1996 ൽ കോഴിക്കോട് ആരംഭിച്ച കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം 26 വർഷം പിന്നിടുമ്പോൾ ചലച്ചിത്രോത്സവത്തിന്റെ കുടക്കീഴിൽ നിന്ന് യുവജനോത്സവം എന്ന വലിയ വിധാനത്തിലേക്ക് മാറിക്കഴിഞ്ഞു. പ്രത്യേകിച്ച് കോവിഡ് കാലത്തെ അടച്ചിടലിനും അടിച്ചമർത്തലുകൾക്കും ശേഷം കേരളസമൂഹം ഉയർത്തിപ്പിടിക്കുകയും ഉറക്കെ സംസാരിക്കുകയും ചെയ്തുവരുന്ന വ്യാജമൂല്യ ബോധങ്ങൾക്ക് നേരെ ഗോഷ്ടി കാണിച്ച് അവയെ തച്ചുടച്ചുകൊണ്ടുള്ള സ്വാതന്ത്ര്യപ്രഖ്യാപനം കൂടിയാണ് ചലച്ചിത്ര വാരാഘോഷകാലയളവിൽ നമ്മുടെ കുട്ടികൾ നടത്തുന്നത്. വേഷവും ഭാഷയും ഭക്ഷണവും ശരീരവും ഒക്കെ തങ്ങളുടെ നയം വ്യക്തമാക്കാനായി അവർ സമർത്ഥമായി ഉപയോഗിക്കുന്നു. 2022ലെ ചലച്ചിത്രോത്സവത്തിന് തിരശ്ശീല വീഴുമ്പോൾ മനുഷ്യജീവിതത്തിന്റെ നിലനിൽപ്പും യുക്തിയുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങൾ കൊണ്ട് വീർപ്പുമുട്ടിക്കുന്ന ചിത്രമായി മാറി സുവർണചകോരം നേടിയ ബോളീവിയൻ ചിത്രം ‘ഉത്തമ’.
ഉത്തമ (UTAMA) — ബൊളീവിയക്കാർ എങ്ങനെ ഉച്ചരിക്കുമെന്ന് കൃത്യമായി അറിയില്ലെങ്കിലും (UTAMA) അഥവാ ‘നമ്മുടെ വീട്’ അനുഭവവേദ്യമാക്കിയത് മനുഷ്യജീവിതത്തിന്റെ മഹത്വവും സാധാരണത്വവും നിസാരതയും ഒക്കെയാണ്. ശാസ്ത്രസാങ്കേതിക വിദ്യാരംഗം ത്വരിതഗതിയിൽ വളർന്ന് വിപ്ലവകരമായ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. മരണം എന്നത് സ്വാഭാവികവും സുനിശ്ചിതവുമായ ജീവിതസത്യം തന്നെയല്ലേ? എന്നുവച്ച് യാതൊരു മുൻകരുതലുകളും സൂക്ഷിപ്പുകളും ഇല്ലാതെ ജീവിക്കുകയാണോ വേണ്ടത്? കൂടുതൽ സൂക്ഷ്മതയും കരുതലും എടുത്ത് നമ്മുടെ പാതയിൽ തീർപ്പു കൽപ്പിച്ച് മെരുക്കി നിർത്താനാവുന്നതാണോ ജീവിതം? സൂക്ഷ്മജീവി സഞ്ചയങ്ങൾ ഉൾപ്പെടെ കോടാനുകോടി ജീവിതങ്ങൾക്കിടയിൽ മനുഷ്യനുമാത്രം പ്രത്യേകമായി എന്തവകാശമാണ് ഈ ഭൂമിയിൽ ഉള്ളത്? മനുഷ്യന്റെ നിയന്ത്രണത്തിൽ അല്ലാതെ ഈ ഭൂമിയിൽ ജീവിക്കുന്ന ഏതെങ്കിലും ഒരു ജീവി അസുഖം വരുമ്പോൾ പ്രത്യേകം മരുന്ന് കഴിക്കുകയോ, മരണദിനങ്ങൾ എണ്ണി ഐസിയുവിൽ കാത്തിരിക്കുകയോ, ചെയ്യുന്നുണ്ടോ? ഇങ്ങനെയുള്ള എണ്ണമറ്റ ചോദ്യങ്ങൾ നിറഞ്ഞ് ഭാരം കൂടിയ മനസുമായി മാത്രമേ ഒരാൾക്ക് ‘ഉത്തമ’ കണ്ടിറങ്ങാൻ ആവൂ.
ഒരാൾ എങ്ങനെ ജീവിക്കണം എന്നത് അയാളുടെ മാത്രം തിരഞ്ഞെടുപ്പ് ആണെങ്കിലും ഒരു സമൂഹജീവി എന്ന നിലയ്ക്ക് മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ മുറിവേൽപ്പിച്ചു കൊണ്ടാകരുത് എന്നത് ഒരു സാമാന്യനീതിയാണ്. ബൊളീവിയയിലെ ഒരു മലയടിവാരത്ത് വർഷങ്ങളായി ധ്യാനം പോലെ ദിനചര്യകൾ ചെയ്യുന്ന വയോധിക ദമ്പതിമാരുടെ ശാന്തജീവിതമാണ് ‘ഉത്തമ’ ഫെയിമിൽ ആക്കിയിരിക്കുന്നത്. ശാന്തതയുടെ പര്യായമായി കാഴ്ചക്കാരന്റെ ഉള്ളിൽ കനിവ് നിറച്ച് ആരോടും പരിഭവമില്ലാതെ ജീവിതം തുഴയുന്ന ഒട്ടകകുടുംബത്തിൽപ്പെട്ട ഒരു കൂട്ടം ലാമകളുടെ സമാധാന സഞ്ചാരത്തിൽ നിന്നാണ് ചലച്ചിത്രം തുടങ്ങുന്നത്. തുടക്കം മുതൽ ഒടുക്കം വരെ സന്തോഷത്തിലും ദുരന്തത്തിലും ഈ ഒരു ധൃതിയില്ലായ്മയുടെയും നിർവൃതിയുടെയും പുതപ്പുകൊണ്ട് പ്രേക്ഷകനെ ചുറ്റിപ്പിടിച്ച് സാന്ത്വനം പകരാൻ കഴിയുന്നു എന്നിടത്താണ് തിരക്കഥാകൃത്ത് കൂടിയായ സംവിധായകൻ അലജാൻടോ ലോയിസാ ഗിസിയുടെ മികവും വിജയവും. തുടക്കത്തിൽ ഫോട്ടോഗാഫറും തുടർന്ന് ചായാഗാഹകനുമായ ഗിസിയുടെ ആദ്യസംവിധായക സംരംഭം കൂടിയാണ് ക്വെച്ചുവ ഭാഷയിൽ സംഭാഷണം സാക്ഷാത്കരിച്ച ‘ഉത്തമ’.
ദുരാഗഹങ്ങൾ തീരെയില്ലാതെ അവശ്യം വേണ്ടത് മാതം പകൃതിയിൽ നിന്നെടുത്ത് സ്വന്തം ഭാരം പോലും ഭൂമിയിൽ ഏൽക്കരുതെന്നാഗഹിച്ച് മണ്ണിനെ നോവിക്കാതെ ഇളംതെന്നൽ പോലെ നടന്നു നീങ്ങുന്ന വെർജീനിയോയും സഹധർമ്മിണി സിസയുടെയും ജീവിതതാളം കാഴ്ചക്കാരന് സമ്മാനിക്കുന്നത് അപാരസുന്ദരഅനുഭൂതിയാണ്.
ലൊക്കേഷൻ തേടിയുള്ള ദീർഘനാളത്തെ അലച്ചിലുകൾക്കിടയിൽ മനസുടക്കിയ യഥാർത്ഥ ക്വെച്ചുവ ദമ്പതികളെയാണ് ഗിസി സിനിമയിലെടുത്തത്. അതുകൊണ്ടുതന്നെ വയോധിക ദമ്പതിമാർക്കിടയിലെ സ്നേഹവും കരുതലും ആശയത്വവും ഒക്കെ നെഞ്ചിൽ തൊടുംവിധം അവതരിപ്പിക്കാൻ യഥാർത്ഥ ജീവിതത്തിലെ ദമ്പതികളായ ജോസ് കാൽസിനയ്ക്കും (വെർജിനിയോ) ലൂയിസ ക്വിസ്പേയ്ക്കും (സിസ) സ്വാഭാവികമായി കഴിയുന്നു. വളരെ സാധാരണ ദിനങ്ങൾ പിന്നിടുന്ന അവരുടെ ജീവിതം കലുഷമാക്കുന്നത് ജലദൗർലഭ്യം ആണ്. ബോളീവിയയിലെ ആ മലയടിവാരം മറന്ന് മഴ എങ്ങോട്ടോ പോയി ചരിത്രത്താളുകളിൽ ഇടംപിടിച്ച സ്ഥിതിയാണ്. ദിനചര്യക്കിടയിൽ ദമ്പതിമാർക്കിടയിലെ ഉത്തരവാദിത്വം പങ്കിടൽ ശ്രദ്ധേയമാണ്. അതിരാവിലെ എഴുന്നേറ്റ് ലാമകളുടെ കൂട്ടത്തെ കുന്നും മലയും നിറഞ്ഞ ദുർഘടപാതയിലൂടെ തെളിക്കുന്ന ജോലിയാണ് വെർജിനിയോയുടേത്. വേഴാമ്പലിനെപ്പോലെ കാത്തിരുന്നു കിട്ടുന്ന ജലം ശേഖരിച്ചുവച്ച് ബുദ്ധിപരമായി ഉപയോഗിക്കേണ്ട കടമയാണ് സിസയുടേത്. മഴ മറവിയായി മാറുമ്പോൾ, വരൾച്ച അതിതീവ്രത പ്രാപിക്കുമ്പോൾ രണ്ട് ബക്കറ്റ് വെള്ളത്തിനായി കിലോമീറ്റർ പിന്നിടേണ്ടി വരുമ്പോൾ തളർന്നുപോകുന്ന സിസ ഭർത്താവിനോട് ജലശേഖരണത്തിന് തന്നെ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നുണ്ടെങ്കിലും തന്റെ ജോലി ലാമകളെ നയിക്കൽ ആണെന്നും ജലശേഖരണം സിസയുടെ മാത്രം ജോലിയാണെന്നും ഓർമ്മിപ്പിച്ച് വെർജിനിയോ പിൻമാറുന്നു. വെവ്വേറെ അർത്ഥതലങ്ങളിലേക്കാണ് ആ സീനുകൾ പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോകുന്നത്.
വെർജിനിയോയുടെ കടുംപിടുത്തങ്ങളോട് പൊരുത്തപ്പെടാൻ ആവാതെ വഴക്കിട്ട് നഗരത്തിലേക്ക് താമസം മാറിപ്പോയ മകന്റെ മകൻ ക്ലവർ (സാൻറോസ് ചോക്ക്) മുത്തശ്ശനും മുത്തശ്ശിക്കും വിവിധ വിഭവങ്ങളും സമ്മാനങ്ങളും ഒക്കെയായി വരുന്നതോടെ വീണ്ടും ദമ്പതിമാരുടെ ജീവിതതാളം മാറുകയാണ്. മുത്തശ്ശനെ വിടാതെ പിന്തുടരുന്ന കഠിനമായ ചുമ കണ്ട് ചികിത്സയ്ക്കായി നഗരത്തിലേക്ക് പോകാൻ ക്ലവർ തന്നാലാവുന്നത്ര പരിശ്രമിക്കുന്നുണ്ടെങ്കിലും താൻ ക്രമീകരിച്ചുവച്ച ജീവക്രമത്തിൽ നിന്നും കടുകിടമാറാൻ തയ്യാറാകാത്ത വെർജീനിയോ മൂവർസംഘത്തിനിടയിൽ അസ്വാരസ്യങ്ങൾ സൃഷ്ടിക്കുന്നു. പിടിവാശിക്കാരനായ ഭർത്താവിനെയും സ്മാർട്ട് ഫോണിൽ ജീവിക്കുന്ന കൊച്ചു മകനെയും സിസ ഒരുപോലെ സ്നേഹിക്കുന്നു. കൈകാര്യം ചെയ്യുന്നു. നഗരജീവിതത്തിലെ വിശേഷങ്ങളൊക്കെ ക്ലവർ സ്നേഹപൂർവ്വം മുത്തശ്ശിയോട് പങ്കുവയ്ക്കുന്നു. സ്നേഹപൂർവ്വമുള്ള നിർബന്ധിക്കലടക്കം എല്ലാ പരിശമങ്ങളും പരാജയപ്പെടുമ്പോൾ വഴക്കിട്ടിറങ്ങിപ്പോകുന്ന ക്ലവർ നഗരത്തിൽ നിന്നും ഡോക്ടറുമായി വന്ന് മുത്തശ്ശനെ ചികിത്സിക്കാൻ ശമിക്കുന്നുണ്ടെങ്കിലും വെർജിനിയോയുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ എല്ലാ ശമവും നിഷ്ഫലമാകുന്നു.
സ്നേഹം പോലെ, സങ്കടം പോലെ, സന്തോഷം പോലെ ഏറെ സ്വാഭാവികമായ ഒരു സംഭവം മാത്രമാണ് മരണം എന്ന സത്യത്തിലാണ് വെർജിനിയോ മുറുകെ പിടിക്കുന്നത്. ആശുപത്രിയിലെ തീവ്രപരിചരണമുറിയിൽ മരിക്കാൻ താൽപര്യമില്ലെന്ന് അദ്ദേഹം ഉറപ്പിച്ചുപറയുന്നു. മരണം ഒന്നിനും ഒരു അവസാനമല്ലെന്നു കൂടി അതിമനോഹരമായി പറഞ്ഞുവയ്ക്കുകയാണ് ഗിസി ഉത്തമയിലൂടെ. ചുമച്ച് വശംകെട്ട് മരുഭൂമിയിൽ വീണു കിടന്ന വെർജിനിയോയ്ക്ക് അരികിലെത്തി മണം പിടിച്ചും നാവുകൊണ്ട് രുചിച്ചുമൊക്കെ നോക്കിയശേഷം പതിയെ മുന്നോട്ട് നടന്നു നീങ്ങുന്ന ലാമക്കൂട്ടവും ആര്‍ത്രൈറ്റിസ് പിടിമുറുക്കിയ വിരലുകളാൽ ഭർത്താവിനെ തലോടുന്ന സിസയും പിന്നീട് വെർജിനിയോയുടെ മരണശേഷം ഒരു നിയോഗം പോലെ ലാമക്കൂട്ടത്തെ നയിച്ച് സാവധാനം നടന്നു നീങ്ങുന്ന സിസയുടെയും ഫെയിമുകൾ മനുഷ്യനെന്ന നിലയ്ക്ക് കൂടുതൽ നമശിരസ്കരാവാനും കുറച്ചെങ്കിലും മനുഷ്യത്വമുള്ളവരാകാനും നമ്മെ നിർബന്ധിക്കുന്നു. അതുതന്നെയാണ് ഒരുചലച്ചിത്രം എന്ന നിലയിൽ ഉത്തമയുടെ വിജയം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.