5 December 2025, Friday

Related news

December 3, 2025
December 1, 2025
November 30, 2025
November 29, 2025
November 27, 2025
November 26, 2025
November 26, 2025
November 26, 2025
November 26, 2025
November 25, 2025

പരിമിതികളോട് പൊരുതി ആസിം വെളിമണ്ണ പാരിസിലേക്ക് നീന്തിക്കയറാനൊരുങ്ങുന്നു

Janayugom Webdesk
കോഴിക്കോട്
April 24, 2025 6:55 pm

ശാരീരിക പരിമിതികളോട് പൊരുതി ജീവിത നേട്ടങ്ങൾ കൈവരിക്കുന്ന ആസിം വെളിമണ്ണ ലോകത്തിന്റെ നെറുകയിലേക്ക് നീന്തിക്കയറാൻ പാരിസിലേക്ക്. വെല്ലുവിളികളെ നീന്തി തോൽപിച്ച് ദേശീയ‑അന്തർദേശീയ പുരസ്ക്കാരങ്ങൾ സ്വന്തമാക്കിയ ജന്മനാ ഇരുകൈകളുമില്ലാത്ത ആസിം 28 മുതൽ മെയ് നാല് വരെ പാരിസിൽ നടക്കുന്ന ലോക പാരാ സ്വിമ്മിങ് മത്സരത്തിൽ പങ്കെടുക്കുന്നതിനായി നാളെ യാത്ര തിരിക്കും. ഇതിനുള്ള വിസ കഴിഞ്ഞ ദിവസം ലഭിച്ചു. ഒരുപാടുപേരുടെ സഹായം കൊണ്ടാണ് ലോക മത്സരത്തിൽ പങ്കെടുക്കാനുള്ള യാത്ര സാധ്യമായതെന്ന് അസീം പറഞ്ഞു. എളേറ്റിൽ എം ജെ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായ ആസിം ഓമശേരി പഞ്ചായത്തിലെ വെളിമണ്ണ സ്വദേശിയും മദ്രസ അധ്യാപകനുമായ ആലത്തുകാവിൽ മുഹമ്മദ് ഷഹീദിന്റെയും ജംസീനയുടെയും മകനാണ്. 90 ശതമാനം ശാരീരിക വെല്ലുവിളി നേരിടുന്ന ആസിം 2022ൽ ആലുവയിൽ പെരിയാറിലൂടെ ഒരു കിലോമീറ്ററോളം ദൂരം നീന്തി ശ്രദ്ധ നേടിയിരുന്നു. സംസ്ഥാന പാരലിംപിക്സ് നീന്തലിൽ 50, 100 മീറ്റർ ഫ്രീ സ്റ്റൈലിലും 50 മീറ്റർ ബാക് സ്ട്രോക്കിലുമടക്കം സ്വർണം നേടിയിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ പനാജിയിൽ നടന്ന ദേശീയ പാരസ്വിമ്മിങ് മത്സരത്തിൽ മൂന്ന് സ്വർണം നേടിയിരുന്നു. ആലുവ സ്വദേശി സജി വാളശ്ശേരിലാണ് ആസിമിനെ നീന്തൽ പരിശീലിപ്പിച്ചത്. 

പാരീസിലെ ലോക പാരാ സ്വിമ്മിങ്ങിൽ മത്സരിക്കാൻ യോഗ്യത നേടിയെങ്കിലും കെട്ടിവയ്ക്കാനുള്ള പണം കണ്ടെത്തുകയെന്നത് ആശങ്കയായിരുന്നു. തുടർന്ന് സഹായവുമായി അനേകം പേർ ഒത്തുചേർന്നതോടെയാണ് യാത്ര ഉറപ്പായത്. ഏഴ് ലക്ഷത്തോളം രൂപയായിരുന്നു യാത്രയ്ക്കായി ആവശ്യമുണ്ടായിരുന്നത്. മാർച്ച് പത്തിനകം പണം കെട്ടിവെക്കേണ്ടിയിരുന്നു. തുടർന്ന് സഹായം അഭ്യർത്ഥിച്ച് ആസിം സോഷ്യൽ മീഡിയിയിൽ പോസ്റ്റ് ചെയ്ത കുറിപ്പുകണ്ട നിരവധി പേരാണ് സഹായവുമായെത്തിയത്. പാരീസിലെ മത്സരത്തിൽ യോഗ്യത നേടിയാൽ തന്റെ സ്വപ്നമായ ഏഷ്യൻ ഗെയിംസിലും ഒളിംപിക്സിലും ആസിമിന് പ്രവേശനം ലഭിക്കും. ആസിമിനൊപ്പം പിതാവും ഫിസിയോതെറാപ്പിസ്റ്റുമാണ് പാരീസിലേക്ക് പോവുക. 

സംസ്ഥാന യുവജന കമ്മിഷൻ പ്രഥമ യുവ പ്രതിഭാ പുരസ്കാരം നേടിയ ആസിമിനെ സാമൂഹിക നീതി വകുപ്പിന്റെ ഉജ്വല ബാല്യപുരസ്കാരമുൾപ്പെടെ നിരവധി അവാർഡുകൾ തേടിയെത്തിയിട്ടുണ്ട്. ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്റീനയും ഫ്രാൻസും ഗ്രൗണ്ടിൽ അണിനിരന്നപ്പോൾ അവർക്കൊപ്പം നിൽക്കാൻ ആസിമിന് അവസരം ലഭിച്ചിരുന്നു. പഠിച്ച സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിനായി കാലുകൊണ്ട് കത്തെഴുതിയും ആസിം വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.