5 December 2025, Friday

Related news

December 4, 2025
December 2, 2025
December 2, 2025
December 1, 2025
December 1, 2025
November 30, 2025
November 29, 2025
November 29, 2025
November 27, 2025
November 27, 2025

ഏഷ്യൻ രാജ്യങ്ങളില്‍ പ്രളയക്കെടുതി; ഒരാഴ്ചയ്ക്കിടെ ഇന്തോനേഷ്യയില്‍ മരിച്ചത് 502 പേർ, ശ്രീലങ്കയിൽ രക്ഷാപ്രവർത്തനത്തിനായി ഇന്ത്യ

Janayugom Webdesk
ജക്കാർത്ത/കൊളംബോ
December 1, 2025 4:56 pm

ഇന്തോനേഷ്യ, ശ്രീലങ്ക, തായ്‌ലൻഡ്, മലേഷ്യ എന്നീ ദക്ഷിണേഷ്യൻ രാജ്യങ്ങളിലുണ്ടായ കനത്ത വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ഒരാഴ്ചയ്ക്കിടെ 502 പേർ ഇന്തോനേഷ്യയിലും 335 പേർ ശ്രീലങ്കയിലും 176 പേർ തായ്‌ലൻഡിലും മൂന്ന് പേർ മലേഷ്യയിലും മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. പ്രളയം ഏറ്റവും കൂടുതൽ നാശമുണ്ടാക്കിയത് ഇന്തോനേഷ്യയിലാണ്. വടക്കൻ സുമാത്ര, പടിഞ്ഞാറൻ സുമാത്ര, ആച്ചെ പ്രവിശ്യകളിലാണ് പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത്. ഇവിടെ മൂന്ന് ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. വടക്കൻ സുമാത്രയിൽ മാത്രം ഇരുനൂറോളം പേരാണ് മരിച്ചത്. 

‘ദിത്വ’ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിലും പ്രളയത്തിലും ശ്രീലങ്കയിൽ കാണാതായ 370 പേർക്കായി തിരച്ചിൽ തുടരുകയാണ്. ഒന്നരലക്ഷത്തോളം പേരെയാണ് ശ്രീലങ്കയിൽ മാറ്റിപ്പാർപ്പിച്ചത്. ഇന്ത്യയുടെ സഹകരണത്തോടെ ഇവിടെ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. ഓപ്പറേഷൻ സാഗർ ബന്ധുവിന്റെ ഭാഗമായി ദേശീയ ദുരന്തനിവാരണ സേനയുടെ 80 അംഗ സംഘത്തെയാണ് ഇന്ത്യ ശ്രീലങ്കയിലേക്ക് അയച്ചത്. കൂടാതെ, വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിൽനിന്നുള്ള രണ്ട് ഹെലികോപ്റ്ററുകളും വ്യോമസേനയുടെ ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനത്തിൽ സജീവമാണ്. 21 ടൺ ദുരിതാശ്വാസ സാമഗ്രികളും ഇന്ത്യ എത്തിച്ചു. കൂടുതൽ സാധനങ്ങളുമായി ഐഎൻഎസ് സുകന്യ കപ്പൽ വിശാഖപട്ടണത്തുനിന്നു പുറപ്പെട്ടിട്ടുണ്ട്. അതിനിടെ, കൊളംബോയുടെ കിഴക്കൻ മേഖലയിലെ കൂടുതൽ സ്ഥലങ്ങളിൽ പ്രളയ മുന്നറിയിപ്പ് നൽകി. 

പ്രളയത്തിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ തിരുവനന്തപുരം, ഡൽഹി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചു രക്ഷാദൗത്യം നടക്കുന്നുണ്ട്. രണ്ട് വിമാനങ്ങളിലായി 247 പേരെ തിരുവനന്തപുരത്തേക്കും ഒരു വിമാനത്തിൽ 76 പേരെ ഡൽഹി ഹിൻഡനിലേക്കും എത്തിച്ചു. സഹായം ആവശ്യമുള്ളവർ +94 773727832 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.