22 January 2026, Thursday

ധനബിൽ പാസായി; നികുതി വർധനകൾക്ക് അംഗീകാരം

പ്രത്യേക ലേഖകന്‍ 
തിരുവനന്തപുരം
March 25, 2025 10:57 pm

ബജറ്റിലെ നികുതി നിർദേശങ്ങളടക്കം ഉൾപ്പെടുത്തുന്ന ധനബിൽ നിയമസഭ പാസാക്കി. 2025–26 വർഷത്തേക്കുള്ള ഭൂനികുതി, കോടതി ജാമ്യാപേക്ഷയ്ക്കുള്ള ഫീസ്, ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വർധനകള്‍ നിയമസഭ അംഗീകരിച്ചു. ഇതോടെ ഭൂനികുതി സ്ലാബുകളിൽ 50 ശതമാനത്തിന്റെ വർധനയാണ് നിലവിൽ വരിക. നിലവിൽ പഞ്ചായത്ത് പ്രദേശത്ത് ഒരു ആറിന് (2.47 സെന്റ്) പ്രതിവർഷം അഞ്ച് രൂപയുള്ളത് ഏഴര രൂപയാകും. ഭൂവിസ്തൃതിയുടെ അടിസ്ഥാനത്തിൽ നികുതി ഉയരും വിധത്തിലാണ് സ്ലാബുകൾ. അതായത് പഞ്ചായത്ത് പ്രദേശത്ത് 50 സെന്റ് ഭൂമിയുള്ളയാൾക്ക് നിലവിൽ 168 രൂപയുള്ള ഭൂനികുതി ഇനി 252 രൂപയാകും. ഇരുപത് സെന്റിന് നിലവിൽ 40 രൂപയുള്ളത് 60 രൂപയുമാകും. ഭൂനികുതി വർധിപ്പിച്ച് 100 കോടി രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്.

സഹകരണ ബാങ്കുകളിൽ വായ്പയെടുക്കുമ്പോൾ രജിസ്റ്റർചെയ്യുന്ന പണയം (ഗഹാൻ) രജിസ്ട്രേഷനും ബാധ്യത ഒഴിയുമ്പോഴുള്ള ഒഴിമുറി (ഗഹാൻ റിലീസ്)ക്കും ഫീസ് വർധിക്കും. രണ്ട് ലക്ഷം രൂപ വരെയുള്ള ഗഹാൻ രജിസ്ട്രേഷന് 100 രൂപയാണ് നിരക്ക്. പിന്നീട് 10 ലക്ഷം രൂപ വരെ 200 രൂപയും 20 ലക്ഷം വരെ 300 രൂപയും 30 ലക്ഷം രൂപവരെ 400 രൂപയും 30 ലക്ഷം രൂപയ്ക്ക് മുകളിലുള്ളതിന് 500 രൂപയും നൽകണം. ബാധ്യത തീർക്കുമ്പോഴും ഒഴിമുറി (ഗഹാൻ റിലീസ്) ഇതേനിരക്കിലുള്ള ഫീസ് നൽകണം.

ഇതിനുപുറമേ 15 വർഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങൾക്ക് നികുതിയിൽ 50 ശതമാനം വർധനവ് വരും. 15 വർഷത്തിന് ശേഷം 10,000 രൂപ നികുതിയടയ്ക്കേണ്ട വാഹനത്തിന് 15,000 രൂപയായി ഉയരും. വർധന മോട്ടോർ സൈക്കിൾ, സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന മുച്ചക്രവാഹനങ്ങൾ, മോട്ടോർ കാറുകൾ എന്നിവയ്ക്കെല്ലാം ബാധകമാണ്. സ്വകാര്യ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി, വിലയില്‍ നേരിയ വര്‍ധനവുണ്ടാക്കും.

കുടിശിക നിവാരണത്തിന് സമാശ്വാസ പദ്ധതികൾ

ബിൽ പാസായതോടെ ജിഎസ‌്ടി വരുന്നതിന് മുമ്പുള്ള നികുതി കുടിശിക തീർപ്പാക്കുന്നതിന് ആംനസ്റ്റി പദ്ധതികളും നിലവിൽ വരും. കഴിഞ്ഞ വർഷത്തെ ആനംസ്റ്റി പദ്ധതിയിൽ ദേഭഗതികളോടെയാണ് ഇക്കുറി സാമാശ്വാസ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
ഒരു കോടിയും അതിലധികവും കുടിശികയുള്ളവർ ഉൾപ്പെടുന്ന ഏറ്റവും ഉയർന്ന സ്ലാബിനാണ് ഇളവുള്ളത്. ഇതിൽ കോടതി വ്യവഹാരമുള്ള കേസുകളിൽ അടയ്ക്കേണ്ട തുക 70 ശതമാനത്തിൽ നിന്ന് 50 ശതമാനമാക്കിയും വ്യവഹാരമില്ലാത്തവയ്ക്ക് 80 ശതമാനം എന്നത് 60 ശതമാനമാക്കിയുമാണ് ഭേദഗതി. 2021 ജൂലൈ വരെയുള്ള പ്രളയ സെസ് അടയ്ക്കാൻ ബാക്കിയുള്ളവർക്ക് പിഴയും പലിശയും ഇല്ലാതെ അടയ്ക്കാനുള്ള ആനംസ്റ്റിയുമുണ്ട്.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.