
ഗർഭാവസ്ഥ തുടരാൻ ഒരു സ്ത്രീയെ നിർബന്ധിക്കുന്നത് അവരുടെ ശാരീരികമായ പരമാധികാരത്തെ ലംഘിക്കുന്നതാണെന്നും മാനസികാഘാതം വർദ്ധിപ്പിക്കുമെന്നും ഡൽഹി ഹൈക്കോടതി. ഭർത്താവിന്റെ സമ്മതമില്ലാതെ 14 ആഴ്ച പ്രായമുള്ള ഭ്രൂണം ഗർഭച്ഛിദ്രം നടത്തിയതിന് ഭാര്യയ്‌ക്കെതിരെ എടുത്ത ക്രിമിനൽ കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. ജനുവരി 6ന് ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ പുറപ്പെടുവിച്ച വിധിയിലാണ് സ്ത്രീയുടെ പ്രജനന സ്വയംഭരണാധികാരത്തെക്കുറിച്ച് വ്യക്തമാക്കുന്നത്. ദാമ്പത്യ കലഹങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഗർഭച്ഛിദ്രം തേടാനുള്ള സ്ത്രീയുടെ അവകാശം നിയമപരമാണെന്നും ഇതിന് ഭർത്താവിന്റെ അനുമതി ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു.
ഗർഭച്ഛിദ്ര നിയമം അനുസരിച്ച് സ്ത്രീയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിനാണ് മുൻഗണന നൽകുന്നത്. ഒരു സ്ത്രീ ഗർഭം തുടരാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, അവരെ അതിന് നിർബന്ധിക്കുന്നത് മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കും. ദാമ്പത്യ ജീവിതത്തിലെ സമ്മർദ്ദം കാരണം ബന്ധം പിരിയാൻ തീരുമാനിച്ച ഒരു സ്ത്രീക്ക് ആ ഗർഭവുമായി മുന്നോട്ട് പോകാൻ താല്പര്യമില്ലെങ്കിൽ അത് ‘ഗുരുതരമായ മാനസികാഘാതമായി’ കണക്കാക്കാമെന്നും കോടതി പറഞ്ഞു. “പുരുഷാധിപത്യ ലോകത്തെ കടുത്ത യാഥാർത്ഥ്യങ്ങളെ അവഗണിക്കാൻ കഴിയില്ല. ദാമ്പത്യ കലഹങ്ങൾ നേരിടുന്ന ഒരു സ്ത്രീ ഗർഭിണിയാകുമ്പോൾ അവരുടെ മാനസിക വിഷമം ഇരട്ടിയാകുന്നു. പലപ്പോഴും കുട്ടിയെ ഒറ്റയ്ക്ക് വളർത്തേണ്ട ഉത്തരവാദിത്തം സ്ത്രീയുടെ മേൽ മാത്രമായി മാറുന്നു. ഇത്തരം സാഹചര്യങ്ങളിൽ ഗർഭച്ഛിദ്രം തേടാൻ അവർക്ക് അവകാശമുണ്ട്,” കോടതി വ്യക്തമാക്കി. ഐ പി സി സെക്ഷൻ 312 പ്രകാരം സ്ത്രീ കുറ്റം ചെയ്തിട്ടില്ലെന്നും കോടതി വിധിയിൽ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.