ലോകത്തെ ഞെട്ടിച്ച തുര്‍ക്കിയിലെ ഭൂകമ്പത്തില്‍ നിന്ന് രക്ഷപ്പെട്ട ഏഴംഗ സിറിയന്‍ കുടുംബം വീടിന് തീപിടിച്ച് പൊള്ളലേറ്റ് മരിച്ചു. തെക്കുകിഴക്കന്‍ തുര്‍ക്കി നഗരമായ നൂര്‍ദാഗിയില്‍ നിന്ന് മധ്യമേഖയലിലുള്ള കോനിയയിലെ ബന്ധുവീട്ടിലേക്ക് താമസം മാറിയതായിരുന്നു ഇവര്‍. ജനല്‍ വഴി ഒരു പെണ്‍കുട്ടിയെ രക്ഷപ്പെടുത്താനായെന്ന് സ്ഥലവാസിയായ മുഹ്സിന്‍ കാക്കിര്‍ എന്നയാള്‍ വാര്‍ത്താ ഏജന്‍സിയായ അനഡോലു സ്റ്റേറ്റ് ന്യൂസിനോട് പറഞ്ഞതായി ഇന്ത്യാടുഡെ റിപ്പോര്‍ട്ട് ചെയ്തു. കുട്ടികളെല്ലാം ഒരേ കുടുംബത്തിലെ അംഗങ്ങളാണോ എന്ന് വ്യക്തമല്ലെന്നും വാര്‍ത്താ ഏജന്‍സി പറയുന്നുമുണ്ട്.
മരിച്ച അഞ്ച് കുട്ടികളും നാലിനും 13നും ഇടയില്‍ പ്രായമുള്ളവരാണ്. വെള്ളിയാഴ്ചയാണ് അപകടം ഉണ്ടായതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മഹാദുരന്തത്തെ അതിജീവിച്ചവര്‍ക്കുണ്ടായ ദാരുണ അന്ത്യം തുര്‍ക്കിയെയും സിറിയയെയും ഞെട്ടിച്ചിരിക്കുകയാണ്. ഫെബ്രുവരി ആറിലുണ്ടായ ഭൂചലനത്തോടെയാണ് കുടുംബം കോനിയിലേക്ക് പലായനം ചെയ്തത്. ഏകദേശം നാല് മില്യണ്‍ സിറിയക്കാരാണ് തുര്‍ക്കിയിലുള്ളത്. ഇവരില്‍ പലരും കഴിഞ്ഞ ആഴ്ചയിലുണ്ടായ ദുരന്തത്തെ തുടര്‍ന്ന് തെക്കുകിഴക്കന്‍ പ്രദേശങ്ങളെയാണ് അഭയംപ്രാപിച്ചിരിക്കുന്നത്. 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 41,000 പേരാണ് ഇതിനകം മരിച്ചത്. തെക്കുകിഴക്കന്‍ തുര്‍ക്കിയിലും സിറിയയിലുമായുണ്ടായ നൂറ്റാണ്ടുകളിലെ ഏറ്റവും വലിയ പ്രകൃതിദുരന്തമാണ് ഇത്.
English Sammury: Five Syrian children and their parents died on Friday in a fire that struck a Turkish home they moved to after surviving last week’s earthquake
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.