ട്രോളിങ് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മീൻ വില കുതിക്കുന്നു. അവസരം മുതലെടുത്ത് അയൽ സംസ്ഥാനങ്ങളിൽ നിന്ന് രാസവസ്തുക്കൾ ചേർത്ത മത്സ്യം എത്താൻ തുടങ്ങിയതോടെ കർശന നടപടികളുമായി ഭക്ഷ്യ സുരക്ഷാ വകുപ്പും രംഗത്തിറങ്ങി. ട്രോളിങ് ഇല്ലാത്ത അവസരങ്ങളിലും തമിഴ്നാട്, ഗോവ, ഒഡീഷ എന്നിവിടങ്ങളിൽ നിന്ന് ടൺ കണക്കിന് മത്സ്യം കേരളത്തിലേക്ക് എത്തുന്നുണ്ട്. നിരോധനം കൂടിയായതോടെ വരവ് കൂടി. വരവ് കൂടിയെങ്കിലും വില മുകളിലേക്കു തന്നെ. ചാള (മത്തി)തമിഴ് നാട്ടിൽ വലിയ പ്രിയമില്ലാത്തതാണെങ്കിലും കേരളത്തിലെത്തുമ്പോൾ വില പഴയതിന്റെ ഇരട്ടിയിലേറെ.
ഒരു കിലോ ചാളയുടെ വില 300 രൂപ വരെയായി. അയല ലഭ്യത കുറഞ്ഞതിനാൽ അവയുടെ വില അതിനും മുകളിലാണ്. നിരോധനം ബാധകമല്ലാത്ത പരമ്പരാഗത വള്ളങ്ങൾ മോശമല്ലാത്ത വിധത്തിൽ മീനുമായി വരുന്നുണ്ട്. വില പൊള്ളുന്നതാണെന്ന് മാത്രം. കായൽ മത്സ്യങ്ങൾക്കും ഉയർന്ന വിലയാണ്. മുൻപൊക്കെ നഗരങ്ങളിലെ പ്രധാന മാർക്കറ്റുകളിലാണ് അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സ്യം എത്തിയിരുന്നെങ്കിൽ ഇപ്പോൾ അവ ഇടത്തരം-ചെറുകിട കച്ചവട കേന്ദ്രങ്ങളിലുമെത്തുന്നുണ്ട്.
ഫോർമാലിൻ, സോഡിയം ബെൻസോയിറ്റ്, സിൽവർ ഹൈഡ്രജൻ പെറോക്സൈഡ് തുടങ്ങിയ രാസവസ്തുക്കളുടെ സാന്നിദ്ധ്യമുള്ള മത്സ്യങ്ങളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പിടിച്ചെടുത്തു നശിപ്പിച്ചത്. തിരുവനന്തപുരം, കോട്ടയം, തൃശൂർ ജില്ലകളിലെ ചിലയിടങ്ങളിൽ നിന്ന് വൻതോതിൽ പഴകിയ മത്സ്യങ്ങളും പിടിച്ചെടുത്തു. തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് ആവശ്യത്തിന് ശീതീകരണ സംവിധാനമില്ലാത്ത വാഹനങ്ങളിലാണ് മത്സ്യം കൊണ്ടുവരുന്നതെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. ഇതിനു പുറമെ, ട്രോളിങ് നിരോധനം മുന്നിൽക്കണ്ട് വൻകിട കച്ചവടക്കാർ കാലേക്കൂട്ടി വലിയ തോതിൽ മത്സ്യം ശേഖരിച്ച് ശീതീകരിണികളിൽ ദിവസങ്ങളോളം സൂക്ഷിച്ച് മാർക്കറ്റിൽ എത്തിക്കുന്ന രീതിയുമുണ്ട്.
ട്രോളിങ് നിരോധന കാലത്ത് തമിഴ് നാട്ടിൽ നിന്നും മറ്റുമുള്ള യന്ത്രവത്കൃത യാനങ്ങൾ വൻതോതിൽ ചെറുമീനുകളെ പിടിക്കുന്നതായ പരാതി വ്യാപകമായതിനാൽ അതിനെതിരെയും അധികൃതർ ജാഗ്രത പുലർത്തുന്നുണ്ട്. മീൻ കുഞ്ഞുങ്ങളെ പിടിക്കുന്നതു മൂലം കഴിഞ്ഞ വർഷം സംസ്ഥാനത്തെ സമുദ്രോല്പന്ന മേഖലയ്ക്ക് 315 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് ഔദ്യോഗിക കണക്ക്.
English Summary: fish prices are on the rise in kerala
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.