19 December 2024, Thursday
KSFE Galaxy Chits Banner 2

മെസിക്കും ഉയരെ നെയ്മര്‍; കളിയാരവത്തില്‍ മുങ്ങി പുള്ളാവൂര്‍

Janayugom Webdesk
കോഴിക്കോട്
November 4, 2022 8:06 pm

ഖത്തര്‍ ലോകകപ്പിന് ദിവസങ്ങള്‍ അവശേഷിക്കെ ആവേശം വാനോളമുയര്‍ത്തി ഫുട്ബോള്‍ ആരാധകര്‍. കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പുള്ളാവൂരിൽ ആരാധകർ ഉയർത്തിയ മെസിയുടേയും നെയ്മറിന്റേയും കൂറ്റന്‍ കട്ടൗട്ടുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ തരംഗമാകുന്നത്. പുള്ളാവൂര്‍ ചെറുപുഴയ്ക്ക് ഒത്തനടുവിലായി മെസി ആരാധകര്‍ ഉയര്‍ത്തിയ കട്ടൗട്ടിന് സമീപത്തായി നെയ്മറിന്റെ കട്ടൗട്ട് ഉയര്‍ത്തിയാണ് ബ്രസീല്‍ ഫാന്‍സുകാര്‍ ആവേശം തീര്‍ത്തത്.

ചെറുപുഴയുടെ കരയോടുചേർന്നാണ് 40 അടി ഉയരമുള്ള നെയ്മറുടെ കട്ടൗട്ട് സ്ഥാപിച്ചിട്ടുള്ളത്. 30 അടി ഉയരമുള്ള മെസിയുടെ കട്ടൗട്ടാണ് അര്‍ജന്റീന ആരാധകര്‍ ആദ്യം ഉയർത്തിയത്. ഇതിനെ മറികടക്കാനായാണ് ലോകകപ്പ് ചരിത്രത്തിലെ അഞ്ചുകിരീടങ്ങളുടെ മാതൃകയും ചേർത്തുവച്ച് നെയ്മറുടെ കട്ടൗട്ട് സ്ഥാപിച്ചത്. മെസിയുടെ കട്ടൗട്ടിന് മുപ്പതിനായിരമാണ് ചെലവെങ്കിൽ നാൽപ്പതിനായിരമാണ് നെയ്മറിനായി ചെലവഴിച്ചത്. വൈകാതെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കട്ടൗട്ടും ഇവിടെ സ്ഥാപിക്കുന്നുണ്ട്. പിന്നാലെ മറ്റ് കളിക്കാരുടെ ആരാധകരും കട്ടൗട്ടുകളുമായി പുഴയിൽ സ്ഥാനംപിടിക്കാനുള്ള ഒരുക്കത്തിലാണ്. അർജന്റീന ഫാൻസ് ക്ലബ്ബിലെ ഒരംഗവും വീഡിയോ എഡിറ്ററുമായ ഇയാസ് ഫോണിൽ പകർത്തിയ മെസിയുടെ കട്ടൗട്ടിന്റെ വീഡിയോ വിദേശ മാധ്യമങ്ങളിലടക്കം വൈറലായിരുന്നു. അർജന്റീന ടീമിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജും ചിത്രം പങ്കുവെച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.