21 January 2025, Tuesday
KSFE Galaxy Chits Banner 2

ഒടുവിൽ റെയിൽവേ മുട്ടുമടക്കി; തീരദേശ പാതയിരട്ടിപ്പിക്കൽ ട്രാക്കിലേക്ക്

ബേബി ആലുവ
കൊച്ചി
November 8, 2023 10:40 pm

പന്ത്രണ്ട് വർഷം മുമ്പ് പ്രഖ്യാപിച്ചതും റെയിൽവേയുടെ പതിവ് ശൈലി മൂലം അനിശ്ചിതത്വത്തിലായതുമായ തീരദേശ പാതയിരട്ടിപ്പിക്കൽ യാഥാർത്ഥ്യമാകുന്നതിന് വഴി തെളിയുന്നു. പദ്ധതികളുടെ പൂർത്തീകരണത്തിന് കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്ന കടുത്ത നിബന്ധനങ്ങൾ എല്ലാക്കാലത്തും ചെലവാകില്ലെന്ന വൈകി വന്ന വിവേകത്തിന്റെ തെളിവ് കൂടിയായി റെയിൽവേയുടെ തിരുത്തിയ നിലപാട്.
നിർമ്മാണച്ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കണമെന്ന കടുംപിടിത്തത്തിന്റെ ഫലമായി 2019ൽ റയിൽവേ മരവിപ്പിച്ച പദ്ധതിയാണ് തീരദേശ പാതയിരട്ടിപ്പിക്കൽ. നിബന്ധനകളിൽ നിന്ന് പിന്നാക്കം പോകാനും പദ്ധതികളുടെ മുഴുവൻ ചെലവും സ്വയംവഹിക്കാനും ഒടുവിൽ റെയിൽവേ നിർബന്ധിതമാവുകയായിരുന്നു. 

എറണാകുളത്തു നിന്ന് അമ്പലപ്പുഴ വരെയുള്ള മൂന്ന് പദ്ധതികളിലൊന്നായ എറണാകുളം-കുമ്പളം റീച്ചിൽ സ്ഥലമെടുപ്പ് ഡിസംബർ മധ്യത്തോടെ പൂർത്തിയാകുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. റെയിൽവേയുടെ ‘വിഷൻ 2024’ ൽ ഉൾപ്പെടുത്തിയാണ് പാതയിരട്ടിപ്പിക്കൽ നടത്തുന്നത്.
എറണാകുളം-ആലപ്പുഴ ജില്ലകളിലായി എറണാകുളം-കുമ്പളം, കുമ്പളം-തുറവൂർ, തുറവൂർ‑അമ്പലപ്പുഴ എന്നീ ഭാഗങ്ങളിലെ 71.86 കി. മീറ്റർ ദൈർഘ്യം വരുന്നയിടത്താണ് പാതയിരട്ടിപ്പിക്കൽ നടക്കുന്നത്. 2010-11 ലാണ് എറണാകുളം-കുമ്പളം റീച്ച് പ്രഖ്യാപിച്ചത്.
കുമ്പളം-തുറവൂർ 2011–12ലും തുറവൂർ‑അമ്പലപ്പുഴ 2015–16ലും പ്രഖ്യാപിച്ചു. പുതിയ പാത പ്രഖ്യാപിക്കുമ്പോൾ പതിവുള്ള, പകുതി നിർമ്മാണച്ചെലവ് സംസ്ഥാനം വഹിക്കണമെന്ന പിടിവാശി ഇക്കാര്യത്തിലും ആവർത്തിച്ചതോടെ വിഷയത്തിൽ കല്ലുകടിയായി. 2019ൽ മൂന്ന് പദ്ധതികളും റെയിൽവേ മരവിപ്പിക്കുകയും ചെയ്തു. 

ഇതിനിടയിൽ, പാതയിരട്ടിപ്പിക്കലിനായി സ്ഥലമെടുക്കുന്നതിന്റെ ഭാഗമായി പദ്ധതി പ്രദേശങ്ങളിലെ പല ഭാഗത്തും കല്ലിടൽ നടന്നിരുന്നു. ഇതിന് ശേഷമായിരുന്നു, നിർമ്മാണച്ചെലവിന്റെ പകുതി ആവശ്യപ്പെട്ടുള്ള റെയിൽവേയുടെ സമ്മർദം. സമ്മർദത്തിന് വഴങ്ങാതെ സംസ്ഥാന സർക്കാർ നടത്തിയ ഇടപെടലുകൾ ഒടുവിൽ ഫലം കണ്ടു. ആലപ്പുഴ എംപി, എ എം ആരിഫിന്റെ ഇടപെടലുകളും ഏറെ ഗുണം ചെയ്തു. 1989ൽ തീവണ്ടികൾ ഓടിത്തുടങ്ങിയതു മുതൽ പാത സിംഗിൾ ലൈനാണ്. വളവുകളും തിരിവുകളും വളരെയധികമുള്ള എറണാകുളം-ഷൊർണൂർ പാതയിലെ മൂന്നാം ട്രാക്ക് നിർമ്മാണത്തിന്റെ കാര്യത്തിലും സംസ്ഥാന സർക്കാരിൽ നിന്ന് ചെലവിന്റെ പകുതി വസൂലാക്കാനുള്ള അടവുകൾ പലത് പയറ്റി നോക്കിയെങ്കിലും അതിന്റെയും മുഴുവൻ ചെലവും സ്വയം വഹിക്കാൻ റെയിൽവേക്ക് തീരുമാനിക്കേണ്ടതായി വന്നു. 

Eng­lish Summary:Finally the rail­ways col­lapsed; Coastal lane to dual track
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.