
മുപ്പതാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ കേന്ദ്രാനുമതി ലഭിക്കാനുള്ളത് ഇനി ആറ് ചിത്രങ്ങൾക്ക് കൂടി. 19 സിനിമകള്‍ക്കാണ് അനുമതി നിഷേധിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 12 എണ്ണത്തിന് അനുമതി നൽകിയെങ്കിലും ആറ് സിനിമകളുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ‘ബീഫ്’, ‘ബാറ്റിൽഷിപ്പ് പൊട്ടംകിൻ’, ‘പലസ്തീൻ 36’ ഉൾപ്പെടെയുള്ള ചിത്രങ്ങൾക്കാണ് അനുമതി ലഭിച്ചത്. സ്ക്രീനിങ് ഇല്ലാത്ത സമയങ്ങളിൽ ചിത്രങ്ങൾ റീ ഷെഡ്യൂൾ ചെയ്ത് പ്രദർശിപ്പിക്കാനാണ് സംഘാടകരുടെ ശ്രമം. ഡെലിഗേറ്റുകൾക്ക് പ്രദർശന സമയവും തിയേറ്ററും ഉൾപ്പെടെയുള്ള വിവരം മെസേജുകൾ വഴി അറിയിക്കും.
19ൽ ഒരു ചിത്രം പ്രദർശിപ്പിക്കേണ്ടതില്ലെന്ന് അതിന്റെ നിർമ്മാതാക്കൾ തന്നെയാണ് തീരുമാനിച്ചത്. അഞ്ച് സിനിമകൾക്ക് അനുമതി നിഷേധിച്ചത് വിദേശകാര്യ മന്ത്രാലയമാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. ‘ക്ലാഷ്’, ‘ഈഗിൾസ് ഓഫ് ദ റിപ്പബ്ലിക്’, ‘ഓൾ ദാറ്റ്സ് ലെഫ്റ്റ് ഓഫ് യു’, ‘എ പോയറ്റ്: അൺ കൺസീൽഡ് പോയട്രി’, ‘യെസ്’ എന്നീ സിനിമകൾക്കാണ് വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചത്. സിനിമ നിർമ്മിച്ച രാജ്യവുമായുള്ള ബന്ധം വഷളാവുമെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധമെന്ന വിവരവും പുറത്തുവരുന്നുണ്ട്.
അനുമതി നിഷേധിച്ച സിനിമകൾ ഏകപക്ഷീയമായി പ്രദർശിപ്പിച്ചാൽ അതിന്റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഭാവിയിൽ ആ രാജ്യങ്ങളിൽ മലയാളികളുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായാൽ ഇടപെടുന്നതിന് പരിമിതികളുണ്ടാകുമെന്ന് മന്ത്രാലയം അറിയിച്ചതായും വിവരമുണ്ട്. കൊൽക്കത്ത ഫിലിം ഫെസ്റ്റിവലിൽ കേന്ദ്രം അനുമതി നൽകാത്ത ചിത്രങ്ങൾ സംസ്ഥാന സർക്കാർ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രദർശിപ്പിച്ചിരുന്നു. അതാണ് കേരളത്തിലും ആവർത്തിക്കുന്നത്.
ഇന്ത്യയിൽ തിയേറ്റർ റിലീസിന് അനുമതി നിഷേധിച്ചതിനാൽ സന്ധ്യ സൂരി സംവിധാനം ചെയ്ത ഹിന്ദി ചിത്രം സന്തോഷും മേളയിൽ പ്രദർശിപ്പിക്കില്ല. ഈ വർഷം ഒക്ടോബറിൽ ഒടിടി വഴി റിലീസ് ചെയ്ത ചിത്രം 2024ലെ ഓസ്കാറിലേക്കുള്ള ബ്രിട്ടന്റെ ഔദ്യോഗിക എൻട്രിയായിരുന്നു. കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ചിത്രമാണ് മേളയിൽ പ്രദർശിപ്പിക്കാൻ കഴിയാതെ പോകുന്നത്. 19 സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചതില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. മുഴുവന്‍ സിനിമകളും പ്രദര്‍ശിപ്പിക്കുമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.