
ദക്ഷിണ കൊറിയയിലെ കുറഞ്ഞ ജനനനിരക്ക് പരിഹരിക്കാൻ വിയറ്റ്‌നാമിൽ നിന്നോ ശ്രീലങ്കയിൽ നിന്നോ യുവതികളെ ഇറക്കുമതി ചെയ്യണമെന്ന് നിർദ്ദേശിച്ച സർക്കാർ ഉദ്യോഗസ്ഥനെ ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്ന് പുറത്താക്കി. ദക്ഷിണ കൊറിയൻ പ്രവിശ്യയായ ജിൻഡോ കൗണ്ടിയിലെ മേധാവി കിം ഹീ-സൂ ആണ് വിവാദ പ്രസ്താവനയെത്തുടർന്ന് നടപടി നേരിട്ടത്. കഴിഞ്ഞ ആഴ്ച നടന്ന ഒരു ടൗൺ ഹാൾ യോഗത്തിലാണ് ഗ്രാമീണ മേഖലയിലെ യുവാക്കൾക്ക് വിവാഹം കഴിക്കുന്നതിനായി വിദേശ രാജ്യങ്ങളിൽ നിന്ന് സ്ത്രീകളെ എത്തിക്കണമെന്ന നിർദ്ദേശം ഇദ്ദേഹം മുന്നോട്ടുവെച്ചത്. ഈ പരാമർശം ടെലിവിഷനിലൂടെ സംപ്രേക്ഷണം ചെയ്തതോടെ വലിയ തോതിലുള്ള നയതന്ത്ര പ്രതിഷേധങ്ങൾക്കും ജനരോഷത്തിനുമാണ് രാജ്യം സാക്ഷ്യം വഹിച്ചത്.
ലോകത്തിലെ ഏറ്റവും കുറഞ്ഞ ജനനനിരക്കുള്ള രാജ്യങ്ങളിലൊന്നായ ദക്ഷിണ കൊറിയ നിലവിൽ കടുത്ത ജനസംഖ്യാ പ്രതിസന്ധി നേരിടുകയാണ്. നിലവിലെ സാഹചര്യം തുടർന്നാൽ അടുത്ത 60 വർഷത്തിനുള്ളിൽ രാജ്യത്തെ അഞ്ച് കോടിയോളം വരുന്ന ജനസംഖ്യ പകുതിയായി കുറയുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഈ പ്രതിസന്ധി ചർച്ച ചെയ്യുന്നതിനിടെയാണ് കിമ്മിന്റെ ഭാഗത്തുനിന്ന് വിവേചനപരമായ പരാമർശം ഉണ്ടായത്. കിമ്മിന്റെ വാക്കുകൾ സ്ത്രീകളോടും ന്യൂനപക്ഷ വിഭാഗങ്ങളോടുമുള്ള അവഹേളനമാണെന്ന് വിയറ്റ്‌നാം എംബസി പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി.
സംഭവം വിവാദമായതോടെ കിം ഹീ-സൂ മാപ്പപേക്ഷിച്ചെങ്കിലും അദ്ദേഹത്തെ പുറത്താക്കാൻ ഡെമോക്രാറ്റിക് പാർട്ടിയുടെ സുപ്രീം കൗൺസിൽ ഐക്യകണ്ഠേന തീരുമാനിക്കുകയായിരുന്നു. കിമ്മിന്റെ പരാമർശം വിയറ്റ്‌നാം ജനതയെയും സ്ത്രീകളെയും ആഴത്തിൽ വേദനിപ്പിച്ചുവെന്ന് സൗത്ത് ജിയോള പ്രവിശ്യാ ഭരണകൂടവും ഔദ്യോഗികമായി മാപ്പ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.