13 December 2025, Saturday

Related news

December 12, 2025
December 7, 2025
December 7, 2025
December 7, 2025
December 2, 2025
December 1, 2025
November 30, 2025
November 29, 2025
November 27, 2025
November 21, 2025

പ്രളയം, ചുഴലിക്കാറ്റ്, കാലാവസ്ഥാ ദുരന്തങ്ങള്‍; ആഭ്യന്തര പലായനം കൂടി

വീടുകള്‍ ഉപേക്ഷിക്കേണ്ടി വന്നത് 54 ലക്ഷം പേര്‍ക്ക്
12 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് 
Janayugom Webdesk
ന്യൂഡല്‍ഹി
May 13, 2025 10:29 pm

കാലാവസ്ഥാ ദുരന്തങ്ങളെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം രാജ്യത്ത് പലായനം ചെയ്തത് 54 ലക്ഷം പേര്‍. പ്രളയം, ചുഴലിക്കാറ്റ് തുടങ്ങിയ പ്രകൃതി ദുരന്തങ്ങളെ തുടര്‍ന്നാണ് കൂടുതല്‍ പേര്‍ക്കും താമസിച്ചിരുന്ന ചുറ്റുപാടുകള്‍ ഉപേക്ഷിച്ച് പോകേണ്ടിവന്നതെന്ന് ജനീവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആഭ്യന്തര പലായന മോണിറ്ററിങ് സെന്ററി(ഐഡിഎംസി)ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ 12 വര്‍ഷത്തെ അപേക്ഷിച്ച് ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇന്ത്യയില്‍ ആകെയുണ്ടായ ആഭ്യന്തരപലായനങ്ങളില്‍ മൂന്നില്‍ രണ്ടും പ്രളയത്തെ തുടര്‍ന്നാണ്. കാലാവസ്ഥാ വ്യതിയാനം, വനനശീകരണം, മണ്ണൊലിപ്പ്, അണക്കെട്ടുകളുടെയും കരകളുടെയും അറ്റകുറ്റപ്പണികളുടെ അഭാവം എന്നിവയാണ് അപകടസാധ്യത വർധിപ്പിക്കുന്ന പ്രധാന ഘടകങ്ങളിൽ ചിലതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2024ല്‍ അതിരൂക്ഷമായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അസമില്‍ 25 ലക്ഷം പലായനങ്ങളുണ്ടായി. ഇത് ഒരു പതിറ്റാണ്ടിനിടെ സംസ്ഥാനത്തുണ്ടായ ഏറ്റവും വലിയ ആഭ്യന്തര പലായനങ്ങളിലൊന്നാണ്.

വന്‍ നാശനഷ്ടങ്ങളുണ്ടാക്കിയ പല പ്രധാന ചുഴലിക്കാറ്റുകള്‍ ഉള്‍പ്പെടെയുള്ള ശക്തമായ കാറ്റുകള്‍ മൂലം 16 ലക്ഷം പലായനങ്ങളും ഈ കാലയളവില്‍ രാജ്യത്തുണ്ടായി. ഒക്ടോബര്‍ അവസാനത്തോടെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ദന ചുഴലിക്കാറ്റിനെ തുടര്‍ന്നാണ് പത്ത് ലക്ഷത്തോളം പലായനങ്ങളുണ്ടായത്, ഒഡിഷ, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍ നിന്നായിരുന്നു ഇത്. ദേശീയ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിന് പിന്നാലെയുണ്ടാകുന്ന നിര്‍ബന്ധിത ഒഴിപ്പിക്കലുകളാണ് ഈ പലായനങ്ങളില്‍ കൂടുതലും. ഇത് സ്കൂളുകള്‍ അടച്ചിടുന്നതിനും ആയിരക്കണക്കിന് താല്കാലിക അഭയകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനും പതിനായിരക്കണക്കിന് ആളുകളെ ഒരുമിച്ച് നിര്‍ത്തേണ്ട സാഹചര്യവും സൃഷ്ടിക്കുന്നു. മേയ് അവസാനത്തോടെ രൂപപ്പെട്ട റെമാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് പശ്ചിമബംഗാളില്‍ നിന്ന് രണ്ടുലക്ഷത്തിലധികം കുടിയിറക്കലുകളുണ്ടായി. റെമാല്‍ വടക്കോട്ട് നീങ്ങിയതോടെ ബ്രഹ്മപുത്രയും പോഷകനദികളും കരകവിയുകയും അസമില്‍ 3,38,000 പലായനങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു. നാല് പതിറ്റാണ്ടിനിടെയുണ്ടായ ഏറ്റവും മോശമായ മഴക്കാലമായിരുന്നു ത്രിപുരയില്‍. ഓഗസ്റ്റ് പകുതിയോടെയുണ്ടായ കനത്ത മഴയില്‍ രണ്ടായിരത്തിലധികം മേഖലകളില്‍ മണ്ണിടിച്ചിലുണ്ടായി. 3,15,000 പലായനങ്ങളും ഇക്കാലയളില്‍ സംസ്ഥാനത്തുണ്ടായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.