22 November 2024, Friday
KSFE Galaxy Chits Banner 2

ചലച്ചിത്ര നിര്‍മ്മാതാവ് ഗാന്ധിമതി ബാലന്‍ അന്തരിച്ചു

Janayugom Webdesk
തിരുവനന്തപുരം
April 10, 2024 3:26 pm

ചലച്ചിത്ര നിര്‍മ്മാതാവ് ഗാന്ധിമതി ബാലന്‍ അന്തരിച്ചു. 66വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എക്കാലത്തും ഓര്‍മ്മിക്കെപ്പെടുന്ന ക്ലാസിക് സിനിമകളുടെ നിര്‍മ്മാതാവായിരുന്നു. കെ ജി ജോര്‍ജ്ജ്, പത്മരാജന്‍ തുടങ്ങിയ സംവിധായകരുടെ മികച്ച സിനിമകള്‍ ഒരുക്കിയ ഗാന്ധിമതി ബാലന്‍ ഏറക്കാലമായി സിനിമാനിര്‍മ്മാണ രംഗത്ത് സജീവമായിരുന്നില്ല കച്ചവടലക്ഷ്യം മുൻനിർത്തി മാത്രം സിനിമകളെടുക്കുന്ന നിർമ്മാതാക്കളിൽ നിന്നു വ്യത്യസ്തനായിരുന്നു അദ്ദേഹം.

ഇത്തിരി നേരം ഒത്തിരി കാര്യം ആണ് ആദ്യ സിനിമ. തുടർന്ന് ആദാമിന്റെ വാരിയെല്ല് , പഞ്ചവടി പാലം , മൂന്നാം പക്കം , തൂവാനത്തുമ്പികൾ , സുഖമോ ദേവി , മാളൂട്ടി , നൊമ്പരത്തിപ്പൂവ്, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, ഈ തണുത്ത വെളുപ്പാൻ കാലത്ത്, ഇരകൾ, പത്താംമുദയം തുടങ്ങിയ 30ൽ പരം ചിത്രങ്ങളുടെ നിർമാണവും വിതരണവും നിർവഹിച്ചു. 2015 നാഷനൽ ഗെയിംസ് ചീഫ് ഓർഗനൈസർ ആയിരുന്നു. തിരുവനന്തപുരത്തെ ധന്യ, രമ്യ തിയേറ്റർ ഉടമ ആണ്. പത്തനംതിട്ട ഇലന്തൂർ കാപ്പിൽ തറവാട് അംഗമാണ്. തിരുവനന്തപുരം 40 വർഷത്തിലേറെയായി തിരുവനന്തപുരത്താണ് താമസം. ഭാര്യ — അനിത ബാലൻ. മക്കൾ: സൗമ്യ ബാലൻ (ഫൗണ്ടർ ഡയറക്ടർ ‑ആലിബൈ സൈബർ ഫോറെൻസിക്സ്), അനന്ത പത്മനാഭൻ(മാനേജിങ് പാർട്ണർ — മെഡ്റൈഡ്, ഡയറക്ടർ‑ലോക മെഡി സിറ്റി). മരുമക്കൾ: കെ.എം.ശ്യാം (ഡയറക്ടർ — ആലിബൈ സൈബർ ഫോറെൻസിക്സ്, ഡയറക്ടർ- ഗാന്ധിമതി ട്രേഡിങ് & എക്സ്പോർട്സ്), അൽക്ക നാരായൺ (ഗ്രാഫിക് ഡിസൈനർ).തിരുവനന്തപുരം വഴുതക്കാട് ആർടെക്ക് മീനാക്ഷിയിലാണ് താമസം.

ആലിബൈ എന്ന പേരിൽ സൈബർ ഫോറെൻസിക് സ്റ്റാർട്ട്അപ്പ് കമ്പനി സ്ഥാപിച്ച് രാജ്യത്തെ ഒട്ടു മിക്ക കുറ്റാന്വേഷണ ഏജൻസികൾക്കും സൈബർ ഇന്റലിജൻസ് സേവനം നൽകുന്ന സ്ഥാപനം ആയി വളർത്തി. ഇവന്റ്സ് ഗാന്ധിമതി എന്ന ഇവന്റ്മാനേജ്മെന്റ് കമ്പനി ഉടമ കൂടിയായ ഗാന്ധിമതി ബാലൻ നാഷനൽ ഗെയിംസ് അടക്കം നിരവധി വലിയ പരിപാടികൾ സംഘടിപ്പിച്ചു. മലയാളം സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മ രൂപീകരിക്കുന്നതിന് നേതൃത്വം നൽകിയ ബാലൻ അമ്മ ഷോ എന്ന പേരിൽ നിരവധി താരനിശകൾ സംഘടിപ്പിച്ചിട്ടുണ്ട്.

ഗാന്ധിമതി എന്നത് ബാലന്റെ അമ്മയ്ക്ക് മഹാത്മാ ഗാന്ധി നൽകിയ പേരായിരുന്നു. അമ്മയുടെ പേര് സ്വന്തം പേരിനു മുന്നിൽ അദ്ദേഹം ചേർക്കുകയായിരുന്നു. സംവിധായകൻ പത്മരാജന്റെ കൂടെയാണ് അദ്ദേഹം ഏറ്റവും കൂടുതൽ പടങ്ങൾ ചെയ്തത്. പ്ലാന്റേഷൻ, റിയൽ എസ്റ്റേറ്റ് ബിസിനസുകളിലും സജീവമായിരുന്നു.

Eng­lish Summary:
Film­mak­er Gand­hi­mati Bal­an pass­es away

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.