ഓണത്തോടനുബന്ധിച്ച് വിവിധ വിഭാഗങ്ങൾക്ക് ആനുകൂല്യങ്ങൾ അനുവദിച്ചു. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് ഉത്സവബത്തയായി 1,000 രൂപ വീതം ലഭിക്കും. ഇതിനായി 56.91 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം 100 പ്രവൃത്തിദിനം പൂർത്തിയാക്കിയ 5.69 ലക്ഷം തൊഴിലാളികൾക്കാണ് ഉത്സവബത്ത അനുവദിച്ചത്.
അയ്യൻകാളി നഗര തൊഴിലുറപ്പ് തൊഴിലാളികൾക്കും ഓണത്തോടനുബന്ധിച്ച് 1,000 രൂപവീതം ഉത്സവബത്ത അനുവദിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം 100 ദിവസമെങ്കിലും തൊഴിലെടുത്ത 5,929 തൊഴിലാളികൾക്കാണ് ബത്ത ലഭിക്കുക.
സർക്കാർ, സഹകരണ കയർ ഉല്പന്ന സ്ഥാപനങ്ങൾക്ക് വിപണി വികസന ഗ്രാന്റിനത്തിൽ 10 കോടി അനുവദിച്ചു. കയർ മാറ്റ്‌സ് ആന്റ് മാറ്റിങ്‌സ് സംഘങ്ങൾ, ഫോം മാറ്റിങ്‌സ് ഇന്ത്യ ലിമിറ്റഡ്, സംസ്ഥാന കയർ കോർപറേഷൻ, കയർഫെഡ് എന്നിവയ്ക്കാണ് തുക അനുവദിച്ചത്. ഇവയിലെ തൊഴിലാളികൾക്ക് ഓണക്കാല ആനുകൂല്യങ്ങൾ ഉറപ്പാക്കാൻ ഗ്രാന്റ് സഹായിക്കും. വിപണി വികസനത്തിന് കേന്ദ്ര സർക്കാർ സഹായം ആറ് വർഷമായി മുടങ്ങിയ സാഹചര്യത്തിലാണ് സംസ്ഥാനം ഓണക്കാല സഹായം ഉറപ്പാക്കുന്നത്.
പൂട്ടിക്കിടക്കുന്ന സ്വകാര്യ കയർ വ്യവസായ സഹകരണ സംഘങ്ങളിലെ തൊഴിലാളികൾക്ക് 2,000 രൂപവീതം എക്സ്‌ഗ്രേഷ്യ അനുവദിച്ചു. 10,732 തൊഴിലാളികൾക്ക് സഹായം ലഭിക്കും. 100 ക്വിന്റലിന് താഴെ കയർ പിരിച്ചിരുന്ന പുട്ടിപ്പോയ സംഘങ്ങളിലെ തൊഴിലാളികൾക്കാണ് സഹായത്തിന് അർഹത. ഇതിനായി 2.15 കോടി അനുവദിച്ചു. പരമ്പരാഗത കയർ ഉല്പന്നങ്ങൾ ശേഖരിച്ചതിന്റെ വില വിതരണം ചെയ്യാനായി സംസ്ഥാന കയർ കോർപറേഷന് സർക്കാർ 10 കോടി രൂപ അനുവദിച്ചു. ചെറുകിട കയർ സംഘങ്ങളിൽനിന്ന് ശേഖരിച്ച പരമ്പരാഗത ഉല്പന്നങ്ങളുടെ വില നൽകാൻ തുക വിനിയോഗിക്കും. ചെറുകിട സംഘങ്ങളുടെ ബോണസ് വിതരണത്തിന് ഇത് സഹായമാകും.
ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാർക്ക് പ്രതിഫലം നൽകാനായി 19.81 കോടി രൂപ അനുവദിച്ചു. 9,000ത്തോളം ഏജന്റുമാർക്കാണ് ഒരു ഗഡു പ്രതിഫലം ലഭിക്കുന്നത്.
കൈത്തറി സ്കൂൾ യൂണിഫോം പദ്ധതിക്കായി 30 കോടി അനുവദിച്ചു. സർക്കാർ, എയ്ഡഡ് പ്രൈമറി, അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്ക് സൗജന്യ യൂണിഫോം നൽകിയ കൈത്തറിത്തൊഴിലാളികൾക്ക് കൂലി വിതരണത്തിനായാണ് തുക ലഭ്യമാക്കിയത്. അങ്കണവാടി സേവന പദ്ധതികൾക്കായി 87.13 കോടിയും അനുവദിച്ചു. പൊതു, പട്ടിക വിഭാഗ സേവനങ്ങൾക്കായാണ് തുക ലഭ്യമാക്കിയത്.
സ്കൂള്‍ കുട്ടികൾക്കുള്ള അരി വിതരണം ആരംഭിച്ചു
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ എല്ലാ കുട്ടികൾക്കും ഓണത്തിന് അഞ്ച് കിലോ വീതം അരി വിതരണം ആരംഭിച്ചു. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കമലേശ്വരം ജിഎച്ച്എസ്എസിൽ പൊതു വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നിര്‍വഹിച്ചു. ഭക്ഷ്യപൊതുവിതരണ മന്ത്രി ജി ആർ അനിൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാനത്തെ 12,027 വിദ്യാലയങ്ങളിലെ പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള 26.22 ലക്ഷം വിദ്യാർത്ഥികൾക്കാണ് അരി വിതരണം ചെയ്യുന്നത്. ഇതിൽ, 2.06 ലക്ഷം കുട്ടികൾ പ്രീ-പ്രൈമറി വിഭാഗത്തിലും 13.80 ലക്ഷം കുട്ടികൾ പ്രൈമറി വിഭാഗത്തിലും 10.35 ലക്ഷം കുട്ടികൾ അപ്പർ പ്രൈമറി വിഭാഗത്തിലും ഉൾപ്പെടുന്നു. 13,112 മെട്രിക് ടൺ അരിയാണ് ഇതിനായി വേണ്ടിവരുന്നത്. ഭക്ഷ്യവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സപ്ലൈകോയാണ് അരി എത്തിച്ചുനൽകുന്നത്.
കർഷക ചന്തകളുടെ ഉദ്ഘാടനം നാളെ
തിരുവനന്തപുരം: സംസ്ഥാന കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ നാളെ മുതൽ 14 വരെ നാല് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന കർഷകചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ നടക്കും. വൈകിട്ട് 3.30ന് വികാസ് ഭവൻ അങ്കണത്തിൽ പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ കൃഷി മന്ത്രി പി പ്രസാദ് ഉദ്ഘാടനം നിർവഹിക്കും. ഭക്ഷ്യ‑പൊതുവിതരണ മന്ത്രി ജി ആർ അനിൽ ഹോർട്ടികോർപ്പിന്റെ സഞ്ചരിക്കുന്ന വില്പനശാലയുടെ ഫ്ലാഗ് ഓഫ് നിര്‍വഹിക്കും. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ 1,076, ഹോർട്ടികോർപ്പിന്റെ 764, വിഎഫ‌്പിസികെയുടെ 160 എന്നിങ്ങനെ ആകെ 2,000 കർഷക ചന്തകളാണ് സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്നത്. കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന നാടൻ ഉല്പന്നങ്ങൾക്ക് മൊത്ത വ്യാപാര വിലയേക്കാൾ 10 ശതമാനവും ജൈവ ഉല്പന്നങ്ങൾക്ക് 20 ശതമാനവും അധിക വില നൽകുന്നു. പൊതുജനങ്ങൾക്ക് ചില്ലറ വ്യാപാരവിലയെക്കാൾ 30 ശതമാനം വിലക്കുറവിൽ പഴം പച്ചക്കറികൾ ലഭ്യമാക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.