6 December 2025, Saturday

Related news

December 5, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025
December 4, 2025
December 3, 2025
December 3, 2025
December 3, 2025
December 3, 2025

കേരളത്തില്‍ പ്രളയ തീവ്രത കൂടുന്നു

വടക്ക് പടിഞ്ഞാറന്‍ ഹിമാലയത്തിലും സ്ഥിതി സമാനം 
Janayugom Webdesk
ന്യൂഡല്‍ഹി
July 7, 2025 9:38 pm

കേരളത്തില്‍ മലബാര്‍ മേഖലയില്‍ പ്രളയ തീവ്രത വര്‍ധിക്കുന്നതായി പഠനം. ഐഐടി ഡല്‍ഹിയും ഐഐടി റൂര്‍ക്കിയും സംയുക്തമായി നടത്തിയ പഠനം നേച്ചര്‍ മാഗസീനില്‍ പ്രസിദ്ധീകരിച്ചു. ഇന്ത്യന്‍ നദീതടങ്ങളിലുണ്ടാകുന്ന പ്രളയത്തിന്റെ വ്യാപ്തിയിലും സമയത്തിലുമുണ്ടാകുന്ന വ്യത്യാസവുമെന്ന പേരിലാണ് ഇന്ത്യയിലെ 173 ഇടങ്ങളില്‍ നിന്നുള്ള ജലത്തിന്റെ ഒഴുക്ക് സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 1970 മുതല്‍ 2010 വരെയുള്ള 40 വർഷത്തെ കാലയളവിൽ രാജ്യത്തിന്റെ ഏകദേശം നാലിൽ മൂന്ന് ഭാഗങ്ങളിലും വെള്ളപ്പൊക്കത്തിന്റെ തീവ്രത കുറഞ്ഞു. എന്നാല്‍ കഴിഞ്ഞ നൂറു വര്‍ഷത്തെ അപേക്ഷിച്ച് വടക്ക് പടിഞ്ഞാറന്‍ ഹിമാലയം, മലബാര്‍ മേഖലകളില്‍ കാലവര്‍ഷത്തിന് മുന്നെയുള്ള പ്രളയത്തിന്റെ തീവ്രത കൂടുതലാണെന്നും പഠനത്തില്‍ പറയുന്നു.
ജൂണ്‍ ഒന്നിന് കാലവര്‍ഷം ആരംഭിച്ചതിന് പിന്നാലെ ഹിമാചല്‍, ഉത്തരാഖണ്ഡ് മേഖലകളിലുണ്ടായ ശക്തമായ മഴയിലും മിന്നല്‍പ്രളയത്തിലും 148 പേരാണ് ഇതുവരെ മരിച്ചത്. ജൂണ്‍ അവസാനമോ ജൂലൈ ആദ്യമോ ഉണ്ടായ കെടുതികളിലാണ് കൂടുതല്‍ പേരും മരിച്ചത്. സിന്ധു, ഗംഗാ നദിയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ജൂലൈ-സെപ്റ്റംബര്‍ മാസങ്ങള്‍ക്കിടയിലുണ്ടാകുന്ന കാലവര്‍ഷത്തേക്കാള്‍ അതിന് മുന്നോടിയായുള്ള മാസങ്ങളിലാണ് തീവ്രത കൂടിയ പ്രളയങ്ങളുണ്ടാകുന്നത്. വെള്ളപ്പൊക്കത്തിന്റെ തീവ്രതയില്‍ വരുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് മാനേജ്മെന്റ് രീതികളില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ വലിയ രീതിയിലുള്ള പ്രത്യാഘാതമുണ്ടാവാമെന്നും പഠനത്തില്‍ പറയുന്നു. 

മലബാര്‍ മേഖലയില്‍ ഓരോ പതിറ്റാണ്ടിലും പ്രളയ തീവ്രത എട്ട് ശതമാനം വീതമാണ് വര്‍ധിക്കുന്നത്. ചാലിയാര്‍, പെരിയാര്‍, ഭാരതപ്പുഴ, വാമനപുരം തുടങ്ങി പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളിലെ പ്രളയതീവ്രത കണക്കാക്കിയാണ് പഠനം നടത്തിയിരിക്കുന്നത്. മലബാര്‍ മേഖലകളില്‍ കാലവര്‍ഷത്തിന് മുന്നേയുണ്ടാകുന്ന പ്രളയം കൃഷിമേഖലയെയാണ് ഗുരുതരമായി ബാധിക്കുന്നതെന്നും പഠനത്തില്‍ പറയുന്നു. ഇന്ത്യയില്‍ പ്രതിവര്‍ഷം പെയ്യുന്ന മഴയുടെ 80 ശതമാനവും ലഭിക്കുന്നത് കാലവര്‍ഷത്തിലാണ്. ഈ കാലത്ത് പ്രളയമുണ്ടാകുന്നത് സാധാരണ പ്രതിഭാസമാണ്. 1975നും 2015നുമിടെ 1,13,390 പേരാണ് പ്രളയത്തില്‍ മരിച്ചത്. പ്രതിവര്‍ഷം ശരാശരി 2765 മരണം വീതം. ഇതില്‍ 85 ശതമാനം പ്രളയവും ജൂണ്‍-സെപ്റ്റംബര്‍ കാലഘട്ടത്തിലാണെന്നും പഠനത്തില്‍ പറയുന്നു. 173 ഇടങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ 74% (128) പ്രദേശങ്ങളിലും പ്രളയ തീവ്രത കുറഞ്ഞിട്ടുണ്ട്. ഇതില്‍ 47 ഇടങ്ങളില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. അതേസമയം 25% വരുന്ന 45 ഇടങ്ങളില്‍ പ്രളയ തീവ്രത വര്‍ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ നാലിടങ്ങളിലാണ് സാരമായ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്. പ്രളയത്തിന്റെ തീവ്രതയിലും സമയത്തിലുമുണ്ടാകുന്ന വ്യത്യാസം പൂര്‍ണമായും മനസിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഗുരുതരമായ സാമ്പത്തിക, പാരിസ്ഥിതിക വെല്ലുവിളികളെ നേരിടേണ്ടതായി വരുമെന്നും പഠനം വിലയിരുത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.