സ്വതന്ത്ര കൊളംബിയയുടെ ആദ്യ ഇടതുപക്ഷ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഗുസ്താവോ പെത്രോ അധികാരമേറ്റു. പാര്‍ക്ക് ടെര്‍സര്‍ മിലിനിയോയില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങിന് ആയിരങ്ങള്‍ സാക്ഷികളായി. വൈസ് പ്രസിഡന്റ് ഫ്രാന്‍സിയ മാര്‍ക്വേസും സത്യപ്രതിജ്ഞ ചെയ്തു. കറുത്തവംശജയായ ആദ്യ വൈസ് പ്രസിഡന്റാണ് ഫ്രാന്‍സിയ മാര്‍ക്വേസ്. 212 വര്‍ഷത്തെ മധ്യ വലതുപക്ഷ സര്‍ക്കാരുകളുടെ ഭരണത്തിന് അവസാനംകുറിച്ചാണ് ഇടതുപക്ഷ സഖ്യമായ ഹിസ്റ്റോറിക്കല്‍ പാക്ട് വിജയംനേടിയത്. ‘പുതിയൊരു ജനാധിപത്യ നിര്‍മിതിയുടെ തുടക്കം. സമാധാനത്തിലും പാരിസ്ഥിതിക സാമൂഹിക നീതിയിലും ഊന്നിയാകും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുക. സാമൂഹ്യ മുന്നേറ്റങ്ങള്‍ക്കൊപ്പം നിലകൊള്ളും. സര്‍ക്കാര്‍ ജനങ്ങളുടെ സേവകരായിരിക്കും’- ആദ്യ അഭിസംബോധനയില്‍ അറുപത്തിരണ്ടുകാരനായ ഗുസ്താവോ പെത്രോ പറഞ്ഞു. ദശാബ്ദങ്ങളുടെ പോരാട്ടത്തിനൊടുവിലാണ് 50.8 ശതമാനം വോട്ടോടെ പെത്രോ അറുപത്തിയൊന്നാം പ്രസിഡന്റായത്. അഴിമതിക്കേസില്‍ പ്രതിയായ അഴിമതിവിരുദ്ധ പ്രസ്ഥാന നേതാവ് റുഡോള്‍ഫ് ഹെര്‍ണാണ്ടസിനെയാണ് ജൂണിലെ വോട്ടെടുപ്പില്‍ തോല്‍പ്പിച്ചത്. ഇവാന്‍ ഡ്യൂക്കിന്റെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാര്‍ 2016ലെ സമാധാന ഉടമ്പടിയുടെ ലംഘനം, നികുതി പരിഷ്‌കരണത്തിലെ പരാജയം തുടങ്ങിയ ആരോപണങ്ങളെ തുടര്‍ന്നാണ് പുറത്തുപോയത്.
കൊളംബിയയുടെ തദ്ദേശീയ ആചാരപ്രകാരം ആദ്യം വൈസ് പ്രസിഡന്റ് ഫ്രാന്‍സിയ മാര്‍ക്വേസും പിന്നാലെ പ്രസിഡന്റ് ഗുസ്താവോ പെത്രോയും വേദിയിലെത്തി. അര്‍ജന്റീന പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസ്, ചിലി പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക്, ബൊളീവീയ പ്രസിഡന്റ് ലൂയിസ് ആര്‍സ് കാറ്റക്കോറ തുടങ്ങിയ നിരവധി ലോക നേതാക്കളും പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. പ്ലാസ ഡി ബോളിവറില്‍ തിങ്കളാഴ്ച നടക്കുന്ന പൊതുചടങ്ങില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്ന് പെത്രോ അറിയിച്ചു.
കൊളംബിയയില്‍ 1974- 1990ലെ ആഭ്യന്തര സായുധ യുദ്ധത്തില്‍ പങ്കാളിയായിരുന്ന നഗര ഗറില്ലാ സംഘം ഏപ്രില്‍ 19 പ്രസ്ഥാനത്തിന്റെ (എം19) ഭാഗമായിരുന്നു ഗുസ്താവോ പെത്രോ. പിന്നീട് ഡമോക്രാറ്റിക് അലയന്‍സ് എം19 സ്ഥാപിച്ചു. 1991ല്‍ പ്രതിനിധിസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. ബൊഗോട്ടയുടെ മുന്‍മേയറായിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ മൂന്നാം അങ്കത്തില്‍ ചരിത്രംകുറിച്ച് ആദ്യ ഇടതുപക്ഷക്കാരനായ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സാമ്പത്തികശാസ്ത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ഡോക്ടറേറ്റുണ്ട്.
ജനങ്ങളെ പട്ടിണിയില്‍നിന്ന് മോചിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് തന്റെ സര്‍ക്കാരിന്റെ ആദ്യ ലക്ഷ്യമെന്ന് കൊളംബിയയുടെ പ്രസിഡന്റായി ചുമതലയേറ്റ ഗുസ്താവോ പെത്രോ പറഞ്ഞു. കൊളംബിയയിലെ 50 ദശലക്ഷത്തിലധികം വരുന്ന ജനങ്ങളില്‍ പകുതിയോളം പേര്‍ ദാരിദ്ര്യത്തിലാണ്. ഗ്രാമീണ മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപത്തിന് നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ ധനമന്ത്രി ജോസ് അന്റോണിയോ ഒകാമ്പോ തിങ്കളാഴ്ച സാമ്പത്തിക നടപടികള്‍ നിര്‍ദേശിക്കും. കൊളംബിയ സര്‍വകലാശാല പ്രൊഫസറായിരുന്ന സാമ്പത്തിക വിദഗ്ധനാണ് ജോസ് അന്റോണിയോ ഒകാംപോ. മയക്കുമരുന്ന് വിപണിക്കായി കൊക്ക ഇലകള്‍ വളര്‍ത്തുന്നതില്‍നിന്ന് കര്‍ഷകരെ പിന്തിരിപ്പിക്കാനും അവരെ മറ്റ് മേഖലകളിലേക്ക് തിരിച്ചുവിടാനും നടപടിയുണ്ടാകും. സര്‍വകലാശാല വിദ്യാഭ്യാസം സൗജന്യമാക്കുക, ആരോഗ്യ പരിരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക, പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുക തുടങ്ങിയ പദ്ധതികളും പെത്രോ മുന്നോട്ടുവച്ചിട്ടുണ്ട്. രാജ്യത്തിന്റെ കയറ്റുമതിയുടെ ഏതാണ്ട് 50 ശതമാനം എണ്ണവ്യവസായത്തിലാണെങ്കിലും അനധികൃത ഖനനം തടയുമെന്നും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുമെന്നും പെത്രോ പ്രഖ്യാപിച്ചിട്ടുണ്ട്.
English summary; First left-wing president takes office in independent Colombia
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.