17 December 2025, Wednesday

പശ്ചിമഘട്ട വനമേഖലയില്‍ കാട്ടുതീ വ്യാപകം

ബിനോയ് ജോര്‍ജ് പി 
തൃശൂർ
March 13, 2023 11:06 pm

പശ്ചിമഘട്ട മലനിരകളില്‍ കാട്ടുതീ പടരുന്നു. പത്ത് ദിവസമായി തൃശൂര്‍ ജില്ലയിലെ പാലപ്പിള്ളി, പീച്ചി, മച്ചാട്, വാഴാനി മേഖലകളിലെ കാടുകൾ കത്തുകയാണ്. 10000 ത്തോളം ഏക്കർ വനഭൂമിയിലെ അടിക്കാടുകളും വൃക്ഷങ്ങളും അപൂര്‍വമായ ഔഷധസസ്യങ്ങളും മൃഗങ്ങളുമെല്ലാം അഗ്നിക്കിരയായിട്ടുണ്ട്. രൂക്ഷമായ ചൂടില്‍ മൃഗങ്ങള്‍ നാട്ടിലേക്ക് കൂടുതലായി ഇറങ്ങിത്തുടങ്ങി. അടുത്ത വര്‍ഷം കഠിനമായ വരള്‍ച്ചയ്ക്ക് കാട്ടുതീ കാരണമാകുമെന്ന് തൃശൂര്‍ ഡിഎഫ്ഒ സി വി രാജന്‍ ഉള്‍പ്പടെയുള്ള വനംവകുപ്പിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

കാട്ടുതീയ്ക്ക് പുറകിൽ മനുഷ്യനാണെന്നും അധികൃതര്‍ പറയുന്നു. എന്നാൽ തൃശൂര്‍ വനമേഖലയിലെ രണ്ടിടങ്ങളിൽ ഹൈടെൻഷൻ വൈദ്യുതി ലൈനിൽ നിന്നും തീ പിടിച്ചിട്ടുണ്ടെന്ന് അവര്‍ സമ്മതിക്കുന്നു. പാലപ്പിള്ളി റേഞ്ചിലെ വലിയകുളം, പത്തിലപാൽചുരത്തിനു മുകളിലെ ചീനിമുക്ക് കത്തിയമർന്നതിന്റെ തുടർച്ചയായി പീച്ചി ഫോറസ്റ്റ് റേഞ്ചിൽ തീ വ്യാപിക്കുകയാണ്. തേക്ക്, ഈട്ടി മരങ്ങളും തേക്ക് പ്ലാന്റേഷന്റെ ഒരുഭാഗവും കത്തിയമർന്നു. വനത്തിലെ വെള്ളച്ചാലുകൾ വരണ്ടുണങ്ങിയതിനാൽ അടിക്കാടുകളിലെ തീ തടയാന്‍ സാധിക്കുന്നില്ല. 

നാട്ടുക്കല്ല്, വല്ലൂർ, മരോട്ടിച്ചാൽ, താമരവെള്ളച്ചാൽ വരെ കാട്ടുതീ പടരുകയാണ്. തീയണയ്ക്കുന്നതിനുള്ള സംവിധാനങ്ങൾക്ക് വനത്തിനുള്ളിലേക്ക് പ്രവേശിക്കാനാകാത്തതിനാൽ ആശങ്ക ഇരട്ടിയ്ക്കുകയാണ്. ട്രൈബല്‍ ഫോറസ്റ്റ് വാച്ചർന്മാര്‍ ആദ്യകാലങ്ങളില്‍ പാരമ്പര്യ രീതികളുപയോഗിച്ച് കാട്ടുതീ ഒരു പരിധിവരെ പ്രതിരോധിച്ചിരുന്നു. കുറച്ച് വര്‍ഷങ്ങളായി ആദിവാസി വിഭാഗത്തിലുള്ളവര്‍ ഈ മേഖലയില്‍ തൊഴില്‍ ചെയ്യുന്നില്ല. തീ കൃഷിയിടത്തിലേക്ക് പടരുമോ എന്ന ആശങ്കയിലാണ് വനാതിർത്തിയ്ക്ക് സമീപത്തെ നാട്ടുകാര്‍. 

പീച്ചി ഭാഗത്തെ പൂവാങ്കോയ്, കായംപൂവം, കടന്നൽപാറ തുടങ്ങിയ വനപ്രദേശങ്ങളിലേക്കും അഗ്നി വ്യാപിച്ചിട്ടുണ്ട്. മച്ചാട് റേഞ്ചിലെ വാഴാനി, എളനാട്, എന്നിവിടങ്ങളിലും കാടു കത്തുകയാണ്. പാലക്കാട് ജില്ലാ അതിര്‍ത്തിയിലെ വാണിയംപാറയിൽ രണ്ടര ഹെക്ടർ കാട് കഴിഞ്ഞയാഴ്ച കത്തിനശിച്ചിരുന്നു. ഒളകര വനത്തിലെ കവയിൽ ഫയർലൈൻ ഉള്ളതിനാൽ ചിമ്മിനി റേഞ്ചിലേക്ക് തീ പടരാതെ രക്ഷപ്പെട്ടു. കഴിഞ്ഞ വർഷങ്ങളിൽ ചെറിയ തീപിടുത്തങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇത്രയും വ്യാപകമായി വനത്തിൽ തീപടരുന്നത് 10 വർഷത്തിനിടെ ആദ്യമാണ്. അടിക്കാട് വ്യാപകമായി കത്തിയതിനാൽ അടുത്ത സീസണിൽ മഴ എത്ര പെയ്താലും ജല സംഭരണത്തിന്റെ അളവു കുറയുകയും പുഴകള്‍ നേരത്തെ വറ്റുകയും ചെയ്യും. ജലസ്രോതസുകളെ അപ്പാടെ ഈ കാട്ടു തീ വ്യാപനം ബാധിക്കുമെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നു. ജലക്ഷാമം കാർഷികമേഖലയില്‍ രൂക്ഷമാകാനും ഇത് കാരണമാകും.

Eng­lish Summary;Forest fires are wide­spread in the West­ern Ghats for­est region
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 17, 2025
December 17, 2025
December 17, 2025
December 17, 2025
December 17, 2025
December 17, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.