19 February 2026, Thursday

ധനക്കമ്മിഷനും നികുതി വിഹിത നിർണയവും

പ്രൊഫ. കെ അരവിന്ദാക്ഷൻ
February 20, 2026 3:00 am

ഗോള പ്രശസ്തി നേടിയ ധനശാസ്ത്രജ്ഞൻ ഡോ. അരവിന്ദ് പനഗാരിയ അധ്യക്ഷനായ 16-ാം ധനക്കമ്മിഷന്റെ പ്രവർത്തനം ഒട്ടേറെ സങ്കീർണതയാർന്ന സാമ്പത്തിക — സാമൂഹ്യ — രാഷ്ട്രീയ പ്രശ്നങ്ങൾക്ക് മധ്യേയാണ് നടത്തേണ്ടി വന്നിട്ടുള്ളത്. മോഡി സർക്കാർ കേന്ദ്രഭരണത്തിലിരുന്ന ഒരു ദശകക്കാലത്തിനിടയ്ക്കാണ് ഇത്തരം പ്രശ്നങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ഇതിനുള്ള കാരണവും വ്യക്തമാണ്. കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളോ മുന്നണികളോ അധികാരത്തിലിരിക്കുന്നു എന്നതാണിത്. ഇന്ത്യൻ ഭരണഘടനയുടെ ഫെഡറൽ സ്വഭാവത്തിനുമേൽ ഇത്തരം സാഹചര്യങ്ങൾ സമ്മർദം ചെലുത്താതിരിക്കുകയുമില്ല.

സഹകരണ ഫെഡറലിസം എന്ന ലക്ഷ്യത്തിൽ നിന്നും പലപ്പോഴും കേന്ദ്ര — സംസ്ഥാന ഭരണകൂടങ്ങൾ വ്യതിചലിച്ചിട്ടുള്ള അനുഭവങ്ങളും വിരളമല്ല. ഇത്തരമൊരു പശ്ചാത്തലത്തിൽ, ധനക്കമ്മിഷൻ അധ്യക്ഷന് ധനകാര്യ വിഹിതം കേന്ദ്ര ‑സംസ്ഥാന സർക്കാരുകൾക്കിടയിൽ വീതംവയ്ക്കുന്നതിനുള്ള തീരുമാനം നിസാരമായ തലവേദനയായിരുന്നില്ല. വിഭാഗീയ പ്രവണതകൾ പരമാവധി ഒഴിവാക്കുന്നൊരു മാനദണ്ഡമാണ് അതിന് അനിവാര്യമായതും. മുൻ നിതി ആയോഗ് ഉപാധ്യക്ഷൻ കൂടിയായ പനഗാരിയയെ സംബന്ധിച്ചിടത്തോളം, കേരളം ഒഴികെയുള്ള സംസ്ഥാനങ്ങൾക്ക് സ്വീകാര്യമായ ശുപാർശകൾ റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്ന് ആശ്വസിക്കാനും വകയുണ്ട്.

പങ്കിടലിനിലുള്ള വിഹിതം വീതം വയ്ക്കുമ്പോൾ മൊത്തം ആഭ്യന്തര ഉല്പാദന (ജിഎസ്ഡിപി)വും ഒരു ഘടകമായി കണക്കിലെടുത്തതിനാൽ കർണാടകയും, ഗുജറാത്തും അടക്കമുള്ള ഏതാനും സംസ്ഥാനങ്ങൾക്ക് കൂടുതൽ ഗുണകരമായിട്ടുണ്ടെന്ന് കാണാൻ കഴിയുന്നു. കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ സംബന്ധിച്ചാണെങ്കിൽ, മൊത്തം നികുതിവിഹിതത്തിന്റെ 50% ആയി നിലവിലുള്ള 41% ഉയർത്തണമെന്നായിരുന്നു ഡിമാൻഡ്. ഇത് നടന്നില്ല. ഏറ്റവുമൊടുവിൽ സംസ്ഥാന വിഹിതം 45% ആക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായിരിക്കുകയാണിപ്പോൾ.
അതേസമയം നമുക്ക് നേരിയതോതിലുള്ളൊരു ആശ്വാസത്തിന് വകയുണ്ടെന്നതും ഒരു വസ്തുതയാണ്. വീതിക്കപ്പെടുന്ന നികുതി വരുമാന വിഹിതത്തിന്റെ മുൻകാല 1.92 ശതമാനത്തിൽ നിന്നും 2.38% ആയി ഉയർത്തിയിട്ടുണ്ടെന്നതാണിത്. അതായത് മുമ്പുള്ള 36,355.39 കോടിയിൽ നിന്നും 9,541 കോടിയുടെ വർധന. അതേ അവസരത്തിൽ ഉത്തർപ്രദേശിന് 17.61%, ബിഹാറിന് 9.94%, മധ്യപ്രദേശിന് 7.34% വീതമാണ് അനുവദിച്ചിരിക്കുന്നത്. കേന്ദ്ര പദ്ധതികളുടെ ലേബലിൽ തയ്യാറാക്കപ്പെട്ടിരിക്കുന്ന വികസന പദ്ധതികൾ ഏതെല്ലാമാണെന്ന് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങൾക്കായിരിക്കണമെന്ന കേരളത്തിന്റെ ആവശ്യം ധനക്കമ്മിഷൻ അനുവദിച്ചിട്ടുണ്ട്. എന്നാൽ, കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പ് പരിശോധിക്കാനും കാര്യക്ഷമതയില്ലെന്ന് വ്യക്തമാക്കപ്പെടുന്നവ നിർത്തലാക്കാനും നിർദിഷ്ട ഉന്നതാധികാര സമിതിക്ക് അധികാരം നൽകാനുള്ള നിർദേശവും കമ്മിഷൻ ശുപാർശകളുടെ ഭാഗമാണ്. കേന്ദ്രം നൽകുന്ന നികുതി വിഹിതത്തിൽ 50% കേന്ദ്രാവിഷ്കൃത പദ്ധതികൾക്കായിരിക്കുമെന്ന വ്യവസ്ഥ നിലവിലിരിക്കെ, ഈ പരിശോധനാധികാരം കേന്ദ്രത്തിൽ നിക്ഷിപ്തമാക്കപ്പെട്ടിരിക്കുന്നതിനാൽ സംസ്ഥാന സർക്കാരുകൾക്ക് ഇത് വലിയൊരു കുരുക്കുതന്നെയാണ്.

ഗ്രാന്റുകളെല്ലാം നിർത്തലാക്കാനുള്ള കേന്ദ്ര തീരുമാനം, കേരളം അടക്കം റവന്യു കമ്മി നേരിടുന്ന സംസ്ഥാനങ്ങൾക്ക് തിരിച്ചടിയാണ്. നികുതി പിരിവ് ഊർജിതമാക്കുന്നതോടൊപ്പം, റവന്യു ചെലവ് കുറയ്ക്കാനും കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് ബാധ്യത ഏറുക സ്വാഭാവികമാണ്. ഈവിധത്തിലുള്ള ചില വിവാദങ്ങൾ ബിജെപി ഭരിക്കുന്ന സംസ്ഥാന സർക്കാരുകൾ കൂടി ഉന്നയിക്കുന്നുണ്ട്. സംസ്ഥാനങ്ങൾക്കുണ്ടായിരുന്ന “ഇലാസ്റ്റിക്” നികുതി വരുമാന സ്രോതസായ ചരക്കു-സേവന നികുതി പിരിവും വിനിയോഗവും കേന്ദ്രത്തിൽ നിക്ഷിപ്തമാക്കിയ സർക്കാർ തന്നെയാണ് ഇതിനുപകരമായി നേരിയതോതിലുള്ള പകരം ഗ്രാന്റ് പോലും സംസ്ഥാനങ്ങൾക്ക് നൽകില്ലെന്ന് ശഠിക്കുന്നതെന്നോർക്കുക.

ജിഎസ്‌ടി നികുതി വരുമാനം മുഴുവനും കേന്ദ്ര ഖജനാവിലേക്കായിരിക്കുമെന്ന് നിരന്തരം ബോധ്യമുള്ള പനഗാരിയ കമ്മിഷൻ ഏതാനും വർഷങ്ങൾക്കു കൂടി “കോമ്പൻസേറ്ററി ധനകാര്യ സഹായം” നൽകണമെന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ ന്യായമായ ആവശ്യം പരിഗണിക്കുക പോലും ചെയ്തിട്ടില്ല. അതേയവസരത്തിൽ, കേന്ദ്ര റവന്യു വരുമാനം ഉയർത്തുന്നതിന് സംസ്ഥാനങ്ങളുമായി പങ്കിടാൻ ബാധ്യസ്ഥമല്ലാത്ത സർ ചാർജുകൾ, സെസുകൾ തുടങ്ങിയവ കുത്തനെ ഉയർത്തുകയാണ് ചെയ്തിരിക്കുന്നത്. ഈ നീക്കത്തിനെതിരെ സംസ്ഥാന സർക്കാരുകൾ ധനകാര്യ കമ്മിഷനെ സമീപിച്ച് നിവേദനം സമർപ്പിച്ചിരുന്നു. ഈ ഡിമാൻഡ് ബിജെപി സംസ്ഥാന സർക്കാരുകളും നിവേദനം വഴി ധനകമ്മിഷനെ അറിയിച്ചിരുന്നതാണ്. കേന്ദ്രസർക്കാരിന്റെ ഈ സൂത്രവിദ്യ മറികടക്കാൻ 50% സംസ്ഥാനങ്ങളുടെയെങ്കിലും അംഗീകാരം വേണം. സെസ്-സർചാർജ് ഇനങ്ങളിൽ കേന്ദ്രം കഴിഞ്ഞ കാലയളവിൽ സമാഹരിച്ച വിഭവ വിഹിതം എത്രയുണ്ടെന്ന് നോക്കുക. 2013–19 കാലയളവിൽ നികുതി-തീരുവാ ഇനത്തിൽ വീതം വച്ചത് 93.95% ആയിരുന്നെങ്കിൽ സെസ്-സർചാർജ് ഇനങ്ങളിലേത് ശേഷിക്കുന്ന 5.7% ആണ്. 2021–22 ആയതോടെ നികുതിവിഹിതം 86.5% ആയി കുറഞ്ഞപ്പോൾ, സെസ്-സർചാർജ് ഇനങ്ങളിലുള്ളത് 13.5% ആയി കുതിച്ചുയരുകയായിരുന്നു. ഇരട്ടിയിലേറെ വർധനവ്. ഈ കണക്കുകൾ തന്നെയാണ് പാർലമെന്റിൽ കേന്ദ്ര ധനമന്ത്രാലയം സമർപ്പിച്ചതും.

ധനക്കമ്മിഷന് മുന്നിൽ കേരളം സമർപ്പിച്ചിരുന്ന നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നത്, കേന്ദ്ര നികുതിവിഹിതം 2.72% ആക്കണമെന്നായിരുന്നു. 10-ാം ധനക്കമ്മിഷൻ അനുവദിച്ചിരുന്നത് 3.88% ആയിരുന്നു. ഇതാണ് 15-ാം കമ്മിഷൻ 1.92% ആയി കുറച്ചത്. 16-ാം കമ്മിഷൻ ഈ വിഹിതം 2.38% ആക്കി നിജപ്പെടുത്തിയിരിക്കുകയാണ്. നിസാരമായ മാറ്റമാണിതെങ്കിലും അതിൽ ആശ്വസിക്കുകയല്ലാതെ വേറെ വഴിയില്ല. മാക്രോ ലെവലിൽ കേരളത്തിന്റെ കടബാധ്യത ഉയർന്നുവരുന്നു എന്നത് ഗൗരവമായി കാണേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാരുകൾ ബജറ്റിനു വെളിയിലുള്ള കടം വാങ്ങൽ പരിമിതപ്പെടുത്തണമെന്ന് പനഗാരിയ കമ്മിഷനും ആവർത്തിച്ച് അഭിപ്രായപ്പെട്ടിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ബജറ്ററി കമ്മി മൊത്തം ആഭ്യന്തര ഉല്പന്ന (ജിഎസ്ഡിപി) ത്തിന്റെ മൂന്ന് ശതമാനത്തിൽ പരിമിതപ്പെടുത്തണമെന്നാണ് കമ്മിഷന്റെ കർശന നിർദേശം.

നിരവധി സംസ്ഥാന സർക്കാരുകൾ റവന്യു വരുമാനവും, റവന്യു-ഇതര വരുമാനവും മതിയാകാതെ വരുമ്പോൾ ബജറ്ററി ബാഹ്യ വായ്പാ സ്രോതസുകളെ അമിതമായി ആശ്രയിക്കുന്നതായാണ് അനുഭവം. ഇത്തരം പ്രവണതകൾക്ക് കർശനമായ വിരാമമിടാനും ധനകാര്യ അച്ചടക്കം യാഥാർത്ഥ്യമാക്കാനും നിതി ആയോഗ് ഉപാധ്യക്ഷനായിരുന്നപ്പോൾ മുൻകയ്യെടുത്തിരുന്ന ഡോ. പനഗാരിയ, ധനക്കമ്മിഷൻ അധ്യക്ഷന്റെ പദവി ഏറ്റെടുത്തതിനുശേഷം പഴയ നിലപാടിൽത്തന്നെ ഉറച്ചു നിൽക്കുകയാണുണ്ടായത്.
അന്തിമവിശകലനത്തിൽ ധനക്കമ്മിഷൻ കേന്ദ്രത്തിന് അനുകൂലമായ വിഹിതം പങ്കിടുന്നതിൽ നിലപാട് സ്വീകരിക്കുന്നതിന് നിരത്തുന്ന വാദമുഖങ്ങൾ തീർത്തും അംഗീകരിക്കുക പ്രയാസമാണ്. ഒന്ന്, അപ്രതീക്ഷിതമായ ചെലവുകൾ — യുദ്ധം, ക്ഷാമം, പകർച്ചവ്യാധികൾ, പ്രകൃതിദുരന്തങ്ങൾ തുടങ്ങിയവയ്ക്ക് ഏറ്റെടുക്കുന്നതിന് സെസുകളും, സർചാർജുകളും കണക്കിലെടുത്താൽ പരിധികൾക്ക് വിധേയമാക്കുക ഉചിതമായിരിക്കില്ല. ഈ വാദഗതി ഉന്നയിച്ചിരിക്കുന്നത് ശരിവയ്ക്കുമ്പോൾത്തന്നെ, ദീർഘകാലാടിസ്ഥാനത്തിൽ ഈ സ്രോതസ് അനുവദിക്കുക ശരിയല്ല എന്നും ധനക്കമ്മിഷൻ പറയുന്നുണ്ട്. മാത്രമല്ല, ഈ ആനുകൂല്യത്തിന്റെ മറവിൽ പരമ്പരാഗതമായ മറ്റ് മാർഗങ്ങൾ അവഗണിക്കപ്പെടുകയും ചെയ്യാം.

രണ്ട്, കേന്ദ്രത്തിന് മാത്രമായി ഈ ആനുകൂല്യം സ്ഥിരമായി തുടരാൻ അനുവദിക്കുന്നത്, സഹകരണ ഫെഡറലിസമെന്ന ആശയത്തിന്റെ നഗ്നമായ ലംഘനമായിരിക്കില്ലേ എന്ന പ്രശ്നവും പ്രാധാന്യമർഹിക്കുന്നു. മൂന്ന്, ദേശീയ ആന്തരഘടനാ വികസന പദ്ധതികൾക്കാവശ്യമുള്ള മൂലധന ചെലവ് ഏതാനും ചില പദ്ധതികളുടെ കാര്യത്തിലെങ്കിലും സംസ്ഥാന സർക്കാരുകളുടെ ധനകാര്യ പങ്കാളിത്തമെങ്കിലും ആവശ്യമായി വരുന്നതാണ്.
ധനകാര്യ ലാൻഡ്സ്കേപ്പ് സംബന്ധമായി ധനക്കമ്മിഷൻ നടത്തുന്ന വ്യാഖ്യാനവും നിരവധി സംശയങ്ങൾ അവശേഷിക്കുന്നുണ്ട്. ഒന്ന്, ഭരണഘടനാ ശില്പികളെ സംബന്ധിച്ചിടത്തോളം നിലവിൽ ഉന്നയിക്കപ്പെടുന്ന സെസുകളും സർചാർജുകളുമായി ബന്ധപ്പെട്ട സംശയങ്ങളും പ്രശ്നങ്ങളും മുൻകൂട്ടി കാണാൻ കഴിഞ്ഞിരുന്നോ എന്നതാണ്. രണ്ട്, വസ്തുത ഇതല്ലെങ്കിൽ നിലവിലുള്ള അവസരം മുതലാക്കി ഏതറ്റം വരെയും നികുതി, സർചാർജ്, സെസ് എന്നിങ്ങനെയുള്ള വിവിധ മാർഗങ്ങളിലൂടെ കേന്ദ്രസർക്കാരിന് എത്ര വേണമെങ്കിലും “വരുമാനക്കൊള്ള” നടത്താൻ കഴിയുമോ എന്ന പ്രശ്നവും പ്രസക്തിയാർജിക്കുന്നു. മൂന്ന്, മധ്യവർത്തി എന്ന നിലയിൽ ധനകാര്യ കമ്മിഷൻ ധനകാര്യ ഭൂപടത്തിൽ നിന്നും അപ്രത്യക്ഷമാവുകയാണോ ക്രമേണ ചെയ്യുന്നത്? അങ്ങനെയെങ്കിൽ, ജനസംഖ്യാ നിയന്ത്രണം, സാക്ഷരത, വലിയ തോതിൽ പരിസ്ഥിതി സംരക്ഷണം, ക്ഷേമ പദ്ധതികൾ വ്യാപകമാക്കൽ തുടങ്ങിയ മേഖലകളിൽ കേരളം കെെവരിച്ച നേട്ടങ്ങൾ സംസ്ഥാന ജനതയ്ക്കുതന്നെ തിരിച്ചടിയാവുകയാണോ എന്ന പ്രശ്നവും ഉദിക്കുന്നുണ്ട്. സംസ്ഥാനങ്ങളെല്ലാം ധനകാര്യ വിഭവ സ്വയംപര്യാപ്തത നേടിയെന്നാണ് കേന്ദ്ര ഭരണകൂടം വിവക്ഷിക്കുന്നതെങ്കിൽ എന്തേ എല്ലാ സംസ്ഥാനങ്ങളും ധനക്കമ്മിഷൻ ഇടപെടലിനുവേണ്ടി യാചിക്കേണ്ടി വരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.