്രധാന നീക്കമാണിതെന്നും രാജ്നാഥ് സിങ് പറഞ്ഞു. പദ്ധതിയുടെ പരീക്ഷണ പറക്കല്‍ വിജയകരമായി നടത്തിയാല്‍ അഞ്ചാം തലമുറ വിമാനം സ്വന്തമായി നിര്‍മിക്കാന്‍ ശേഷിയുള്ള ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടം നേടും. നിലവില്‍ അമേരിക്ക, റഷ്യ, ചൈന, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ക്ക് മാത്രമേ സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുള്ള യുദ്ധവിമാനം നിര്‍മിക്കാനുള്ള സാങ്കേതിക വിദ്യ കൈവശമുള്ളു. 15,000 കോടിയാണ് പദ്ധതിയുടെ ചെലവ്. ഇരട്ട എന്‍ജിന്‍ മള്‍ട്ടി റോള്‍ യുദ്ധവിമാനമായാണ് എഎംസിഎ വിഭാവനം ചെയ്തിരിക്കുന്നത്. ഇന്ത്യയ്ക്ക് തങ്ങളുടെ അത്യാധുനിക അഞ്ചാംതലമുറ യുദ്ധവിമാനമായ എസ്. യു-57 നല്‍കാമെന്ന് റഷ്യ നേരത്തെ വാഗ്ദാനം ചെയ്തിരുന്നു.
ഇന്ത്യൻ വ്യോമസേനയും പ്രതിരോധ മന്ത്രാലയവും ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡും ചേര്‍ന്ന് സ്റ്റെൽത്തി ഹൈ ആൾട്ടിറ്റ്യൂഡ് ലോംഗ് എൻഡുറൻസ് (എച്ച്എഎല്‍ഇ) ഡ്രോണ്‍ വികസനവും ഇതോടൊപ്പം നടക്കും. നിരീക്ഷണ, ആക്രമണ ദൗത്യങ്ങളില്‍ വ്യോമസേനയുടെ കരുത്ത് വര്‍ധിപ്പിക്കുന്നതിനാണ് നീക്കം. സ്റ്റെൽത്ത് സവിശേഷതകളുള്ള കൂടുതല്‍ സമയം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നവയാണ് എച്ച്എഎല്‍ഇ യുഎവികള്‍. ഇത് മെച്ചപ്പെട്ട നിരീക്ഷണം സാധ്യമാക്കുന്നു. ഡ്രോണിന്റെ രൂപകല്പന യുഎസിലെ ജനറൽ ആറ്റോമിക്സ് നിര്‍മ്മിക്കുന്ന എംക്യു-20 അവഞ്ചറിൽ (മുമ്പ് പ്രെഡേറ്റർ സി) നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് വിവരങ്ങളുണ്ട്. പാകിസ്ഥാനുമായുള്ള സൈനിക സംഘര്‍ഷം വര്‍ധിച്ച സാഹചര്യത്തില്‍ സമുദ്ര സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള സുപ്രധാന നടപടികള്‍ക്കും പ്രതിരോധ മന്ത്രാലയം തുടക്കംകുറിച്ചിട്ടുണ്ട്. അണ്ടർവാട്ടർ മൈനുകൾ കണ്ടെത്തുന്നതിനും ട്രാക്ക് ചെയ്യുന്നതിനും നശിപ്പിക്കുന്നതിനുമായി രൂപകൽപ്പന ചെയ്ത 12 പ്രത്യേക യുദ്ധക്കപ്പലുകൾ തദ്ദേശീയമായി നിർമ്മിക്കുന്നതിനുള്ള പദ്ധതി ഇന്ത്യ പുനരുജ്ജീവിപ്പിച്ചു. തുറമുഖങ്ങളെ സമ്മര്‍ദത്തിലാക്കാനും തുറമുഖങ്ങളെ തടസ്സപ്പെടുത്താനും ഷിപ്പിങ്ങും സമുദ്ര വ്യാപാരവും തടസ്സപ്പെടുത്താനും ശത്രുസൈന്യങ്ങൾ പലപ്പോഴും സ്ഥാപിക്കുന്ന അണ്ടര്‍ വാട്ടര്‍ മൈനുകൾ നാവിക പ്രവർത്തനങ്ങൾക്കും സാമ്പത്തിക ലൈഫ്‌ലൈനുകൾക്കും കടുത്ത ഭീഷണി ഉയർത്തുന്നവയാണ്. 44,000 കോടി രൂപ വിലമതിക്കുന്ന 12 അഡ്വാൻസ്ഡ് മൈൻ കൗണ്ടർമെഷർ വെസലുകൾ (എംസിഎംവികൾ) വാങ്ങുന്നതിനുള്ള നിര്‍ദേശം ഡിഫൻസ് അക്വിസിഷൻസ് കൗൺസിൽ (ഡിഎസി) മുമ്പാകെ ഉടൻ അവതരിപ്പിക്കുമെന്നാണ് സൂചനകള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.