
നരേന്ദ്ര മോഡി അധികാരത്തിലേറിയതുമുതല്‍ മുഗളന്മാരെയും ഇസ്ലാമിക ഭരണാധികാരികളെയും അപകീര്‍ത്തിപ്പെടുത്തുന്നതിലും അവരുടെ പേരുകളിലുള്ള സ്ഥലങ്ങളുടെയും റോഡുകളുടെയും പേരുകള്‍ മാറ്റുന്നതിലും അതീവ ശ്രദ്ധാലുക്കളാണ്. അതേസമയം അഞ്ച് മുസ്ലിം രാജാക്കന്മാര്‍ നിര്‍മ്മിച്ച പ്രശസ്തമായ അഞ്ച് സ്മാരകങ്ങളില്‍ നിന്ന് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കേന്ദ്രസര്‍ക്കാര്‍ നേടിയത് 548 കോടിയുടെ വരുമാനമെന്ന ഔദ്യോഗിക കണക്കുകള്‍ പറയുന്നു.
ഉത്തര്‍പ്രദേശിലെ താജ്മഹല്‍, ന്യൂഡല്‍ഹിയിലെ കുത്തബ് മിനാര്‍, ചെങ്കോട്ട, ആഗ്ര കോട്ട, മഹാരാഷ്ട്രയിലെ റാബിയ ദുറാനിയയുടെ ശവകുടീരം എന്നിവയാണ് ഇത്രയും വരുമാനം കേന്ദ്ര ഖജനാവിലേക്ക് എത്തിച്ചത്. ഈ അഞ്ച് സ്മാരകങ്ങളും മുഗള്‍ കാലഘട്ടത്തില്‍ നിര്‍മ്മിച്ചതാണ്. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട സ്മാരകങ്ങളാണിവ. 2019–24 ഘട്ടത്തിലെ ടിക്കറ്റ് വില്പനയിലൂടെയാണ് 548 കോടി കിട്ടിയത്. കൂടാതെ വിനോദസഞ്ചാര അനുബന്ധ മേഖലകളിലെ ആയിരക്കണക്കിന് പേര്‍ക്ക് നേരിട്ടും അല്ലാതെയും തൊഴിലും സൃഷ്ടിക്കുന്നു. എന്നാല്‍ ഇവ സംരക്ഷിക്കാനായി കേന്ദ്ര പുരാവസ്തു വകുപ്പ് (എഎസ്ഐ) വളരെ ചെറിയ തുകയാണ് ചെലവഴിക്കുന്നത്.
ആഗ്രയിലെ എല്ലാ സംരക്ഷിത സ്മാരകങ്ങളുടെയും അറ്റകുറ്റപ്പണികള്‍ക്കായി 2023–24ല്‍ എഎസ്ഐ 23.52 കോടിയാണ് ചെലവഴിച്ചത്. അതേസമയം താജ്മഹല്‍ സന്ദര്‍ശകരില്‍ നിന്നുമാത്രം 98.5 കോടി ലഭിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന മുഗള്‍ സ്മാരകമായ താജ്മഹല്‍ 2019–24 ഘട്ടത്തില്‍ 2.2 കോടി പേര്‍ സന്ദര്‍ശിച്ചതായും 297.33 കോടി വരുമാനം നേടിയതായും വിവരാവകാശ പ്രവര്‍ത്തക എംഎം സുജയ്ക്ക് എഎസ്ഐ നല്‍കിയ മറുപടിയില്‍ പറയുന്നു. 2015 മുതല്‍ 24 സെപ്തംബര്‍ വരെ ടിക്കറ്റ് വില്പനയിലൂടെ താജ്മഹലില്‍ നിന്ന് 535. 62 കോടി ലഭിച്ചു. ആഭ്യന്തര സഞ്ചാരികള്‍ക്ക് ടിക്കറ്റിന് 50 രൂപയും വിദേശികള്‍ക്ക് 1,100 രൂപയുമാണ് നിരക്ക്. താജ്മഹലിനുള്ളിലെ ശവകുടീരം സന്ദര്‍ശിക്കാന്‍ 200 രൂപ പ്രത്യേകം നല്‍കണം. താജ്മഹല്‍ ഷാജഹാന്റെ ഭരണത്തിന് മുമ്പ് നിര്‍മ്മിച്ച ഹിന്ദു ക്ഷേത്രമാണെന്ന് നിരവധി ഹിന്ദുത്വ സംഘടനകള്‍ അവകാശവാദം ഉന്നയിച്ചെങ്കിലും എഎസ്ഐ ഇതെല്ലാം തള്ളിക്കളഞ്ഞു.
അഞ്ച് വര്‍ഷം കൊണ്ട് കുത്തബ് മിനാര്‍ 63.74 കോടിയാണ് നേടിയത്. 92.13 ലക്ഷം സഞ്ചാരികള്‍ ഇക്കാലയളവില്‍ സന്ദര്‍ശനം നടത്തി. ചെങ്കോട്ടയില്‍ 90 ലക്ഷം പേര്‍ സന്ദര്‍ശിക്കുകയും 54.32 കോടി ലഭിക്കുകയും ചെയ്തു. 2014 മുതല്‍ ഇതുവരെ 140 കോടിയാണ് വരുമാനം. ആഗ്ര കോട്ടയില്‍ നിന്ന് 64.84 കോടി രൂപ ടിക്കറ്റ് ഇനത്തില്‍ കിട്ടി. മഹാരാഷ്ട്രയിലെ ഔറംഗാബാദിലുള്ള റാബിയ ദുരാനിയയുടെ ശവകുടീരത്തില്‍ അഞ്ച് വര്‍ഷത്തിനിടെ 42.14 ലക്ഷം സഞ്ചാരികള്‍ സന്ദര്‍ശനം നടത്തി. 68.51 കോടി വരുമാനം കിട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.