4 January 2026, Sunday

Related news

January 4, 2026
January 2, 2026
January 2, 2026
January 1, 2026
December 29, 2025
December 10, 2025
December 6, 2025
December 3, 2025
November 26, 2025
November 23, 2025

ഫിഷ് ടാങ്ക് ഗോഡൗണിലെ തീപിടിത്തം: അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന് കണ്ടെത്തല്‍

സ്വന്തം ലേഖിക
തിരുവനന്തപുരം
February 12, 2023 12:19 pm

വഴുതക്കാട് ഫിഷ് ടാങ്ക് ഗോഡൗണില്‍ കഴിഞ്ഞ ദിവസം ഉണ്ടായ തീപിടിത്തത്തിനു കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ പ്രാഥമിക കണ്ടെത്തല്‍. കെട്ടിടത്തില്‍ മതിയായ അഗ്നിരക്ഷാ സംവിധാനങ്ങളില്ലാതിരുന്നുവെന്നും വിവിധ വകുപ്പുകള്‍ നടത്തിയ പരശോധനയില്‍ കണ്ടെത്തി. ഫോറന്‍സിക് സംഘവും സംഭവസ്ഥലം സന്ദര്‍ശിച്ചു. തീപിടിത്തത്തില്‍ കത്തിനശിച്ച അക്വേറിയത്തിലും ഗോഡൗണിലുമെത്തി സംഘം തെളിവുകള്‍ ശേഖരിച്ചു. മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥരും ഫയര്‍ ഫോഴ്‌സ്, കെഎസ് ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ഇന്നലെ പരിശോധന നടത്തി. അക്വേറിയത്തിന്റെ കടയും ഗോഡൗണും രണ്ട് കെട്ടിടങ്ങളിലായാണ് പ്രവര്‍ത്തിച്ചിരുന്നത്. ഫയർഫോഴ്സ് സ്റ്റേഷൻ ഓഫിസർ തയാറാക്കുന്ന റിപ്പോർട്ട് നാളെ സമർപ്പിക്കും. 

തീ അണയ്ക്കുന്നതിന് വേണ്ടിയുള്ള ഉപകരണങ്ങൾ ഒന്നും തന്നെ കെട്ടിടത്തില്‍ ഉണ്ടായിരുന്നില്ല. തീപിടിത്തമുണ്ടായാൽ രക്ഷപ്പെടുന്നതിന് വേണ്ടിയുള്ള സംവിധാനങ്ങളും ഇവിടെ ഇല്ലായിരുന്നു. ഇതാണ് തീപിടിത്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചതെന്നാണ് ഫയര്‍ഫോഴ്സിന്റെ നിഗമനം. തീപിടിത്തതിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്നും വെൽഡിങ് ജോലിക്കിടെയുണ്ടായ തീപ്പൊരിയിൽ നിന്ന് തീപടര്‍ന്നതാകാമെന്നാണ് സ്ഥലത്ത് പരിശോധന നടത്തിയ കെഎസ്ഇബി എന്‍ജിനീയര്‍മാര്‍ അടങ്ങുന്ന ഇലക്ട്രിക് ഇൻസ്പെക്ടറേറ്റിന്റെയും നിഗമനം. വെല്‍ഡിങ്ങിന് കെട്ടിട ഉടമ കെഎസ്ഇബിയിൽ നിന്ന് അനുമതി വാങ്ങിയില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി. 

അതേസമയം, കെട്ടിടത്തിന് നഗരസഭയുടേയും ഫിഷറീസ് വകുപ്പിന്റേയും ലൈസൻസ് ഉണ്ട്. കെട്ടിട നമ്പര്‍ വാണിജ്യ ആവശ്യങ്ങൾക്കുള്ളതാണോയെന്ന കാര്യം പരിശോധിക്കുമെന്ന് നഗരസഭയും അറിയിച്ചു. പ്രാഥമിക അന്വേഷണത്തില്‍ കെട്ടിടത്തിന് ലൈസെന്‍സ് ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. കെട്ടിടം വാണിജ്യാവശ്യങ്ങള്‍ക്കുള്ളതാണോ എന്ന് തിങ്കളാഴ്ച വിശദമായി പരിശോധിക്കും. നിയമാനുസൃതമായാണോ കെട്ടിടം മുന്നോട്ട് പോയതെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മേയര്‍ ആര്യാ രാജേന്ദ്രനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. രേഖകള്‍ കൃത്യമായി പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് നഗരസഭ സൂപ്രണ്ടിങ് എന്‍ന്‍ജിനിയര്‍ അജിത് പറഞ്ഞു. സമീപവാസിയായ ഭക്തവത്സലന് ഉണ്ടായത് വലിയ നഷ്ടമാണെന്ന് സിപിഐ സംസ്ഥാന കൗണ്‍സിലംഗവും കൗണ്‍സിലറുമായ അഡ്വ. രാഖി രവികുമാര്‍ പറഞ്ഞു. വിവിധ വകുപ്പുകള്‍ ഇന്നലെ നടത്തിയ പരിശോധനയിലുടനീളം രാഖി രവികുമാറും പങ്കെടുത്തിരുന്നു. കെട്ടിട ഉടമക്ക് അരക്കോടി രൂപയുടേയും അയൽവാസിക്ക് ഒരു കോടി രൂപയുടേയും നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. വിവിധ വകുപ്പുകള്‍ നടത്തിയ പരിശോധന റിപ്പോര്‍ട്ടുകള്‍ സംയോജിപ്പിച്ച് ജില്ലാ കളക്ടര്‍ അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും.

അയല്‍വാസിക്ക് ഭീമമായ നഷ്ടം, സ്വര്‍ണവും പണവും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ടു

തിരുവനന്തപുരം: തീപിടത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് സമീപവാസിയായ ഭക്തവത്സലനും കുടുംബത്തിനുമാണ്. സംഭവത്തില്‍ ഇവരുടെ പഴയ ഓടിട്ട വീടിന്റെ മൂന്ന് മുറികള്‍ പൂര്‍ണമായും കത്തിനശിച്ചു . വീട്ടില്‍ സൂക്ഷിച്ചിരുന്ന 50 പവന്‍ സ്വര്‍ണം തീപിടിത്തത്തില്‍ നശിച്ചു. 30 പവന്‍ പൂര്‍ണമായും നഷ്ടപ്പെട്ടു. 20 പവന്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ രക്ഷാ പ്രവര്‍ത്തനത്തിനിടെ കണ്ടെത്തിയെങ്കിലും ഉപയോഗ ശൂന്യമാണെന്ന് ഭക്തവത്സലന്റെ മരുമകള്‍ പ്രതിഭ പറഞ്ഞു. നഷ്ടം ചൂണ്ടിക്കാട്ടി കുടുംബം പൊലീസിന് ഇന്ന് പരാതി നല്‍കും. വീടിന് 50 ലക്ഷവും നഷ്ടപ്പെട്ട സ്വര്‍ണത്തിന് 30 ലക്ഷവും വീട്ടുപകരണങ്ങളുടെ കേടുപാടുകള്‍ക്കുള്ള നഷ്ടവും ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് പരാതി സമര്‍പ്പിക്കുക. പ്രതിഭയുടെ കുഞ്ഞിന്റെ മാമോദീസ ചടങ്ങ് ഇന്ന് നടത്താനിരിക്കെയാണ് അപ്രതീക്ഷിതമായി അപകടം ഉണ്ടാകുന്നത്. അപകടത്തില്‍ നിന്നും രക്ഷപ്പെട്ടെങ്കിലും അതുണ്ടാക്കിയ ഞെട്ടലിലാണ് കുടുംബാംഗങ്ങള്‍. പൊലീസും ഫയര്‍ഫോഴ്സും കെഎസ്ഇബി ഉദ്യോഗസ്ഥരും ഇന്നലെ ഭക്തവത്സലന്റെ വീട്ടിലും പരിശോധന നടത്തി. തൊട്ടടുത്ത വീട്ടില്‍ കഴിയുന്ന ഇവര്‍ കുഞ്ഞിന്റെ മാമോദീസ ചടങ്ങ് ഇന്നു തന്നെ നടത്തും. 

ഞെട്ടല്‍ വിട്ടുമാറാതെ നാട്ടുകാര്‍, അവശേഷിപ്പുകളായി മത്സ്യക്കുഞ്ഞുങ്ങള്‍ 

തിരുവനന്തപുരം: നഗരത്തെ നടുക്കിയ തീപിടിത്തത്തിന്റെ ഞെട്ടലില്‍ നിന്ന് ഇനിയും മുക്തരായിട്ടില്ല സമീപവാസികള്‍. അടുത്തുള്ള മൂന്നു വീടുകള്‍ക്കാണ് തീപിടിത്തത്തില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായത്. തീഗോളം വിഴുങ്ങിയ കെട്ടിടം പൂര്‍ണമായും നശിച്ചു. കരിയുടെയും പുകയുടെയും മണം പ്രദേശത്ത് തങ്ങിനില്‍ക്കുന്നു. പൊട്ടിയ ഫിഷ് ടാങ്കുകളും കത്തിയ മത്സ്യ തീറ്റകളുടെ പാക്കറ്റും അലങ്കാര ചെടികളുമെല്ലാം പലഭാഗത്തായി കിടക്കുന്നു. അവശേഷിച്ച മത്സ്യക്കുഞ്ഞുങ്ങളെ ഇവിടെ നിന്നും മാറ്റി. അപകടം ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും തീപിടിത്തത്തില്‍ 50 ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായെന്നും കത്തിനശിച്ച എംഎസ് അക്വേറിയത്തിന്റെ ഉടമകളില്‍ ഒരാളായ അജില്‍ പറഞ്ഞു. ഏകദേശം 1500 ചതുരശ്ര അടിയിലായിരുന്നു സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. ഭാഗ്യം കൊണ്ടു മാത്രമാണ് ജീവനക്കാര്‍ അപകടത്തില്‍ നിന്നും രക്ഷപെട്ടതെന്നും അദ്ദേഹം പറഞ്ഞു. ഭിത്തികളില്‍ കരിയും പുകയും അടിച്ചതിന്റെ പാടുകള്‍ കാണാം. തൊട്ടുമുന്നിലുള്ള വീടിന്റെ ഒന്നാം നിലയിലെ സണ്‍ഷേഡും തീപിടിത്തത്തില്‍ കത്തി. 

Eng­lish Sum­ma­ry: Fire in fish tank godown: find­ing that short cir­cuit was not the cause of the accident

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.