തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ ആശ്രിതർക്കുമുള്ള സമഗ്ര ആരോഗ്യ പരിരക്ഷാ പദ്ധതിയായ മെഡിസെപ്പ് നിലവിൽ വന്ന് 10 മാസത്തിനുള്ളിൽ പ്രതീക്ഷിച്ചതിലും കൂടുതൽ പേർ പദ്ധതി പ്രയോജനപ്പെടുത്തിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ.
10 മാസത്തിനുള്ളിൽ രണ്ട് ലക്ഷം പേർ മെഡിസെപ്പ് പ്രയോജനപ്പെടുത്തും എന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ 2,20,000ത്തിൽപ്പരം പേരാണ് ആകെ 591 കോടി രൂപയുടെ ചികിത്സാപരിരക്ഷാ ആനുകൂല്യം ഇതേവരെ പ്രയോജനപ്പെടുത്തിയതെന്നും ഇതൊരു ചരിത്ര സംഭവമാണെന്നും അദ്ദേഹം പറഞ്ഞു. മെഡിസെപ്പ് പദ്ധതിയുടെ മൊബൈൽ ആപ്ലിക്കേഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ലോകത്ത് ഒരിടത്തും മെഡിസെപ്പിന് തുല്യമായ ആരോഗ്യപരിരക്ഷാ പദ്ധതി ഇല്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 21 വയസ് മുതൽ 104 വയസ് വരെയുള്ളവർ പങ്കാളികളായ, പ്രതിമാസം വെറും 500 രൂപ മാത്രം ഈടാക്കുന്ന, 1000ത്തിൽപ്പരം രോഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതി ലോകത്ത് ആദ്യമായാണ്. ലോകമൊട്ടുക്കും ആശുപത്രി, ചികിത്സാ ചെലവുകൾ വളരെ ഉയർന്നതാണ്. പല്ലിന് റൂട്ട് കനാൽ ചെയ്യണമെങ്കിൽ പോലും പ്രവാസി മലയാളികൾ നാട്ടിലെ ആശുപത്രികളെയാണ് ആശ്രയിക്കാറ്. ആ സ്ഥിതിയിലാണ് ഇത്രയും ചുരുങ്ങിയ പണം ഈടാക്കി 31 ലക്ഷത്തോളം പേർക്ക് പ്രയോജനം ചെയ്യുന്ന മെഡിസെപ്പ് ആവിഷ്കരിച്ചതെന്ന് മന്ത്രി പറഞ്ഞു.
കേരളത്തെ ഹെൽത്ത് ഹബ്ബ് ആക്കി മാറ്റുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. അതിന്റെ ഭാഗമായി കൂടുതൽ കാര്യങ്ങൾ ചെയ്യും. ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കും. പ്രായമായവരുടെ അംഗസംഖ്യ വർധിക്കുകയും തൊഴിലെടുക്കുന്ന ചെറുപ്പക്കാരുടെ എണ്ണം കുറയുകയും ചെയ്യുന്ന കേരളത്തിൽ അത് മുൻകൂട്ടി കണ്ടുകൊണ്ടുള്ള ആരോഗ്യ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഗതാഗതമന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. മെഡിസെപ്പ് പദ്ധതിയുമായി നാളിതുവരെ സഹകരിച്ച്, മികച്ച പ്രവർത്തനം കാഴ്ചവച്ച സർക്കാർ, സ്വകാര്യ, സഹകരണ, സ്വയംഭരണ മേഖലയിലെ ആശുപത്രികൾ, ഇൻഷുറൻസ് കമ്പനി, സർക്കാർ ജീവനക്കാർ എന്നിവർ ധനമന്ത്രിയിൽ നിന്ന് അഭിനന്ദന പത്രങ്ങൾ സ്വീകരിച്ചു.
മേയർ ആര്യാ രാജേന്ദ്രൻ, ധനകാര്യ റിസോഴ്സസ് ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി മുഹമ്മദ് വൈ സഫീറുള്ള കെ, ധനകാര്യ ഹെൽത്ത് ഇൻഷുറൻസ് അഡീഷണൽ സെക്രട്ടറി ഷിബു എ എന്നിവർ പങ്കെടുത്തു. മെഡിസെപ്പിനുള്ള സ്വീകാര്യത വർധിച്ചു വരുന്ന സാഹചര്യത്തിലും പദ്ധതി വിപുലീകരണത്തിന്റെ ഭാഗമായും പദ്ധതിയുടെ വിശദാംശങ്ങൾ ഗുണഭോക്താക്കളുടെ വിരൽത്തുമ്പിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിച്ചത്.
english summary; Finance Minister said that more people have benefited from the launch of Medisep mobile app
you may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.