22 December 2024, Sunday
KSFE Galaxy Chits Banner 2

കാ‍ര്‍ബണ്‍ ന്യൂട്രല്‍ കായിക ലോകത്തിനായി

Janayugom Webdesk
November 19, 2024 10:38 pm

ലോകജനത വർത്തമാനകാലത്ത് അഭിമുഖീകരിക്കുന്ന വെല്ലുവിളികളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അപ്രതീക്ഷിതവും ക്രമാതീതവുമായി ഉണ്ടാകുന്ന കാലാവസ്ഥാവ്യതിയാനം. നമ്മുടെ രാജ്യ തലസ്ഥാനമായ ഡൽഹി ഉൾപ്പെടെയുള്ള വിവിധ നഗരങ്ങളിൽ പ്രാണവായുവിന്റെ ഗുണനിലവാരസൂചിക ഏറ്റവും മോശപ്പെട്ട നിലയിലാണുള്ളത്. അമിതമായി കൂടുന്ന വായു മലിനീകരണം ഡൽഹിയിലെ സ്കൂളുകളുടെ പഠനം പൂർണമായും ഓൺലൈൻ രീതിയിലേക്ക് മാറ്റുന്നതിനും ഇടയാക്കിയിട്ടുണ്ട്. ലോകത്ത് മലിനമാക്കപ്പെട്ട നഗരങ്ങളുടെ മുൻനിരയിൽ സ്ഥാനം നേടിയിട്ടുള്ള ഡൽഹിയിൽ അമിതമായി കൂടിവരുന്ന പുകമഞ്ഞു കാരണം ഗതാഗത മേഖലയെയും ഭാഗികമായി ബാധിച്ചിട്ടുണ്ട്. ലോകത്തെ പല തിരക്കേറിയ നഗരങ്ങളുടെയും സ്ഥിതി ഡൽഹിയുടേതിന് സമാനമാണ്. മനുഷ്യന്റെ നിലനിൽപ്പിനുതന്നെ ഭീഷണിയാകുന്ന രീതിയിൽ അന്തരീക്ഷ മലിനീകരണവും വായു മലിനീകരണവും സൃഷ്ടിക്കപ്പെടുമ്പോൾ ‘കാർബൺ ന്യൂട്രാലിറ്റി’ എന്ന ആശയത്തിന് സമകാലിക പ്രസക്തിയേറിവരുന്നു. ‘നെറ്റ് സീറോ കാർബൺ എമിഷൻ’ എന്ന പുരോഗമനവും നൂതനവുമായ സങ്കല്പത്തിനാണ് ആഗോളവ്യാപകമായ സ്വീകാര്യതയുള്ളത്. ആഗോള കാലാവസ്ഥാവ്യതിയാനത്തെ അഭിസംബോധന ചെയ്യുന്നതിനുള്ള നിർണായക സാധ്യത എന്ന നിലയിലാണ് ഇതിനെ പരിഗണിക്കേണ്ടത്. അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന കാർബൺ ഡൈ ഓക്സൈഡിന്റെ അളവും കാർബൺ സിങ്കുകൾ കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യുന്നതും തമ്മിലുള്ള സന്തുലിതാവസ്ഥയാണ് കാർബൺ ന്യൂട്രാലിറ്റി. കാർബൺ സിങ്ക് എന്നത് കൃത്രിമമോ പ്രകൃതിദത്തമോ ആയ ഒരു സംവിധാനമാണ്. പുറത്തുവിടുന്നതിനെക്കാൾ കൂടുതൽ കാർബൺ അന്തരീക്ഷത്തിൽ നിന്നും ആഗിരണം ചെയ്യുവാൻ ഇതിലൂടെ കഴിയണം. വനങ്ങൾ, സമുദ്രം, മണ്ണ് തുടങ്ങിയ പ്രകൃതിദത്ത കാർബൺ സിങ്കുകളെ നന്നായി സംരക്ഷിക്കുവാൻ മനുഷ്യർക്ക് കഴിയേണ്ടതുണ്ട്. ആഗോള താപനിലയിലെ വർധനവ് ലഘൂകരിക്കുന്നതിലൂടെ കാലാവസ്ഥാവ്യതിയാനത്തിന്റെ ആഘാതം നിഷ്പക്ഷമാക്കുക എന്നതും പൊതുവിൽ ലക്ഷ്യമിടുന്നു. കാർബൺ ന്യൂട്രാലിറ്റി എന്ന അമൂർത്തമായ ആശയം ഇന്ന് ലോകജനതയുടെ അത്യന്താപേക്ഷിത ആവശ്യകതയായി മാറിയിട്ടുണ്ട്. വളർന്നുവരുന്ന കായിക താരങ്ങൾക്ക് ലഭ്യമാകുന്ന ചില മോശം കായിക പരിസ്ഥിതി സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന വെല്ലുവിളികൾ പലപ്പോഴും അവരുടെ കരിയറിന്റെ തുടക്കത്തിൽ സവിശേഷ പ്രതിസന്ധി സൃഷ്ടിക്കും. പരിശീലന ഷെഡ്യൂളുകളെ തടസപ്പെടുത്തുന്ന തീവ്രമായ കാലാവസ്ഥാവ്യതിയാനം, വായുവിന്റെ ഗുണനിലവാരം എന്നിവ പലതരം ആരോഗ്യപരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. കാലാവസ്ഥാവ്യതിയാനത്തിലൂടെ ആഗോള താപനിലയിൽ ഉണ്ടാവുന്ന വർധനവ് ഔട്ട്ഡോർ സ്പോർട്സിൽ പങ്കെടുക്കുന്നവരെ പ്രതികൂലമായി ബാധിക്കുന്നു. അമിതമായ ചൂട് താരങ്ങളെ തളർത്തുകയും സൂര്യാഘാതം, പൊള്ളൽ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. 2024ൽ പാരിസിൽ നടന്ന ഒളിമ്പിക്സിൽ കടുത്ത ചൂടാണ് അനുഭവപ്പെട്ടത്. സ്വന്തം രാജ്യത്തുനടന്ന മത്സരങ്ങളിൽ മികച്ച നിലയിൽ കായിക പ്രകടനം കാഴ്ചവച്ചവർക്ക് മത്സരവേദികൾ സമ്മാനിക്കുന്ന ദുരനുഭവങ്ങൾ വളരെ വലുതാണ്. ഡൽഹി ഉൾപ്പെടെ വായു നിലവാരത്തിൽ വളരെ പിന്നാക്കം നിൽക്കുന്ന നഗരങ്ങളിൽ കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന താരങ്ങൾക്ക് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വളരെ പെട്ടെന്ന് പിടിപെടാനും ഇടയാക്കുന്നു. കാലാവസ്ഥാവ്യതിയാനത്തിലൂടെ സംഭവിക്കുന്ന വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, ഉരുൾപൊട്ടൽ തുടങ്ങിയ പ്രശ്നങ്ങൾ കായിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിൽ പലപ്പോഴും തടസം സൃഷ്ടിക്കുന്നു. കാലാവസ്ഥാവ്യതിയാനം മൂലം ഉണ്ടാകുന്ന അപകട സാധ്യതകൾ കുറയ്ക്കുന്നതിന് കായിക സംഘടനകൾ ഷെഡ്യൂളുകൾ പരിഷ്കരിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. കടുത്ത ചൂട് ഒഴിവാക്കാൻ വേണ്ടി 2022ൽ ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിന്റെ ഷെഡ്യൂൾ ശൈത്യകാലത്തേക്ക് മാറ്റിയിരുന്നു. പല ഔട്ട്ഡോർ ഗെയിമുകളും ഇൻഡോർ മത്സര സംവിധാനത്തിലേക്ക് പരിവർത്തനം ചെയ്തിട്ടുണ്ട്. ചൂട് പ്രതിരോധിക്കുന്ന വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള കായിക പരിസ്ഥിതി സൗഹൃദമായ സമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും താരങ്ങൾ കൂടുതൽ ശ്രദ്ധപുലർത്തുന്നു. സമീപകാലത്ത് ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിച്ച കേരള സ്കൂൾ കായികമേളയും അതികഠിനമായ ചൂടുകാരണം രാവിലെയും രാത്രിയും ആണ് സംഘടിപ്പിച്ചത്. ഇതുകൂടാതെ പരമാവധി ഗെയിംസുകളും ഇൻഡോർ സംവിധാനങ്ങളിലാണ് നടത്തപ്പെട്ടത്. കാർബൺ ന്യൂട്രലായ അന്തരീക്ഷം രൂപപ്പെടുത്തുന്നതിലൂടെ കായികരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാക്കിയെടുക്കുവാൻ സാധിക്കും. സ്പോർട്സിലെ കാർബൺ ന്യൂട്രൽ സമീപനത്തിലൂടെ പരിസ്ഥിതി സൗഹൃദ സ്റ്റേഡിയങ്ങളുടെയും സൗകര്യങ്ങളുടെയും നിർമ്മാണവും പുനർനിർമ്മാണവുമാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി പുനരുല്പാദിപ്പിക്കാവുന്ന ഊർജസ്രോതസുകൾ, ജലസംരക്ഷണ സംവിധാനങ്ങൾ തുടങ്ങിയ സുസ്ഥിര വസ്തുക്കളെ പരിപൂർണമായ നിലയിൽ സംയോജിപ്പിക്കണം. പുനരുപയോഗ ഊർജസ്രോതസുകളെ പ്രോത്സാഹിപ്പിക്കുകയും ഹരിതഗൃഹ വാതക ഉദ്ഗമനം കുറയ്ക്കുവാൻ ആവശ്യമായ ഇടപെടലുകൾ സ്വീകരിക്കുകയും വേണം. സ്റ്റേഡിയങ്ങളുടെ ചുറ്റുപാടുകളിൽ വനവൽക്കരണ പ്രവർത്തനങ്ങളും പരിസ്ഥിതി സംരക്ഷണ മാർഗങ്ങളും സ്വീകരിച്ചുകൊണ്ട് പരിസ്ഥിതി സൗഹൃദവും കാർബൺ ന്യൂട്രലുമായ കായികലോകത്തിനായി നമുക്ക് ഒത്തുചേർന്ന് പ്രവർത്തിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.