ലോകത്ത് 211 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഫുട്ബോള്‍ എന്ന മഹാപ്രസ്ഥാനത്തിന്റെ കരുത്ത് ഫുട്ബോള്‍ മത്സരത്തിൽ കളിക്കുന്ന കളിക്കാരുടെ വൈകാരിക ബന്ധം കൂടിയാണ്. കൂടെ കളിക്കുന്ന കളിക്കാരൻ കറുത്തവനോ, വെളുത്തവനോ, ഏത് മതക്കാരൻ, ഏത് രാജ്യക്കാരൻ, ആഫ്രിക്കയാണോ, ഏഷ്യയാണോ, സ്പെയിനാണോ ദ്വീപ് രാജ്യമാണോ, അറബിനാടാണോ എന്നൊന്നും ചിന്തിക്കാതെ മനുഷ്യൻ എന്ന മഹത്തരമായ പദത്തിൽ മൈതാനത്ത് കളിക്കുന്ന കളിക്കാർക്ക് പ്രാദേശിക വിഭജനം നിശ്ചയിച്ചാൽ ഫുട് ബോൾ വളർച്ചയും പ്രചാരവും ശുഷ്കമാകും. ബ്രസീൽ ടീമിൽ ഇനിമുതൽ രാജ്യത്തിന് പുറത്തുള്ള ക്ലബ്ബുകളിൽ കളിക്കുന്ന കളിക്കാർ വേണ്ടെന്ന നിര്‍ദേശം നൽകുമെന്നാണ് ബ്രസീൽ പ്രസിഡന്റ് ഡാസിൽവ പരസ്യമായി പറഞ്ഞിരിക്കുന്നത്. ബ്രസീൽ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റിനോട് ഈ കാര്യം നിര്‍ദേശിച്ചുവെന്നും അറിയിച്ചു. എല്ലാ വലിയ കളിക്കാരും യൂറോപ്പിലെ ക്ലബ്ബുകളിൽ കളിക്കുന്നവരാണ്. ലോകകപ്പ് മത്സരത്തിന്റെ ഇടവേളകളിൽ അവർ രാജ്യത്തിന് വേണ്ടികളിക്കും.
ലോകമാകെയുള്ള പ്രൊഫഷണൽ ക്ലബ്ബുകളിൽ കളിക്കുന്നവർക്ക് വിവിധ രാജ്യങ്ങളിലെ കളിക്കാരുടെ ശൈലികൾ മനസിലാക്കി സ്വന്തം കളിയിൽ മാറ്റം വരുത്തുവാനും പുരോഗതി കൈവരിക്കാനും കഴിയുന്നുണ്ട്. മെസിയെന്ന ലോകതാരത്തെ 14 വയസിൽ ടീമിൽ കൊണ്ടു വന്നു ജീവന് തന്നെ ഭീഷണിയാകുന്ന മാറാത്ത രോഗം ചികിത്സിച്ചു മാറ്റി, ലോകമറിയുന്ന മികച്ച കളിക്കാരനാക്കിയത് ബാഴ്സലോണയാണ്. ഒരു കളിയിൽ പുതിയ കളിക്കാർ നന്നായി കളിച്ചാൽ അവരെ കൊണ്ട് ഫിഫാ കപ്പ് നേടാം എന്ന പുതിയ വെളിപാട് നിരര്‍ത്ഥകമായിരിക്കും. ബ്രസീൽ ജനതയും ഇതിനെ സ്വീകരിക്കില്ല. ലോകമാകെ ആരാധക പ്രവാഹമുള്ള ബ്രസീൽ ടീം നിറം മങ്ങിയാൽ ആ രാജ്യത്തിലെ ഫുട്ബോളിന് മാത്രമല്ല ലോക ഫുട്ബോളിനും വലിയ നഷ്ടമാകും.
മൂന്നാമത്തെ ഫിഫാ പ്രസിഡന്റായിരുന്ന യൂൾ റിമെയെന്ന ഫുട്ബോളിന്റെ രക്ഷകനും ഭാവനാശാലിയുമായ മഹാന്റെ ദീർഘവീക്ഷണമാണ് ഇന്ന് കാണുന്ന ലോകഫുട്ബാളിന്റെ അടിത്തറ. ലോക ഫുട്ബോളിലെ കളികളുടെ മഹാപൂരമാണല്ലോ ലോകകപ്പ്. ഇത്തവണത്തെ ലോകകപ്പ് 2026ലാണ്. നിലവിലുള്ള ചാമ്പ്യന്മാരായ അർജന്റീന വളരെ നേരത്തെ തന്നെ കളിക്കൊരുങ്ങികഴിഞ്ഞു. മെസിയുടെ വിരമിക്കൽ അടുത്ത ലോകകപ്പിന് ശേഷം മാത്രമേയുള്ളുവെന്ന് പ്രഖ്യാപിക്കുകയും ഒരുക്കങ്ങൾ ആരംഭിക്കുകയുമാണ്. എല്ലാഭാഗത്തും ക്വാളിഫൈയിങ് മത്സരങ്ങൾ നടക്കുകയാണ്. അതിൽ ഏറെപ്രധാനമായ മത്സരങ്ങൾ നടക്കുന്നത് ലാറ്റിനമേരിക്കയിലാണ്. അവിടെനിന്ന് അർജന്റീനയും ബ്രസീലും, ഉറുഗ്വെയും മുമ്പ് പലവട്ടം ലോക ചാമ്പ്യൻഷിപ്പ് നേടിയവരാണ്. മറ്റുടീമുകളായ കൊളംബിയയും, ചിലിയും, ഇത്തവണ കരുത്തരാണെന്ന് ക്വാളിഫയിങ്ങിൽ കണ്ടു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞദിവസം നടന്ന കളികളിൽ ബ്രസീൽ ജയിക്കുകയും അർജന്റീന സമനില പാലിക്കുകയും ചെയ്തു. ഇപ്പോ ൾ അർജന്റീന പോയിന്റ് നിലയിൽ ഒന്നാമതാണ്. രണ്ടാമത് കൊളംബിയയാണ്. തോൽവി അറിയാത്ത കൊളംബിയ ബൊളീവിയയുടെ മുന്നിൽ മുട്ടുകുത്തിയെങ്കിലും രണ്ടാംസ്ഥാനത്ത് സുരക്ഷിതരാണ്.
ബ്രസീൽ പ്രധാനപ്പെട്ട നാലുകളിക്കാരില്ലാതെയാണ് കളിക്കളത്തിലെത്തിയത് വിനീഷ്യസും ഗോളി അലിസണും എൻഡ്രിക്കും ഇല്ലാതെ ഇറങ്ങിയ മഞ്ഞപ്പട തുടക്കത്തിൽ മന്ദഗതിയിലാണെങ്കിലും ഒരുഗോൾ വാങ്ങിയപ്പോൾ നന്നായി പൊരുതി മുന്നേറുകയും 2–1ന് ജയിക്കുകയും ചെയ്തു. ചിലിയായിരുന്നു എതിരാളികൾ. അർജന്റീന വെനിസ്വേലയുമായി സമനില പാലിച്ചു. കൊളംബിയയും ഉറുഗ്വെയും കഴിഞ്ഞാൽ നാലാം സ്ഥാനത്താണ് ബ്രസീൽ. ക്വാളിഫൈയിങ് കഴിഞ്ഞ് ലോകകപ്പ് മത്സരങ്ങളിൽ കടന്നുവരുമെന്നതിൽ സംശയമില്ല. എങ്കിലും കഴിഞ്ഞ 22 വർഷമായി കപ്പ് കിട്ടാത്ത പെലെയുടെ നാട്ടുകാർക്ക്. ഇപ്പോഴെങ്കിലും ഒരു ജയം അനിവാര്യമാണ്. ചിരകാല വൈരികളായ അർജന്റീന ഒരിക്കൽ കൂടി കപ്പിന് വേണ്ടി ആഞ്ഞ്കളിക്കുമ്പോൾ നെയ്മറുടെ പരിക്ക് ഭേദമായി കളിക്കാനിറങ്ങി വിജയം കണ്ടെത്താമെന്ന മോഹത്തിലാണ് അവർ.
കഴിഞ്ഞ കളിയിൽ ചിലിയോട് തുടക്കത്തിൽ തന്നെ പിന്നിൽ നിന്ന് തിരിച്ചടിച്ചു സമനിലവാങ്ങി. അവസാനനിമിഷത്തിൽ വിജയഗോൾ നേടിയ ആവേശത്തിലാണ് അവർ. മാത്രമല്ല, വിനീഷ്യസും അലിസണും റോഡ്രിഗോയും ഇല്ലാതിരുന്നിട്ടും ബ്രസീലിലെ പ്രാദേശിക ടീമുകളിൽ നിന്നും സെലക്ട് ചെയ്ത പുതുമുഖങ്ങൾ ഗോൾ നേടി ചരിത്രം എഴുതിച്ചേർത്തത് ആശാവഹമാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി നെയ്മറുടെ വരവിനായി കാത്തിരിക്കുന്ന ജനതയ്ക്ക് ഇത് ഒരു പുതുമ തന്നെയാണ്. ഇത്തവണ ലോകകപ്പ് നേടണമെന്ന് കരുതിയാണ് നെയ്മർ ഒഴികെയുള്ള താരങ്ങളുടെ സെലക്ഷൻ പുതിയ കോച്ച് നടത്തിയത്. അവസാന ഘട്ടത്തിൽ നെയ്മറും ചേരുമെന്നാണ് കരുതിയത്. പരിക്കിന്റെ കുരുക്കിൽ കളിക്കളത്തിൽ കൂടുതൽസമയവും കാഴ്ചക്കാരനാകുന്ന നെയ്മർക്കും 2026ലെ ലോകകപ്പ് പ്രതീക്ഷയാണ്. വിനീഷ്യസും കപ്പാസിറ്റിയുള്ള കളിക്കാരനാണ്. ക്വാളിഫൈയിങ്ങിൽ വിനീഷിന്റെ സാന്നിധ്യം ബ്രസീലിന് അനിവാര്യമാണെന്ന് എല്ലാവർക്കും അറിയാം. ബ്രസീൽ കളിച്ച ഒമ്പതുകളികളിൽ നാലുകളികളിൽ വിനീഷ്യസ് ഉണ്ടായിരുന്നു. അഞ്ച് കളികളിൽ ഇറങ്ങിയില്ല. വിനീഷ്യസ് ഇല്ലാതെ കളിച്ച നാലുകളികളിൽ ഒരു ജയം മൂന്ന് തോൽവി. കളിച്ച നാലുകളികളിൽ മൂന്ന് ജയവും ഒരു സമനിലയും. മൊത്തം 19 പോയിന്റിൽ 10 പോയിന്റും വിനീഷ്യസ് കളിച്ച മത്സരങ്ങളിലാണെന്നതും ശ്രദ്ധേയം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.