18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

July 7, 2024
June 19, 2024
June 15, 2024
June 14, 2024
June 14, 2024
June 14, 2024
June 14, 2024
June 14, 2024
June 14, 2024
June 13, 2024

കുവൈത്തിലെ തീപിടിത്തം; മരിച്ചവരില്‍ 11 പേര്‍ മലയാളികള്‍, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Janayugom Webdesk
കുവൈത്ത് സിറ്റി
June 12, 2024 7:39 pm

കുവൈത്തില്‍ തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരില്‍ 11 പേര്‍ മലയാളികളെന്ന് വിവരം. മരിച്ചവരില്‍ ഒരാള്‍ കൊല്ലം ആനയടി സ്വദേശിയാണ്. കൊല്ലം പൂയപ്പള്ളി പയ്യക്കോട് സ്വദേശി ഷമീര്‍ ആണ് മരിച്ചത്. മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ജീവനക്കാര്‍ താമസിച്ച ഫ്‌ലാറ്റിലാണ് തീപിടിത്തമുണ്ടായത്. കുവൈറ്റിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ തൊഴിലാളികൾ താമസിക്കുന്ന ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ 11 മലയാളികളടക്കം 49 പേര്‍ മരിച്ചു. ഇതില്‍ 21 പേര്‍ ഇന്ത്യക്കാരാണ്. 

എൻബിടിസി എന്ന കമ്പനിയിലെ ജീവനക്കാർ താമസിച്ചിരുന്ന ആറുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. പൊള്ളലേറ്റും പുക ശ്വസിച്ചും കെട്ടിടത്തിൽ നിന്നും എടുത്തുചാടിയുമാണ് ആളുകൾ മരിച്ചതെന്നാണ് വിവരം. ഒട്ടേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയര്‍ന്നേക്കും. പലരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിയാകാനാത്ത നിലയിലാണുള്ളതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കൊല്ലം ശൂരനാട് വടക്ക് ആനയടി തുണ്ടുവിള വീട്ടില്‍ ഷമീര്‍, പന്തളം മുടിയൂർക്കോണം ഐരാണിക്കുഴി ശോഭാലയത്തിൽ ആകാശ് എസ് നായര്‍, പത്തനംതിട്ട വാഴമുട്ടം സ്വദേശി മുരളീധരന്‍ നായര്‍, തൃക്കരിപ്പൂര്‍ ഇളമ്പച്ചി പിലിക്കോട് എരവില്‍ സ്വദേശി പി കുഞ്ഞിക്കേളു, ചെങ്കള കുണ്ടടുക്കത്തെ കെ ആര്‍ രഞ്ജിത്, കൊല്ലം പുനലൂർ നരിയ്ക്കൽ വാഴവിള അടിവള്ളൂർ സാജൻ വില്ലയില്‍ സാജൻ ജോർജ്, കോന്നി അട്ടച്ചാക്കൽ കൈതക്കുന്ന് ചെന്നശ്ശേരിൽ സജു വർഗീസ്, കൊല്ലം കണ്ണനല്ലൂര്‍ വെളിച്ചിക്കാല വടക്കോട്ട് വിളയില്‍ വീട്ടില്‍ ലൂക്കോസ്(സാബു), പാമ്പാടി ഇടിമാരിയിൽ സ്റ്റെഫിൻ സാബു എബ്രഹാം എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

അല്‍ മംഗഫ് ബ്ലോക്ക് നാലിലെ കെട്ടിടത്തില്‍ 196 പേരായിരുന്നു ഉണ്ടായിരുന്നത്. താഴത്തെ നിലയിലെ അടുക്കളയില്‍ നിന്നാണ് തീ പടര്‍ന്നത്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പുലര്‍ച്ചെ ആളുകള്‍ നല്ല ഉറക്കത്തിലായിരുന്ന സമയത്തായിരുന്നു തീപിടിത്തം. മരണം ഏറെയും വിഷവാതകം ശ്വസിച്ചാണെന്നും വിവരമുണ്ട്. പരിക്കേറ്റവരെ അല്‍ അദാന്‍, ജാബിര്‍, ഫര്‍വാനിയ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനത്തിനിടെ അഞ്ച് അഗ്നിശമനാ സേനാംഗങ്ങള്‍ക്കും പൊള്ളലേറ്റു. 

തീപിടിച്ച കെട്ടിടത്തിന്റെ ഉടമയെയും നടത്തിപ്പുകാരനെയും അറസ്റ്റ് ചെയ്യാൻ കുവെെറ്റ് ആഭ്യന്തരമന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹ് ഉത്തരവിട്ടു. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചാണ് കെട്ടിടത്തിൽ ഇത്രയും പേരെ താമസിപ്പിച്ചിരിന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ദുരന്തം കമ്പനിയുടെയും കെട്ടിട ഉടമകളുടെയും അത്യാഗ്രഹത്തിന്റെ ഫലമാണെന്ന് അപകട സ്ഥലം സന്ദർശിച്ച ശേഷം ആഭ്യന്തര മന്ത്രി പറഞ്ഞു. 

തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ തൊഴിലാളികൾ അനധികൃതമായി തിങ്ങിപ്പാര്‍ക്കുന്ന എല്ലാ കെട്ടിടങ്ങളുടെയും ഉടമകളെ പിടികൂടാനും നിയമ നടപടി സ്വീകരിക്കാനും ഷെയ്ഖ് ഫഹദ് നിർദേശം നൽകി. അപകടത്തിൽ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ കഴിയുന്നവരെ ഇന്ത്യൻ സ്ഥാനപതി ആദർശ് സൈക്യ സന്ദർശിച്ചു. മരിച്ചവരെയും പരിക്കേറ്റവരെ കുറിച്ചുമുള്ള വിവരങ്ങൾ ലഭിക്കുന്നതിനായി +965505246 എന്ന എമർജൻസി ഹെൽപ്പ് ലൈൻ നമ്പറുമായി ബന്ധപ്പെടണമെന്ന് എംബസി അറിയിച്ചു. അപകടം ഞെട്ടിക്കുന്നതാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. വിദേശകാര്യ സഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിങ് കുവൈറ്റിലേക്ക് പുറപ്പെടുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 

Eng­lish Summary:Fires in Kuwait; 11 of the dead are Malay­alis, more infor­ma­tion is out
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.