
സ്കൂൾ കലോത്സവത്തിൽ മത്സരബുദ്ധിയല്ല സഹജഭാവവും സൗഭാത്രവും ആണ് കൊടിയടയാളം ആകേണ്ടതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അതിനുവേണ്ടത് കുട്ടികളുടെ കലോത്സവം കുട്ടികള്‍ക്ക് വിട്ടുകൊടുക്കുക എന്നതാണ്. 64-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് പൂരനഗരിയായ തൃശ്ശൂരില്‍ കൊടിയേറി. ഏഷ്യയിലെ ഏറ്റവും വലിയ കൗമാരകലോത്സവം എന്നാണ് നാം ഇതിനെ കേട്ടും പറഞ്ഞും ശീലിച്ചത്. ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്തുള്ള ഏഷ്യ വന്‍കരയിലെ ഏറ്റവും വലിയ ഈ കലാമേള പങ്കാളികളുടെയും ഇനങ്ങളുടെയും എണ്ണം കൊണ്ടും വൈവിധ്യം കൊണ്ടും ലോകത്തിലെ തന്നെ ഏറ്റവും വലിയ കൗമാരോത്സവമാണെന്ന് വിശ്വസിക്കാം.
ഒരു ആധുനിക സമൂഹമെന്ന നിലയിലേക്ക് മലയാളിയെ ഏകീകരിക്കുകയും കൈപിടിച്ച് നയിക്കുകയും ചെയ്തത് പൊതു വിദ്യാഭ്യാസമാണ്. ജാതി-മത, സാമ്പത്തിക വ്യത്യാസങ്ങള്‍ക്കതീതമായി ഒരുമിച്ചിരുന്ന് പഠിക്കുക മാത്രമല്ല കളിക്കുകയും പാടുകയും നൃത്തം ചെയ്യുകയും ചെയ്ത് വളർന്ന കുഞ്ഞുങ്ങളാണ് മൈത്രിയുടെയും സാഹോദര്യത്തിന്റെയും മാതൃകാസ്ഥാനമാക്കി കേരളത്തെ മാറ്റിയതെന്ന് അദ്ദേഹം പറഞ്ഞു.
രക്ഷിതാക്കളും അധ്യാപകരും അമിതമായ വിജയാസക്തിയിലേക്ക് കുഞ്ഞുങ്ങളെ തള്ളിവിടാതെയും തങ്ങളുടെ സാന്നിദ്ധ്യവും ദൃശ്യതയും എല്ലാവേദികളിലും പരമാവധി പരിമിതപ്പെടുത്തിയും ഇതിനവസരമൊരുക്കണം. ഇത് മുതിർന്നവരുടെ കഴുത്തറപ്പൻ മത്സരത്തിന്റെ വേദിയല്ല കുട്ടികളുടെ സർഗ്ഗവാസനയുടെയും സൗഹാർദത്തിന്റെയും വേദിയാണെന്ന് അറിയാനും അറിയിക്കാനും ഇനി ഒട്ടും അമാന്തം പാടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.