പിഎം പോഷണ്‍ പദ്ധതി പ്രകാരം രാജ്യത്തെ സ്കൂളുകളില്‍ വിതരണം ചെയ്തു വരുന്ന ഉച്ചക്കഞ്ഞിയില്‍ പോഷക ദാരിദ്ര്യം. ഭക്ഷ്യ വിലയില്‍ കുതിപ്പ് തുടരുന്നതോടെയാണ് സ്കൂളുകളിലെ ഉച്ചക്കഞ്ഞിയില്‍ പോഷകത്തിന്റെ അഭാവം നിഴലിച്ചുതുടങ്ങിയിരിക്കുന്നത്.
2021 ലാണ് സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയെ പി എം പോഷണ്‍ എന്ന് മോഡി സര്‍ക്കാര്‍ പുനര്‍ നാമകരണം ചെയ്തത്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ സര്‍വ്വ ശിക്ഷാ അഭിയാന്‍ പദ്ധതിയിലാണ് പിഎം പോഷണ്‍ ഉള്‍പ്പെടുന്നത്. വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കുകയും 14 വയസു വരെയുള്ള കുട്ടികള്‍ക്ക് സ്കൂള്‍ വിദ്യാഭ്യാസം നിര്‍ബന്ധമാക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികളെ സ്കൂളിലേക്ക് ആകര്‍ഷിക്കാനും കുട്ടികളുടെ പോഷകാഹാര ലഭ്യത വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി ആവിഷ്കരിച്ചത്.
സ്കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ മുട്ടയും പാലും പരിപ്പ് വര്‍ഗങ്ങളും പച്ചക്കറിയും ചപ്പാത്തിയും ചോറുമൊക്കെ ഉണ്ടായിരുന്ന കാലം ഇപ്പോള്‍ ഓര്‍മ്മയായി. പോഷക സമൃദ്ധമെന്നതിനപ്പുറം വിശപ്പകറ്റല്‍ എന്ന നിലയിലേക്ക് സ്കൂള്‍ ഉച്ചഭക്ഷണം മാറി. സ്കൂള്‍ ഉച്ചഭക്ഷണത്തിനായി കേന്ദ്രം നല്‍കുന്ന തുക വിലക്കയറ്റത്തിന് ആനുപാതികം അല്ലാത്തതിനാല്‍ സ്കൂള്‍ അധികൃതര്‍ക്ക് വിഭവങ്ങളില്‍ കുറവു വരുത്താതെ മുന്നോട്ടു പോകാനാകില്ലെന്ന അവസ്ഥ സംജാതമായതോടെയാണ് പിഎം പോഷണ്‍ പദ്ധതിയില്‍ നിന്നും പോഷണം പുറത്തായത്.
ഇന്ത്യന്‍ സാമ്പത്തിക രംഗം ആഗോള തലത്തില്‍ കുതിപ്പിലെന്ന് ഇടതടവില്ലാതെ കേന്ദ്രം ആണയിടുന്നു. ഉച്ചക്കഞ്ഞിയുടെ കാര്യത്തില്‍ പക്ഷെ സര്‍ക്കാര്‍ കണ്ണടച്ച് ഇരുട്ടാക്കുകയും ചെയ്യുന്നു. പിഎം പോഷണ്‍ പദ്ധതി പ്രകാരം പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥിക്ക് ഉച്ചഭക്ഷണത്തിനായി 5.45 രൂപയും അപ്പര്‍ പ്രൈമറി വിഭാഗത്തിന് 8.17 രൂപയുമാണ് കേന്ദ്ര സര്‍ക്കാര്‍ വകയിരുത്തല്‍. ഈ തുകയില്‍ 2022 മുതല്‍ വര്‍ധന ഉണ്ടായിട്ടില്ല. അതേസമയം ഭക്ഷ്യ സാധനങ്ങളുടെ വിലക്കയറ്റം ഏതാണ്ട് പത്ത് ശതമാനവും ഭക്ഷ്യ എണ്ണയുടെയും പരിപ്പു വര്‍ഗങ്ങളുടെയും വിലയിലെ കുതിപ്പ് അതിലേറെയും.
പോഷകഗുണമുള്ള ഭക്ഷണം ലഭ്യമല്ലാത്തത് കുട്ടികളുടെ വളര്‍ച്ചക്കൊപ്പം ആരോഗ്യ സുരക്ഷയ്ക്കും വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥിക്ക് 450 കാലറിയും 12 ഗ്രാം പ്രോട്ടീനുമാണ് പദ്ധതി പ്രകാരം വിഭാവനം ചെയ്യുന്നത്. അപ്പര്‍ പ്രൈമറിയില്‍ ഇത് 700 കാലറിയും 20 ഗ്രാം പ്രോട്ടീനും. നിലവിലെ ഉച്ചഭക്ഷണത്തിന്റെ കാലറി കണക്കുകള്‍ പരിശോധനയ്ക്ക് വിധേയമാക്കാത്തത് സര്‍ക്കാരിന് പിടിവള്ളിയാകും.
2024–25 ബജറ്റില്‍ പിഎം പോഷണ്‍ പദ്ധതിക്കായി 12,467.39 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 2022–23 ബജറ്റില്‍ ഇത് 12,680.97 കോടി രൂപയായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി വിലക്കയറ്റം കുതിക്കുന്ന കാര്യം അറിയാത്തതുകൊണ്ടാകം ഇക്കുറി തുകയില്‍ കുറവു വരുത്തിയത്. രാജ്യത്തെ പതിനൊന്നര ലക്ഷത്തോളം വരുന്ന സര്‍ക്കാര്‍, എയ്ഡഡ്, മുനിസിപ്പല്‍, മദ്രസ ഉള്‍പ്പെടെയുള്ള സ്കൂളുകളിലെ 12 കോടിയോളം വിദ്യാര്‍ത്ഥികളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. വിലക്കയറ്റം പിടിച്ചു നിര്‍ത്താനോ അല്ലെങ്കില്‍ സര്‍വ ശിക്ഷാ അഭിയാന്‍ പ്രകാരം ഉച്ചഭക്ഷണത്തിന് കൂടുതല്‍ തുക അനുവദിക്കാനോ കേന്ദ്രം തയ്യാറാകണമെന്നാണ് ആവശ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.