
2025ലെ അഞ്ച് ജില്ലകളുടെ ജില്ലാതല ആന്റിബയോഗ്രാം കേരളം പുറത്തിറക്കി. രാജ്യത്ത് ആദ്യമായാണ് ജില്ലാതലത്തിലുള്ള ആന്റിബയോഗ്രാം ഒരു സംസ്ഥാനം പുറത്തിറക്കുന്നത്. 2024ല്‍ എറണാകുളം ജില്ലയുടെ ആന്റിബയോഗ്രാം പുറത്തിറക്കിയിരുന്നു. ഈ വര്‍ഷം തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശൂര്‍ എന്നീ അഞ്ച് ജില്ലകളുടെ ആന്റിബയോഗ്രാം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പുറത്തിറക്കി. എല്ലാ ജില്ലകളിലും എഎംആര്‍ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചതിലൂടെയും ഹബ് ആന്റ് സ്പോക്ക് മാതൃകയില്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് നിരീക്ഷണ ശൃംഖല എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചതിലൂടെയുമാണ് ഇത് സാധ്യമാക്കിയത്. 2022ല്‍ ഈ സര്‍ക്കാരിന്റെ കാലത്താണ് രാജ്യത്ത് ആദ്യമായി ആന്റി ബയോഗ്രാം പുറത്തിറക്കിയത്. സംസ്ഥാനതല ആന്റിബയോഗ്രാം എല്ലാവര്‍ഷവും പുറത്തിറക്കുന്ന ഏക സംസ്ഥാനമാണ് കേരളം. ഇതിലൂടെ ത്രിതീയ തലത്തിലുള്ള ആശുപത്രികളിലെ ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ തോതാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ജില്ലാതല ആന്റിബയോഗ്രാം പ്രാഥമിക തലത്തിലും, ദ്വിതീയ തലത്തിലുമുള്ള ആശുപത്രികളിലെ ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ തോത് വ്യക്തമാക്കുന്നു. ഇതിലൂടെ ഓരോ തലത്തിലും ഉള്ള ആശുപത്രികള്‍ അവലംബിക്കേണ്ട ആന്റിബയോട്ടിക് ഉപയോഗത്തിനുള്ള മാര്‍ഗനിര്‍ദേശം കൃത്യമായ രീതിയില്‍ നല്‍കാന്‍ സാധിക്കും.
കേരള ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍ (കാര്‍സാപ്), കേരള ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് സര്‍വൈലന്‍സ് നെറ്റ് വര്‍ക്ക് (കാര്‍സ് നെറ്റ്) എന്നിവ രൂപീകരിച്ചാണ് എഎംആര്‍ പ്രതിരോധം ശക്തമാക്കിയത്. സംസ്ഥാന ആന്റിബയോഗ്രാം റിപ്പോര്‍ട്ടില്‍ നിന്നും ആന്റിബയോട്ടിക് റെസിസ്റ്റന്‍സ് തോത് മുന്‍കാലത്തെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴും വലിയ ഭീഷണിയായാണ് കാണുന്നത്. പ്രതിരോധം വിലയിരുത്തുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും ലാബോറട്ടറി ശൃംഖല ഘട്ടം ഘട്ടമായി വികസിപ്പിച്ചു. പ്രാഥമിക തലത്തിലും ദ്വിതീയ തലത്തിലും ത്രിതീയ തലത്തിലുമുള്ള ആശുപത്രികളിലെ ആന്റിബയോട്ടിക്കിന്റെ തോത് അറിയാനായി വിപുലമായ ശൃംഖല ഹബ് ആന്റ് സ്പോക്ക് മാതൃകയിലും നടപ്പിലാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ നടപ്പിലാക്കിയ ഏക സംസ്ഥാനം കൂടിയാണ് കേരളം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.