17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 15, 2024
September 17, 2024
July 25, 2024
March 24, 2024
March 24, 2024
January 25, 2024
January 18, 2024
December 9, 2023
August 17, 2023
February 12, 2023

ഭക്ഷ്യവിതരണവും കുത്തകകള്‍ക്ക്

Janayugom Webdesk
ന്യൂഡല്‍ഹി
September 28, 2022 12:10 am

കോവിഡ് പകർച്ചവ്യാധിയുടെ മൂർധന്യത്തിൽ കുപ്രസിദ്ധമായ കാർഷിക നിയമങ്ങളും ലേബർ കോഡുകളും പാസാക്കല്‍, കോവിഡ് വാക്സിനേഷൻ സ്വകാര്യവല്ക്കരണം, സമ്പദ്‌വ്യവസ്ഥ മന്ദഗതിയിലാകുമ്പോൾ കോർപറേറ്റ് നികുതി വെട്ടിക്കുറയ്ക്കല്‍ തുടങ്ങിയ നയങ്ങളുടെ പിന്തുടര്‍ച്ചയായി ഭക്ഷ്യധാന്യങ്ങളുടെ സംഭരണവും വിതരണവും സ്വകാര്യ മേഖലയ്ക്ക് കെെമാറാനുറച്ച് മോഡി സര്‍ക്കാര്‍. സബ്‌സിഡിയോടെ ലഭിക്കുന്ന ഭക്ഷ്യധാന്യത്തെ മാത്രം ആശ്രയിക്കുന്ന ദശലക്ഷക്കണക്കിന് ജനങ്ങളുടെ പട്ടിണിക്ക് ഇത് കാരണമായേക്കാമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്.
ഏതാനും ദിവസം മുമ്പ് റോളർ ഫ്ലോർ മില്ലേഴ്‌സ് അസോസിയേഷന്റെ യോഗത്തില്‍ സംസാരിക്കവേ കേന്ദ്ര ഭക്ഷ്യ വകുപ്പ് സെക്രട്ടറി സുധാൻഷു പാണ്ഡെയാണ് സ്വകാര്യവല്ക്കരണത്തെക്കുറിച്ച് സൂചിപ്പിച്ചത്. അടുത്ത വർഷം മുതൽ ഭക്ഷ്യധാന്യ സംഭരണം ഏറ്റെടുക്കാൻ സ്വകാര്യ സംരംഭകരെ ക്ഷണിക്കുമെന്ന് പാണ്ഡെ പറഞ്ഞു. ഈ വിഷയത്തിൽ സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രം കത്തയച്ചിട്ടുണ്ട്. ജൂണിൽ ലണ്ടനിൽ നടന്ന ഇന്റർനാഷണൽ ഗ്രെയിൻസ് കോൺഫറൻസില്‍ (ഐജിസി) പങ്കെടുത്തപ്പോള്‍, സ്വകാര്യ കമ്പനികൾ കൂടുതൽ കാര്യക്ഷമമായി സംഭരണ ​​പ്രവർത്തനങ്ങൾ നടത്തുന്നതായി ബോധ്യപ്പെട്ടുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ആഗോള ബാങ്കുകൾ, കൺസൾട്ടൻസികൾ, ബഹുമുഖ വായ്പാ ഏജൻസികൾ എന്നിവയുടെയും അന്താരാഷ്ട്ര ധാന്യ ഉല്പാദകരുടെയും വ്യാപാരികളുടെയും പ്ലാറ്റ്ഫോമാണ് ഐജിസി.
ഭക്ഷ്യസംഭരണത്തിനുള്ള അപ്രതീക്ഷിത ചെലവുകള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്കുന്ന ധനസഹായം രണ്ട് ശതമാനമായി നിജപ്പെടുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ചെലവിന്റെ 6–8 ശതമാനം വരെയാണ് നിലവില്‍ സഹായമായി നല്കുന്നത്. ഇത് വളരെ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. ആവശ്യക്കാർക്ക് താങ്ങാവുന്ന വിലയിൽ ഭക്ഷ്യധാന്യം ഉറപ്പാക്കുന്ന പൊതുവിതരണ ശൃംഖലയിലെ ഏറ്റവും നിർണായകമായ ചുവടുമാറ്റമാണിത്.
ഗോതമ്പ് പൂഴ്ത്തിവെപ്പുകാർക്കെതിരെ നടപടിയെടുക്കുമെന്നും വ്യാപാരികളോട് സ്റ്റോക്ക് പ്രഖ്യാപിക്കാൻ ആവശ്യപ്പെടുമെന്നും സ്റ്റോക്കിന് പരിധി ഏർപ്പെടുത്തുമെന്നും പാണ്ഡെ പറഞ്ഞിരുന്നു. സംഭരിച്ചിട്ടും കയറ്റുമതി ചെയ്യാത്ത ഗോതമ്പ് ശേഖരം കണ്ടെത്തുകയാണ് ഉദ്ദേശ്യമെന്ന് പ്രത്യക്ഷത്തില്‍ തോന്നാമെങ്കിലും ഇത് സാവധാനം ഓപ്പൺ മാർക്കറ്റിലേക്കുള്ള വഴിതുറക്കലാണ്. ഉല്പാദനക്കുറവ് മൂലം കുറച്ച് മാസങ്ങളായി ഗോതമ്പ് വില ഉയര്‍ന്നു നില്ക്കുമ്പോഴും റേഷൻ കടകൾ വഴിയുള്ള വിതരണം സുഗമമാക്കുമെന്ന ഒരു പ്രഖ്യാപനവും ഭക്ഷ്യ സെക്രട്ടറിയില്‍ നിന്നുണ്ടായില്ല.
2020 മേയ് മുതൽ അഞ്ച് കിലോ ഭക്ഷ്യധാന്യം സൗജന്യമായി നല്കുന്ന പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പിഎംജികെഎവൈ) ഏതാനും ദിവസങ്ങൾക്കുള്ളിൽ അവസാനിക്കും. ഇത് നീട്ടണമെന്ന ആവശ്യം പൊതുവേ ഉയർന്നിട്ടുണ്ടെങ്കിലും സർക്കാരിൽ നിന്ന് ഇതുവരെ അനുകൂല സൂചന ഉണ്ടായിട്ടില്ല. സര്‍ക്കാരിന് ‘അധികച്ചെലവ്’ ആണെന്നും പദ്ധതി നിർത്തണമെന്നും വേണ്ടപ്പെട്ട ‘വിദഗ്ധർ’ വാദിക്കുകയും ചെയ്യുന്നു. സംഭരണം കുറഞ്ഞ സാഹചര്യം ഒരര്‍ത്ഥത്തില്‍ സർക്കാരിന് സൗകര്യപ്രദമാണ്. എന്നാല്‍ നടപടി ജനങ്ങളുടെ അപ്രീതിക്കിടയാക്കും എന്നതാണ് മോഡി സർക്കാരിനെ തളർത്തുന്നത്. അതുകൊണ്ട് പ്രധാനമന്ത്രി തന്നെ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കട്ടെ എന്ന നിലപാടുകൊണ്ടാണ് പ്രഖ്യാപനം നീളുന്നത്.
ഈ വർഷം ഗോതമ്പ് സംഭരണം 56 ശതമാനത്തോളം കുറയുകയും ഭക്ഷ്യ സ്റ്റോക്കുകൾ ഏറ്റവും താഴ്ന്ന നിലവാരത്തിലാവുകയും ചെയ്യുന്ന സമയത്താണ് വിരോധാഭാസമായി സ്വകാര്യവല്ക്കരണം നടപ്പാക്കുന്നത്. ഇത് വരും മാസങ്ങളിൽ പൊതുവിതരണവും ഭക്ഷ്യസുരക്ഷയും വീണ്ടെടുക്കാനാകാത്തവിധം തകരാറിലാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

Eng­lish Sum­ma­ry: Food sup­ply to corporates

You may like this video also

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.