
ഹോങ്കോങിലെ ഒരു റെസിഡൻഷ്യൽ കോംപ്ലക്‌സിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 44 ആയി ഉയർന്നു. ഏകദേശം മുന്നൂറോളം പേരെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. 45 പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. വടക്കൻ തായ്‌പേ ജില്ലയിലെ വാങ് ഫുക്ക് കോർട്ട് ഹൗസിങ് കോംപ്ലക്‌സിലാണ് ബുധനാഴ്ച ഉച്ചയോടെ തീപിടിത്തമുണ്ടായത്. എട്ട് ബ്ലോക്കുകളിലായി രണ്ടായിരം അപ്പാർട്ട്‌മെന്റുകളാണ് ഈ കോംപ്ലക്‌സിലുള്ളത്. കോംപ്ലക്‌സിന്റെ അറ്റക്കുറ്റപണിക്ക് ഉപയോഗിച്ച സുരക്ഷിതമല്ലാത്ത വസ്തുക്കളാണ് തീപിടുത്തതിന് കാരണമെന്നാണ് നിഗമനം. രാത്രിയിലുടനീളവും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം തുടരുകയാണ്.
തീപിടിത്തമുണ്ടായ കെട്ടിടത്തിൽ നിന്നും കഠിനമായ ചൂടും പുകയും ഉയരുന്നത് കാരണം രക്ഷാപ്രവർത്തകർക്ക് മുകൾ നിലകളിലേക്ക് എത്തിപ്പെടാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. വ്യാഴാഴ്ച പുലർച്ചയോടെ നാലു ബ്ലോക്കുകളിലെ തീ നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു. 15 മണിക്കൂറിലേറെ നീണ്ട പ്രവർത്തനങ്ങൾക്കൊടുവിലാണ് മൂന്ന് ബ്ലോക്കുകളിലെ തീ പൂർണമായും അണച്ചത്. സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളിൽ, 32 നില കെട്ടിടത്തിന് മുകളിലേക്ക് തീ പടരുന്നതും കനത്ത പുക ഉയരുന്നതും വ്യക്തമാണ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ഹോങ്കോങ് പൊലീസ് സൂപ്രണ്ട് എയ്‌ലീൻ ചുങ്ങ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.