28 December 2024, Saturday
KSFE Galaxy Chits Banner 2

ആദ്യവസാനം മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് ചിന്തകന്‍

കാനം രാജേന്ദ്രൻ
July 16, 2023 4:15 am

ഗാധ പണ്ഡിതനും ഇന്ത്യയിലെ ഇടതുപക്ഷ വിചാര വിപ്ലവത്തിന്റെ ശക്തനായ പ്രണേതാവും വ്യാഖ്യാതാവുമായിരുന്ന എന്‍ ഇ ബാലറാം ഓര്‍മ്മയായിട്ട് ഇന്ന് 29 വര്‍ഷം പൂര്‍ത്തിയാകുകയാണ്. ഇന്ത്യയുടെ വികസനത്തെ കുറിച്ച് വ്യക്തമായ സങ്കല്പവും പ്രതീക്ഷയും വച്ചുപുലര്‍ത്തിയിരുന്ന പക്വമതിയായ ഒരു ജനസേവകനും പൊതുപ്രവര്‍ത്തകനും ആയിരുന്നു അദ്ദേഹം. ആധ്യാത്മികതയിലും തത്വചിന്തയിലും അടിയുറച്ച ഇന്ത്യയുടെ ചരിത്രപശ്ചാത്തലത്തെ തൊട്ടറിഞ്ഞുകൊണ്ട് ഇടതുപക്ഷ ആശയങ്ങളെ ഈ സാംസ്കാരിക ചൈതന്യവുമായി സമരസപ്പെടുത്താനും ആവുംവിധം വിളക്കിച്ചേര്‍ക്കാനും ജീവിതമാകെ ഉഴിഞ്ഞുവച്ച ശക്തമായ മനീഷയുടെ ഉടമയുമായിരുന്നു. പരന്ന വായനയും ഉദാത്തമായ ചിന്തയും സംസ്കാര സമ്പന്നമായ പെരുമാറ്റവുംകൊണ്ട് ഏവരുടെയും ആദരവ് നേടാന്‍ കഴിഞ്ഞ അപൂര്‍വ പ്രതിഭയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിലൂടെയും കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലൂടെയും സഞ്ചരിച്ച് 1939ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ എത്തിയ ബാലറാം ജീവിതാവസാനം വരെ സിപിഐയുടെ മനസും ബുദ്ധിയും ശബ്ദവും ശക്തിയുമായി ജീവിച്ചു. അദ്ദേഹത്തിന് പല തവണ അറസ്റ്റ് വരിക്കേണ്ടതായും പല ജയിലുകളില്‍ കിടക്കേണ്ടതായും വന്നിട്ടുണ്ട്.


ഇതുകൂടി വായിക്കൂ:  ബാലറാം എന്ന കമ്യൂണിസ്റ്റ്


1957ലും 60ലും 70ലും കേരള നിയമസഭയില്‍ അംഗമായിട്ടുള്ള ബാലറാം 1970 ഒക്ടോബര്‍ നാല് മുതല്‍ 71 സെപ്റ്റംബര്‍ 24 വരെ അച്യുതമേനോന്റെ ആദ്യ മന്ത്രിസഭയില്‍ വ്യവസായ‑വാര്‍ത്താവിതരണ മന്ത്രിയായിരുന്നു. പിന്നീട് സഖാവ് സിപിഐ സംസ്ഥാന സെക്രട്ടറിയായി, രാജ്യസഭാംഗമായി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമായി. അര്‍പ്പിത മനസായ രാഷ്ട്രീയ പ്രവര്‍ത്തകനും സാഹിത്യകാരനും ശാസ്ത്രതല്പരനും സഹൃദയനുമെല്ലാമായിരുന്ന ബാലറാം ഇടതുപക്ഷ രാഷ്ട്രീയത്തിലെ അതുല്യപ്രതിഭാധനനായിരുന്നു. സമഗ്രമായിരുന്നു ആ വ്യക്തിത്വം. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കിടയ്ക്കും വിവിധ വിഷയങ്ങള്‍ പഠിക്കാനും ഗവേഷണ ബുദ്ധിയോടെ വിശകലനം ചെയ്യാനും സുചിന്തിതമായ അഭിപ്രായങ്ങള്‍ രൂപീകരിക്കാനും ദാര്‍ശനിക പരിവേഷമാര്‍ന്ന ഭാഷയില്‍ അവയെല്ലാം എഴുതിവയ്ക്കാനും കഴിഞ്ഞ ആ പ്രതിഭാശാലി പ്രബുദ്ധ കേരളത്തിന്റെ മനസില്‍ എന്നെന്നും ജീവിക്കും. ചരിത്രം, സം‌സ്കാരം, സാഹിത്യം, വിമര്‍ശനം, രാഷ്ട്രീയം, പ്രത്യയശാസ്ത്രം, ദര്‍ശനം, മതം, സൗന്ദര്യശാസ്ത്രം, സാമ്പത്തിക വികസനം എന്നിങ്ങനെ ബാലറാമിന്റെ തൂലികയ്ക്ക് വിധേയമായ വിഷയങ്ങള്‍ അനവധിയാണ്. ഇരുപതിലധികം ഗ്രന്ഥങ്ങളില്‍ അവ നിറഞ്ഞു കിടക്കുന്നു. ആദ്യവസാനം മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് ചിന്തകനായിരുന്നെങ്കിലും എല്ലാ ദര്‍ശനങ്ങളെയും ഉദാരമായ സഹാനുഭൂതിയോടെ ദര്‍ശിക്കാനും സമീപിക്കാനും ബാലറാമിന് കഴിഞ്ഞിരുന്നു. ഭാരതീയ സംസ്കാരത്തിലും പാരമ്പര്യത്തിലും അടിയുറച്ച് നിന്നുകൊണ്ടു തന്നെയാണ് അദ്ദേഹം ഇടതുപക്ഷ പ്രത്യയശാസ്ത്രങ്ങളുടെ നേരെ ബുദ്ധിയുടെയും മനസിന്റെയും കൈകള്‍ നീട്ടിയത്.


ഇതുകൂടി വായിക്കൂ:  ബാലറാം മാതൃകാ കമ്മ്യൂണിസ്റ്റ്: പന്ന്യൻ രവീന്ദ്രൻ


‘ഭാരതീയ സാംസ്കാരിക പൈതൃകം’ എന്ന ലഘുഗ്രന്ഥത്തില്‍ ബാലറാം എഴുതി: ”മനുഷ്യനും മനുഷ്യനും തമ്മില്‍, മനുഷ്യനും പ്രകൃതിയും തമ്മില്‍ ഉള്ള ബന്ധത്തിന്റെ പ്രതിഫലനമാണ് സംസ്കാരം. വ്യക്തികളുടെ തപശ്ചര്യയില്‍ നിന്നല്ല, ജനങ്ങളുടെ സാമൂഹിക ജീവിതത്തില്‍ നിന്നാണ് സംസ്കാരം ഉടലെടുക്കുന്നത്. ആരുടെ സംസ്കാരവും ഒരിക്കലും സ്ഥിരമായി നിന്നിട്ടില്ല. അവരുടെ ഭൗതിക ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളോടൊപ്പം അത് വളരുകയും ചെയ്തിട്ടുണ്ട്. ഭാരതീയ സംസ്കാരം ആദിവാസികളുടെയും സൈന്ധവരുടെയും ആര്യന്മാരുടെയും സെമിറ്റിക് (യഹൂദ, ക്രൈസ്തവ, ഇസ്ലാമിക) ജനങ്ങളുടെയും പാശ്ചാത്യരുടെയും സംസ്കാരങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുകയാണ്”. എഴുത്തുകാരനും സഹൃദയനുമായ ബാലറാമിന്റെ ഭാവനയില്‍ ഒരു മാര്‍ക്സിയന്‍ സൗന്ദര്യശാസ്ത്രം തന്നെയാണുണ്ടായിരുന്നത്. അതിന്റെ സമീപനം വിവിധ ശാസ്ത്ര ശാഖകള്‍ പ്രദാനം ചെയ്യുന്നു. ജ്ഞാനരശ്മികളും നിലവിലുള്ള സൗന്ദര്യശാസ്ത്രവും സമന്വയിപ്പിച്ചുകൊണ്ടുള്ളതായിരിക്കണം നിരൂപണ രീതി എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. നമ്മുടെ രാഷ്ട്രം അതീവ ഗുരുതരമായ പ്രതിസന്ധിയിലാണിന്ന്. വര്‍ഗീയവാദികള്‍ എല്ലാ രംഗത്തും പിടിമുറുക്കുന്നു. നാം നേടിയെടുത്ത എല്ലാ നന്മകളെയും തല്ലിക്കെടുത്തുന്നു. എല്ലാറ്റിനെയും കാവിയുടുപ്പിക്കുന്നു. ഇവിടെയാണ് മതനിരപേക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയുടെ പ്രസക്തി. അത്തരമൊരു കൂട്ടായ്മ വളര്‍ന്നുവന്നിരിക്കുകയാണ്. ഭാവി പോരാട്ടങ്ങള്‍ക്ക് ബാലറാമിന്റെ സ്മരണ നമുക്ക് കരുത്തേകട്ടെ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.