29 December 2025, Monday

വിദേശ നിക്ഷേപകർ പിൻവാങ്ങുന്നു

ഒരു വർഷത്തിനിടെ വിറ്റൊഴിഞ്ഞത് 1.6 ലക്ഷം കോടി 
Janayugom Webdesk
മുംബൈ
December 28, 2025 9:10 pm

ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്പിഐ) റെക്കോർഡ് വേഗത്തിൽ പണം പിൻവലിക്കുന്നു. ഈ വർഷം ഡിസംബർ 26 വരെയുള്ള കണക്കുകൾ പ്രകാരം 1.58 ലക്ഷം കോടി രൂപയുടെ (ഏകദേശം 18 ബില്യൺ യുഎസ് ഡോളർ) ഓഹരികളാണ് വിദേശ നിക്ഷേപകർ വിറ്റൊഴിഞ്ഞത്. ഇന്ത്യൻ ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും മോശം വർഷങ്ങളിലൊന്നായി 2025 മാറി.
ആഗോളതലത്തിലും ആഭ്യന്തരതലത്തിലും നിലനിൽക്കുന്ന സാമ്പത്തിക അനിശ്ചിതത്വങ്ങളാണ് വിദേശ നിക്ഷേപകരെ പിന്തിരിപ്പിക്കുന്നത്. യുഎസ് ഡോളർ ശക്തിപ്രാപിക്കുന്നതും ബോണ്ട് ആദായം വര്‍ധിക്കുന്നതും നിക്ഷേപകരെ വികസ്വര വിപണികളിൽ നിന്ന് പിൻവാങ്ങാൻ പ്രേരിപ്പിക്കുന്നു. അമേരിക്ക ഏർപ്പെടുത്തിയേക്കാവുന്ന പുതിയ വ്യാപാര നികുതികളെക്കുറിച്ചുള്ള ആശങ്കകൾ ആഗോള വ്യാപാര മേഖലയിൽ അസ്ഥിരതയുണ്ടാക്കി. ഇന്ത്യൻ വിപണിയിലെ പല ഓഹരികളുടെയും വില ലാഭക്ഷമതയേക്കാൾ കൂടുതലാണെന്ന വിലയിരുത്തലിൽ പലരും ലാഭമെടുത്ത് പിൻവാങ്ങി.
2022‑ൽ വിദേശ നിക്ഷേപകർ 1.21 ലക്ഷം കോടി രൂപ പിൻവലിച്ചതായിരുന്നു ഇതിനുമുമ്പത്തെ വലിയ തുക. എന്നാൽ 2025 ഈ റെക്കോഡും ഭേദിച്ചു. അതേസമയം, 2023‑ൽ വിപണിയിൽ 1.71 ലക്ഷം കോടി രൂപയുടെ നിക്ഷേപം എത്തിയത് വലിയ ഉണർവ് നൽകിയിരുന്നു. ഈ വർഷത്തെ 12 മാസങ്ങളിൽ 8 മാസവും വിദേശ നിക്ഷേപകർ ഓഹരികൾ വിൽക്കുകയാണ് ചെയ്തത്.
നിലവിലെ തിരിച്ചടി താൽക്കാലികമാണെന്നും 2026‑ൽ വിദേശ നിക്ഷേപം ഇന്ത്യയിലേക്ക് തിരിച്ചെത്തുമെന്നുമാണ് വിപണി വിദഗ്ധരുടെ പ്രതീക്ഷ. യുഎസുമായുള്ള പുതിയ വ്യാപാര കരാറുകൾ നിലവിൽ വരുന്നതും പലിശ നിരക്കുകളിൽ ഫെഡറൽ റിസർവ് വരുത്തിയേക്കാവുന്ന കുറവും ഇന്ത്യൻ വിപണിക്ക് ഗുണകരമാകും. കോർപ്പറേറ്റ് വരുമാനത്തിൽ ഉണ്ടാകുന്ന വര്‍ധനവ് നിക്ഷേപകരെ വീണ്ടും ഇന്ത്യയിലേക്ക് ആകർഷിക്കുമെന്ന് എലാര സെക്യൂരിറ്റീസ് ഉൾപ്പെടെയുള്ള ഗവേഷണ സ്ഥാപനങ്ങൾ ചൂണ്ടിക്കാട്ടുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.