31 December 2025, Wednesday

കേന്ദ്രത്തിന്റെ വക ഭക്ഷ്യ‑വളം; സബ്‌സിഡിക്കും വെട്ട്

Janayugom Webdesk
ന്യൂഡല്‍ഹി
January 3, 2023 11:20 pm

രാജ്യത്തെ സാധാരണക്കാരുടെ ജീവിതദുരിതമേറ്റി ഭക്ഷ്യ‑വളം സബ്‌സിഡിക്കുള്ള ചെലവ് കേന്ദ്രസര്‍ക്കാര്‍ വെട്ടിച്ചുരുക്കുന്നു. കുതിച്ചുയരുന്ന ധനക്കമ്മി കണക്കിലെടുത്ത് ഇരുസബ്സിഡികളുടെയും തുക 3.7 ലക്ഷം കോടിയായി കുറയ്ക്കാനാണ് ധനമന്ത്രാലയം ലക്ഷ്യമിടുന്നത്. നടപ്പുസാമ്പത്തിക വർഷത്തേക്കാൾ 26 ശതമാനം കുറവായിരിക്കും അടുത്ത ബജറ്റിലുണ്ടാവുക. ഈ സാമ്പത്തിക വർഷം ഇന്ത്യയുടെ മൊത്തം ബജറ്റ് ചെലവായ 39.45 ലക്ഷം കോടിയുടെ എട്ടിലൊന്ന് ഭക്ഷ്യ‑വളം സബ്‌സിഡികൾ മാത്രമാണെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. ഭക്ഷ്യ സബ്‌സിഡി അടുത്ത സാമ്പത്തിക വർഷത്തിൽ ഏകദേശം 2.3 ലക്ഷം കോടിയായി കുറയ്ക്കും. നടപ്പുസാമ്പത്തിക വര്‍ഷം ഇത് 2.7 ലക്ഷം കോടിയായിരുന്നു. നിലവില്‍ സൗജന്യ ഭക്ഷ്യധാന്യ വിതരണം ഭക്ഷ്യസുരക്ഷാ പദ്ധതിയുമായി ലയിപ്പിച്ചതിലൂടെ കേന്ദ്രസര്‍ക്കാരിന് വന്‍ ലാഭം കണ്ടെത്താനായിട്ടുണ്ട്. 80 കോടിയോളം പേര്‍ക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ നല്‍കുമെന്ന് മോഡി അവകാശപ്പെടുമ്പോഴും വിഹിതത്തിന് പുറമെയുള്ള ധാന്യം പൊതുവിപണിയില്‍ നിന്നും വാങ്ങേണ്ടി വരും. 

വളം സബ്സിഡിക്ക് ചെലവഴിക്കുന്ന തുക 1.4 ലക്ഷം കോടിയായി ചുരുക്കുമെന്നും ധനമന്ത്രാലയ വൃത്തങ്ങളില്‍ നിന്നും സൂചനയുണ്ട്. നടപ്പുസാമ്പത്തിക വര്‍ഷം ഇത് 2.3 ലക്ഷം കോടിയായിരുന്നു. എന്നാൽ വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ സബ്‌സിഡികൾ കുറയ്‌ക്കുന്നത് രാഷ്ട്രീയമായി തിരിച്ചടിക്കുമോ എന്ന ഭയം കേന്ദ്രസര്‍ക്കാരിനുണ്ട്. ഏപ്രില്‍-നവംബര്‍ കാലയളവില്‍ രാജ്യത്തെ ധനക്കമ്മി 9,78,000 കോടിയിലെത്തിയതായി ധനമന്ത്രാലയത്തിന്റെ കണക്കുകള്‍ കഴിഞ്ഞയാഴ്ച പുറത്തുവന്നിരുന്നു. വരവും ചെലവും തമ്മിലുള്ള അന്തരം വാര്‍ഷിക ലക്ഷ്യത്തിന്റെ 58.9 ശതമാനം നവംബര്‍ കൊണ്ട് പിന്നിട്ടുകഴിഞ്ഞു. ബജറ്റ് പ്രകാരമുള്ള പദ്ധതികള്‍ക്ക് ഇനിയും ഫണ്ട് നല്‍കാന്‍ സമയം ബാക്കിനില്‍ക്കുമ്പോള്‍ ധനക്കമ്മി ഇത്രയേറെ വര്‍ധിച്ചത് നിലവില്‍ വന്‍ പ്രതിസന്ധിയായി മാറിയിട്ടുണ്ട്. ഇന്ത്യയടക്കം ലോകരാജ്യങ്ങള്‍ സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലാകുമെന്ന വിലയിരുത്തലുകളും ചെലവുചുരുക്കലിനും വെട്ടിക്കുറയ്ക്കലിനും പശ്ചാത്തലമായി മാറുന്നുണ്ട്. 

Eng­lish Summary;Food-Fertilizer by the Cen­tre; Sub­sidy also cut
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 31, 2025
December 31, 2025
December 31, 2025
December 31, 2025
December 31, 2025
December 31, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.