
ഇന്‍ഫോസിലെ നിര്‍ബന്ധിത കൂട്ടപിരിച്ചുവിടലിനെതിരെ കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന് പരാതി നല്‍കി. മുന്നറിയിപ്പോ നഷ്ടപരിഹാരമോ ശരിയായ ന്യായീകരണമോയില്ലാതെയാണ് ജീവനക്കാരെ പുറത്താക്കിയതെന്ന് കാണിച്ച് ഐടി ജീവനക്കാരുടെ ക്ഷേമമുറപ്പാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന നാസ്‌സെന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എംപ്ലോയീസ് സെനറ്റ് (എന്‍ഐടിഇസ്) ആണ് കേന്ദ്രത്തിന് പരാതി നല്‍കിയത്. ഒക്ടോബറിൽ എടുത്ത 700 പേരടങ്ങുന്ന ട്രെയിനി ബാച്ചിലെ 400 പേരെയും പിരിച്ച് വിട്ടെന്നാണ് റിപ്പോർട്ട്. മൂന്ന് മാസത്തിനകം മറ്റൊരു പരീക്ഷ എഴുതിച്ചെന്നും ഇതിൽ പാസാകാത്തവരോട് ഉടനടി ക്യാമ്പസ് വിടാൻ നിർദേശിച്ചെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
ഇൻഫോസിസിന്റെ മൈസൂരു ക്യാമ്പസിലെ ട്രെയിനികളെയാണ് കൂട്ടത്തോടെ പിരിച്ചുവിട്ടത്. സിസ്റ്റം എഞ്ചിനീയേഴ്സ് (എസ്ഇ), ഡിജിറ്റൽ സ്പെഷ്യലിസ്റ്റ് എന്‍ജിനീയേഴ്സ് (ഡിഎസ്ഇ) തസ്തികകളിലെ ട്രെയിനികൾക്ക് നേരെയാണ് നടപടി. ബാച്ചുകളായി വിളിച്ച് ഉദ്യോഗാർത്ഥികളോട് പിരിച്ച് വിടുന്നെന്ന് അറിയിപ്പ് നൽകുകയായിരുന്നു. റൂമിനുള്ളില്‍ അടച്ചിട്ടശേഷം പരീക്ഷ പാസാകാത്തതിനാൽ പിരിച്ച് വിടുന്നതിൽ എതിർപ്പില്ലെന്ന് നിര്‍ബന്ധപൂര്‍വം എഴുതി വാങ്ങുകയും ചെയ്തു. പരീക്ഷ പാസാകാത്തവരോട് അന്നേ ദിവസം വൈകിട്ട് ആറുമണിക്കുള്ളില്‍ ക്യാമ്പസ് വിടാൻ നിർദേശം നൽകിയെന്നാണ് റിപ്പോർട്ട്.
ബുദ്ധിമുട്ടേറിയ ചോദ്യങ്ങൾ നൽകി തോൽപ്പിക്കാനുദ്ദേശിച്ച് നടത്തിയ പരീക്ഷ ആയിരുന്നു. ഗുണ്ടകളെ ഉപയോഗിച്ച് മൊബൈലടക്കം പിടിച്ച് വച്ചാണ് പിരിച്ച് വിടൽ അറിയിപ്പ് നൽകിയതെന്നും ഇവര്‍ പറയുന്നു. ട്രെയിനി ബാച്ചിലുള്ളവർക്ക് പരീക്ഷ പാസാകാൻ മൂന്ന് തവണ അവസരം നൽകിയെന്നാണ് ഇൻഫോസിസിന്റെ ന്യായീകരണം. ജീവനക്കാരുടെ നിലവാരം ഉറപ്പാക്കുന്ന ഇത്തരം പരീക്ഷകൾ പതിവായി നടത്താറുണ്ടെന്നും ഇന്‍ഫോസിസ് അറിയിച്ചു. ഇന്‍ഫോസിസിലെ കൂട്ടപിരിച്ചുവിടലില്‍ അടിയന്തരമായി അന്വേഷണം നടത്തമെന്ന് തൊഴില്‍ മന്ത്രാലയത്തിന് അയച്ച കത്തില്‍ എന്‍ഐടിഇഎസ് ആവശ്യപ്പെട്ടു. പിരിച്ചുവിടല്‍ നടപടികള്‍ നിര്‍ത്തലാക്കണം, പുറത്താക്കപ്പെട്ട ജീവനക്കാര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കുക, 1947 ലെ ഇന്‍ഡസ്ട്രീയല്‍ ഡിസ്പ്യൂട്ട്സ് ആക്ട് പ്രകാരം നടപടിയെടുക്കുക, പിരിച്ചുവിടല്‍ ആനൂകൂല്യവും നോട്ടീസ് കാലാവധിയും ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും എന്‍ഐടിഇസ് സമര്‍പ്പിച്ച കത്തില്‍ ആവശ്യപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.