
വിവാദമായ പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കലിന് (എസ്ഐആര്‍) ഒടുവില്‍ ബിഹാറിലെ അന്തിമ വോട്ടര്‍ പട്ടിക പുറത്തിറക്കിയപ്പോള്‍ വന്‍തോതില്‍ വോട്ടര്‍മാരുടെ എണ്ണം കൂടി. കരട് പട്ടികയെ അപേക്ഷിച്ച് 21.53 ലക്ഷം പേരാണ് അന്തിമ പട്ടികയിൽ കൂടുതലായുള്ളത്. 3.66 ലക്ഷം പേരെ ഒഴിവാക്കി. എസ്ഐആര്‍ നടപടികള്‍ക്ക് മുമ്പ് 7.89 കോടിയിലധികമായിരുന്നു. ഇതില്‍ 65 ലക്ഷത്തോളം പേരുകൾ ഒഴിവാക്കിയ കരട് പട്ടികയിൽ 7.24 കോടി പേരാണുണ്ടായിരുന്നത്. അതേസമയം അന്തിമ പട്ടികയില്‍ ഒഴിവാക്കിയവര്‍ 47.13 ലക്ഷം ആയി കുറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മിഷനും സര്‍ക്കാരും ഒത്തു കളിക്കുകയാണെന്നും ഭരണഘടനാ സംവിധാനമായ കമ്മീഷനെ ബിജെപി ഹൈജാക്ക് ചെയ്‌തെന്നും പ്രതിപക്ഷം ആക്ഷേപം ഉയര്‍ത്തിയിരുന്നു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യാ സഖ്യം ഇതിനെതിരെ വന്‍ പ്രതിഷേധ റാലി ബിഹാറില്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. പ്രതിപക്ഷ ആരോപണങ്ങള്‍ ശരിയാണെന്ന് വ്യക്തമാക്കുന്നതാണ് അന്തിമപട്ടികയില്‍ എണ്ണത്തിലെ വര്‍ധന.
ഓരോരുത്തര്‍ക്കും വോട്ടവകാശമുണ്ടോയെന്ന് ഓണ്‍ലൈനായി പരിശോധിക്കണമെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതിക്ക് പത്ത് ദിവസം മുമ്പ് വരെ പുതിയ വോട്ടർമാർക്ക് രജിസ്റ്റർ ചെയ്യാൻ കഴിയുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. തീവ്ര വോട്ടര്‍ പട്ടിക പുതുക്കലിനുള്ള തെരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനത്തിന് എതിരെയുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കേസ് മുമ്പ് പരിഗണിച്ചപ്പോള്‍ കമ്മീഷന്‍ നിലപാടിനെതിരെ കോടതി നിലപാടെടുത്തു. നവരാത്രി അവധിക്ക് ശേഷം വരുന്ന തിങ്കളാഴ്ച കോടതി വീണ്ടും ചേരുമ്പോള്‍ വിഷയം വീണ്ടും പരിഗണനയ്‌ക്കെത്തും. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ഒക്ടോബര്‍ 4, 5 തീയതികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പട്ന സന്ദര്‍ശിക്കും. അടുത്ത ആഴ്ചയോടെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതികള്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്.
പിഴവുകള്‍ നിരവധി
അന്തിമ പട്ടികയിലും പിഴവുകള്‍ നിരവധി. ബിഹാറിലെ 229-ാം നമ്പര്‍ ബുദ്ധഗയ മണ്ഡലത്തിലെ സൂര്യപുര 1–3 പോളിങ് ബൂത്തുകളിലെ വോട്ടര്‍ പട്ടിക ഉദാഹരണമായി ജനയുഗം പരിശോധിച്ചു. കമ്മിഷന്‍ രേഖകള്‍ പ്രകാരം ജില്ല ഗയ. പിന്‍കോഡ് 824231. തഹസില്‍ ബോധ്ഗയ. വാര്‍ഡ് നമ്പര്‍ 003. മദ്ധ്യ വിദ്യാലയ, സുര്യപുര ഈസ്റ്റാണ് പോളിങ്ങ് സ്‌റ്റേഷന്‍. വോട്ടര്‍മാരുടെ എണ്ണം 954. ഇതില്‍ 506 പുരുഷന്‍മാര്‍. സ്ത്രീകളുടെ എണ്ണം 448.
പട്ടികയില്‍ സീരിയല്‍ നമ്പര്‍ പ്രകാരം ഒന്നാമതുള്ള (എസ്‌ക് എ ആര്‍ 131729) വോട്ടര്‍ ഐഡിക്കാരന്റെ പേര് ഭോലാ കുമാര്‍ സൈനി. പുരുഷന്‍ 41 വയസ്. പിതാവിന്റെ പേര് ബാലേശ്വര്‍ പ്രസാദ്. ഫോട്ടോ ലഭ്യമെന്ന് പറയുമ്പോഴും ഫോട്ടോ സൈറ്റിലില്ല. ഇയാളുടെ വീടിന്റെ സംഖ്യ പൂജ്യം. സീരിയല്‍ നമ്പര്‍ പ്രകാരം ഒന്നും രണ്ടും മൂന്നും വോട്ടര്‍മാര്‍ പുജ്യം എന്ന് വീട്ട് വിലാസം നല്‍കിയപ്പോള്‍ നാലാമന്‍ മൂന്ന് പൂജ്യം സംഖ്യയുള്ള വീട്ടിലെ താമസക്കാരനാണ്. പുതുക്കിയ പട്ടികയില്‍ മേല്‍ പറഞ്ഞതിന്റെ തുടര്‍ച്ച പ്രകാരം അഞ്ചാമന്റെ വീടിന്റെ വിലാസം ബിഹാര്‍, ആറാമന്‍ രണ്ട് പൂജ്യത്തിലെ താമസക്കാരന്‍. ഏഴാമനും ഇതേ വിലാസക്കാരന്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.