15 November 2024, Friday
KSFE Galaxy Chits Banner 2

വിദേശനാണ്യ കരുതൽ കുത്തനെ ഇടിഞ്ഞു

സ്വര്‍ണ ശേഖരവും കുറഞ്ഞു 
പ്രത്യേക ലേഖകന്‍
ന്യൂഡൽഹി
September 10, 2022 10:46 pm

സെപ്റ്റംബർ രണ്ടിന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയുടെ വിദേശനാണ്യ (ഫോറെക്സ്) കരുതൽ ശേഖരം കുത്തനെ ഇടിഞ്ഞു. ഓഗസ്റ്റ് മാസം കയറ്റിറക്കുമതിയിലും അസാധാരണമായ അന്തരമുണ്ടായി. ഇവ കടുത്ത ആശങ്കയുണ്ടാക്കുന്നതാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ഫോറെക്സ് കരുതൽ ശേഖരം നിലവിൽ 553.105 ദശലക്ഷം ഡോളറാണ്. മുൻ ആഴ്ചയെ അപേക്ഷിച്ച് 794.1 കോടി ഡോളറിന്റെ കുറവ്. ആർബിഐ കണക്കുകൾ പ്രകാരം 23 മാസത്തിലെ ഏറ്റവും കുറഞ്ഞ ശേഖരമാണിത്. കരുതല്‍ ശേഖരത്തിലെ കുറവാണ് അയല്‍രാജ്യമായ ശ്രീലങ്കയെ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് നയിച്ചതെന്നത് ഇന്ത്യയുടെ സാമ്പത്തിക ഭാവിയെ കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിപ്പിക്കുന്നു. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ചയാണ് കരുതൽ ധനം കുത്തനെ ഇടിയാനിടയാക്കിയതെന്ന് വിദഗ്ധർ വിലയിരുത്തുന്നു. 2020 ഒക്ടോബർ ഒമ്പതിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ് ഇപ്പോൾ രേഖപ്പെടുത്തിയത്. ഓഗസ്റ്റ് 26 ന് ഫോറെക്സ് കരുതൽ ശേഖരം 56104.6 കോടി ഡോളറായിരുന്നു. കരുതൽ ശേഖരത്തിലെ പ്രധാന ഘടകമായ എഫ്‍സിഎ 652.7 കോടി ഡോളർ ഇടിഞ്ഞ് 49,211.7 കോടി ഡോളറായി. ഓഗസ്റ്റ് 26 ന് എഫ്‍സിഎ 49,864.5 കോടി ഡോളറായിരുന്നു. 

തുടർച്ചയായ ഇടിവാണ് വിദേശ നാണ്യ കരുതൽ ശേഖരത്തിലുണ്ടാകുന്നത്. ഓഗസ്റ്റ് 9ന് അവസാനിച്ച ആഴ്ചയിൽ ശേഖരം 668.7 കോടി ഡോളർ താഴ്ന്ന് 56,405.3 കോടി ഡോളറിലെത്തിയിരുന്നു. അതിന്റെ തൊട്ടു മുമ്പിലെ ആഴ്ചയിലും കരുതൽ ശേഖരത്തിൽ കുറവുണ്ടായി. ജൂലെെയിൽ രാജ്യത്തെ വിദേശ നാണ്യ ശേഖരത്തിൽ 177.4 കോടി ഡോളറിന്റെ ഇടിവുണ്ടായിരുന്നു. വിദേശ നിക്ഷേപകർ രാജ്യത്ത് നിന്നും പണം പിൻവലിക്കുന്ന പ്രവണത വർധിക്കുന്നതിനാൽ രൂപ ഒട്ടേറെ സമ്മർദ്ദം നേരിടുകയാണെന്നും റിസർവ് ബാങ്ക് അറിയിപ്പിൽ പറഞ്ഞിരുന്നു. നിലവില്‍ സ്വർണ കരുതൽ ശേഖരം 133.9 കോടി ഡോളർ കുറഞ്ഞ് 3830. 3 കോടി ഡോളറും എസ്ഡിആർ 50 ദശലക്ഷം ഡോളർ കുറഞ്ഞ് 1778.2 കോടി ഡോളറുമായി. ഐഎംഎഫിലെ കരുതൽ നില 24 ദശലക്ഷം ഡോളർ ഇടിഞ്ഞ് 490.2 കോടി ഡോളറിലെത്തി. 

വ്യാപാര കമ്മി കഴിഞ്ഞ വർഷത്തെ 1160 കോടി ഡോളറിൽ നിന്ന് 2870 കോടി ഡോളറായി ഉയര്‍ന്നു. രണ്ടര മടങ്ങാണ് വർധന. കയറ്റിറക്കുമതികളിലും ആനുപാതികമല്ലാത്ത ഉയർച്ചതാഴ്ചകളാണുണ്ടായത്. ഇറക്കുമതി 37 ശതമാനം ഉയർന്നപ്പോൾ കയറ്റുമതി വിപരീത നിരക്കില്‍ 1.5 ശതമാനമായി. സാധാരണ ഇറക്കുമതിയും കയറ്റുമതിയും പരസ്പരബന്ധം പുലർത്തുന്നതാണ്. ഇറക്കുമതിയോടാെപ്പം കയറ്റുമതിയിലും വർധനയാണ് പ്രതീക്ഷിക്കുക. മുന്‍വര്‍ഷം ഓഗസ്റ്റില്‍ 92,000 കോടിയുടെ ഇറക്കുമതി നടന്നിടത്ത് ഇത്തവണ 2.29 ലക്ഷം കോടിയായി. ഇത് അസാധാരണമാണെന്ന് വിദഗ്ധരെ ഉദ്ധരിച്ച് ദി വയര്‍ പ്രസിദ്ധീകരിച്ച വിശകലന ലേഖനം വ്യക്തമാക്കുന്നു. ഈ പൊരുത്തക്കേട് ഹ്രസ്വകാലമോ ഇടത്തരം കാലയളവിലോ കറൻസിയുടെ അസ്ഥിരതയ്ക്കും വിദേശ വിനിമയ ശേഖരത്തിനും വെല്ലുവിളി സൃഷ്ടിക്കുമെന്നും ഓഗസ്റ്റിലെ കണക്കുകള്‍ കേന്ദ്രവും ആർബിഐയും അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട് എന്നതിന്റെ വ്യക്തമായ മുന്നറിയിപ്പ് സൂചികയാണെന്നും ലേഖനം വിശദീകരിക്കുന്നു. എന്നാല്‍ ഡീസൽ, പെട്രോൾ, വ്യോമയാന ഇന്ധനം, ഗോതമ്പ്, സ്റ്റീൽ, ഇരുമ്പ് ഉരുളകൾ തുടങ്ങിയ ഇനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനാലാണ് കയറ്റുമതി മന്ദഗതിയിലായതെന്ന് വാണിജ്യ സെക്രട്ടറി ബിവിആർ സുബ്രഹ്മണ്യം പറയുന്നു. 

Eng­lish Summary:Foreign exchange reserves fell sharply
You may also like this video

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.