സഞ്ചാരികൾക്ക് ആവേശമായി ബേപ്പൂരിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജ്. സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ബേപ്പൂർ പോർട്ട് അതോറിറ്റിയും മുൻകൈയെടുത്ത് സംസ്ഥാനത്ത് ആദ്യമായി ഫ്ലോട്ടിംഗ് ബ്രിഡ്ജ് ഒരുക്കിയത്. തിരമാലകൾക്കനുസരിച്ച് ഉയരുകയും താഴുകയും ചെയ്യുന്ന പാലത്തിലൂടെയുള്ള യാത്ര അവിസ്മരണീയമായ അനുഭവമാണെന്ന് സഞ്ചാരികൾ പറയുന്നു.
ബേപ്പൂർ പുലിമുട്ട് വിനോദസഞ്ചാര കേന്ദ്രത്തിന് സമീപമാണ് കടലിലേക്ക് നൂറു മീറ്ററോളം കാൽനടയായി സവാരി ചെയ്യാവുന്ന പാലം. ചാലക്കുടിയിലെ പ്രവാസി കൂട്ടായ്മയായ ‘ക്യാപ്ചർ ഡേയ്സ് അഡ്വഞ്ചർ ടൂറിസം ആൻഡ് വാട്ടർ സ്പോർട്സ്’ സംരംഭകരാണ് പാലം ഒരുക്കിയത്. രാവിലെ 10 മുതൽ വൈകീട്ട് ആറുവരെയാണ് പ്രവേശനം. 100 രൂപയാണ് പ്രവേശന ഫീസ്. പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ബോട്ടുകളും ലൈഫ് ജാക്കറ്റുകളും കൂടാതെ ലൈഫ് ഗാർഡ്, മത്സ്യത്തൊഴിലാളികൾ എന്നിവരുടെ സേവനവും ഉപയോഗപ്പെടുത്തുന്നുണ്ട്. ഉയർന്ന സാന്ദ്രതയുള്ള പോളിയെത്തിലീൻ ബ്ലോക്കുകൾ കൊണ്ടാണ് പാലം നിർമ്മിച്ചിട്ടുള്ളത്. നിലവിൽ ലൈഫ് ജൈക്കറ്റ് ധരിച്ച അമ്പത് മേർക്ക് മാത്രമാണ് പാലത്തിലടെയുള്ള സഞ്ചാരത്തിന് അനുമതി. പാലത്തിനെ 300 കിലോ ഭാരമുള്ള നങ്കൂരം ഉപയോഗിച്ച് ഉറപ്പിച്ചു നിർത്തി സുരക്ഷിതമാക്കിയിട്ടുണ്ട്. ഫൈബർ നിർമിത പാലത്തിൽ ഇൻറർലോക്ക് കട്ടകൾ ലോക്ക് ചെയ്ത് അടുക്കിവെച്ചാണ് കടൽ പരപ്പിന് മുകളിൽ യാത്ര ചെയ്യാനുതകുന്ന രീതിയിൽ സജ്ജീകരിച്ചത്. മൂന്നു മീറ്റർ വീതിയിൽ രണ്ടുഭാഗത്തും കൈവരികളോടെ നിർമ്മിച്ചിട്ടുള്ള പാതയുടെ അവസാന ഭാഗത്ത് 11 മീറ്റർ നീളവും ഏഴ് മീറ്റർ വീതിയിലും ഒഴുകുന്ന സൈറ്റ് സീയിങ് പ്ലാറ്റ്ഫോമും നിർമിച്ചിട്ടുണ്ട്. ഇതിൽനിന്നും കടലിന്റെ ആവാസ വ്യവസ്ഥയും തിരമാലകളുടെ പ്രതിഭാസങ്ങളും അനുഭവിച്ചറിയാം. അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്കും പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും ലഹരി ഉപയോഗിച്ചവർക്കും പ്രവേശനം അനുവദിക്കുകയില്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഫ്ലോട്ടിംഗ് ബ്രിഡ്ജ് ദേശീയ മാധ്യമങ്ങളിലടക്കം വാർത്തയായി മാറിയിട്ടുണ്ട്. ബേപ്പൂരിലെത്തിയ വിനോദസഞ്ചാരികൾ ഫ്ലോട്ടിംഗ് ബ്രിഡ്ജ് ആസ്വദിക്കുന്ന വീഡിയോ എ എൻ ഐ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബേപ്പൂർ മറീന ബീച്ച് ഫ്ളോട്ടിംഗ് ബ്രിഡ്ജ് കഴിഞ്ഞ ദിവസം മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് ആണ് ഉദ്ഘാടനം ചെയ്തത്. സംസ്ഥാനത്ത് കൂടുകൽ ബീച്ചുകളിൽ ഫ്ലോട്ടിംഗ് ബ്രിഡ്ജ് സംരംഭം ആരംഭിക്കാനാണ് കമ്പനിയുടെ തീരുമാനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.