ചാമ്പ്യന്‍സ് ട്രോഫി രണ്ടാം സെമിഫൈനലില്‍ ന്യൂസിലന്‍ഡിന് വമ്പന്‍ സ്കോര്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 362 റണ്‍സെടുത്തു.ടൂർണമെന്റിലെ രണ്ടാം സെഞ്ചുറി കുറിച്ച ഓപ്പണർ രചിൻ രവീന്ദ്ര, 108 റൺസുമായി കിവീസിന്റെ ടോപ് സ്കോററായി. 101 പന്തിൽ 13 ഫോറും ഒരു സിക്സും സഹിതമാണ് രവീന്ദ്ര 108 റൺസെടുത്തത്. കെയ്ൻ വില്യംസൻ 94 പന്തിൽ 10 ഫോറും രണ്ടു സിക്സും സഹിതം 102 റൺെസടുത്ത് പുറത്തായി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഡാരില്‍ മിച്ചലും (49) ഗ്ലെന്‍ ഫിലിപ്സു(49*)മാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ കിവീസിന്റെത് മികച്ച തുടക്കമായിരുന്നു. വില്‍ യങ്-രചിന്‍ രവീന്ദ്ര ഓപ്പണിങ് സഖ്യം 48 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. 23 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത യങ്ങിനെ മടക്കി ലുങ്കി എന്‍ഗിഡിയാണ് ആദ്യ വിക്കറ്റ് വീഴ്ത്തിയത്. എന്നാല്‍, രചിനൊപ്പം രണ്ടാം വിക്കറ്റില്‍ വില്യംസണ്‍ എത്തിയതോടെ കിവീസിന്റെ ബാറ്റിങ് വിരുന്നായിരുന്നു.
രചിന്‍ യഥേഷ്ടം റണ്‍സടിച്ചപ്പോള്‍ തുടക്കത്തില്‍ ശ്രദ്ധയോടെ ബാറ്റ് വീശിയ വില്യംസണ്‍ നിലയുറപ്പിച്ചതോടെ ഗിയര്‍ മാറ്റി. ഇരുവരും ചേര്‍ന്നെടുത്ത 164 റണ്‍സാണ് കിവീസ് ഇന്നിങ്‌സിന്റെ നട്ടെല്ല്. റബാഡയാണ് രചിനെ പുറത്താക്കി ദക്ഷിണാഫ്രിക്കയ്ക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. രചിന്‍ രവീന്ദ്രയ്ക്ക് പിന്നാലെ 90 പന്തില്‍ 15-ാം ഏകദിന സെഞ്ചുറി തികച്ച് വില്യംസണ്‍ പുറത്തായി. ഇരുവരും പുറത്തായെങ്കിലും പിന്നീടെത്തിയ ഡാരില്‍ മിച്ചലും ഗ്ലെന്‍ ഫിലിപ്സും തകര്‍ത്തടിച്ചതോടെ കിവീസ് 362 റണ്‍സിലെത്തി. മൈക്കൽ ബ്രേസ്‌വെൽ 12 പന്തിൽ രണ്ടു ഫോർ സഹിതം 16 റൺസെടുത്തു. ടോം ലാതം അഞ്ച് പന്തിൽ നാലു റണ്‍സെടുത്ത് പുറത്തായി. മിച്ചൽ സാന്റ്നർ ഒരു പന്തിൽ രണ്ടു റൺസുമായി പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്‍ക്കായി ലുങ്കി എൻഗിഡി 10 ഓവറിൽ 72 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി. കഗീസോ റബാദ 10 ഓവറിൽ 70 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. ആറ് ഓവറിൽ 48 റൺസ് വഴങ്ങിയ വിയാൻ മുൾഡറിനും ഒരു വിക്കറ്റ് ലഭിച്ചു. 10 ഓവറിൽ 79 റൺസ് വഴങ്ങി വിക്കറ്റൊന്നുമില്ലാതെ തിരിച്ചുകയറിയ മാർക്കോ യാൻസൻ നിരാശപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.