ഉത്തരാഖണ്ഡില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി വിതരണം ചെയ്ത മദ്യം കഴിച്ച് ഹരിദ്വാറിലെ രണ്ട് ഗ്രാമങ്ങളിലായി ശനിയാഴ്ച അഞ്ച് പേർ മരിക്കുകയും നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്. ഫൂൽഗഡ്, ശിവ്ഗഡ് എന്നീ രണ്ട് ഗ്രാമപരിധിയിലുള്ള പത്രി പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസറെയും സസ്പെൻഡ് ചെയ്തതായും പോലീസ് അറിയിച്ചു.
അതേസമയം, പ്രാഥമിക അന്വേഷണത്തിൽ അനധികൃത മദ്യം കഴിച്ചതാണ് മരണകാരണമെന്ന് കണ്ടെത്തിയതായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ സംസ്ഥാന സർക്കാർ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. രാജു, അമർപാൽ, ഭോല എന്നീ മൂന്ന് പേർ ഫൂൽഗഢ് ഗ്രാമത്തിലും മറ്റ് രണ്ട് പേർ, മനോജ്, കാക്ക എന്നിവർ ശിവഗഢ് ഗ്രാമത്തിലും മദ്യം കഴിച്ച് മരിച്ചതായും ഹരിദ്വാറിലെ സീനിയർ പൊലീസ് സൂപ്രണ്ട് യോഗേന്ദ്ര യാദവ് പറഞ്ഞു. മദ്യത്തിന്റെ ഗുണനിലവാരം പരിശോധിച്ചുവരികയാണ്. അമിത മദ്യപാനമാണോ മരണകാരണം എന്നും പരിശോധിച്ചുവരികയാണെന്നും എസ്എസ്പി പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി ഗ്രാമവാസികൾക്കിടയിൽ മദ്യം വിതരണം ചെയ്തതായി വിവരമുണ്ട്, ഇയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും യാദവ് പറഞ്ഞു. 2019ൽ ഹരിദ്വാറിലെ അഞ്ച് ഗ്രാമങ്ങളിലായി 40 പേരാണ് അനധികൃത മദ്യം കഴിച്ച് മരിച്ചത്.
English Summary: Five people died after consuming fake liquor provided by the candidate
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.