13 March 2026, Friday

Related news

March 13, 2026
March 13, 2026
March 12, 2026
March 12, 2026
March 11, 2026
March 10, 2026
March 10, 2026
March 10, 2026
March 10, 2026
March 10, 2026

മണ്ണിനധികാരം, ജീവിത സുരക്ഷ

മലയോര‑ആദിവാസി മേഖലകളിൽ പട്ടയ വിപ്ലവം
ചില്ലോഗ് തോമസ് അച്ചുത്
തൃശൂര്‍
March 13, 2026 9:38 pm

പതിറ്റാണ്ടുകളായി ഭൂമിയുടെ ഉടമസ്ഥാവകാശ രേഖ ലഭിക്കാതെ അനിശ്ചിതത്വത്തിൽ കഴിഞ്ഞിരുന്ന ആദിവാസി കുടുംബങ്ങളുടെ ജീവിതത്തിൽ പ്രകാശമേകി സംസ്ഥാന സർക്കാരിന്റെ വിപ്ലവകരമായ ഇടപെടൽ. തൃശൂർ ജില്ലയിലെ വനഗ്രാമങ്ങളെ റവന്യുഗ്രാമങ്ങളാക്കി മാറ്റിയും അർഹരായവർക്ക് ഭൂമിയുടെ നിയമപരമായ അവകാശം ഉറപ്പാക്കിയും മന്ത്രി കെ രാജന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾ കേരളത്തിന്റെ വികസന ചരിത്രത്തിലെ സമാനതകളില്ലാത്ത അധ്യായമായി മാറുകയാണ്.
തലപ്പിള്ളി, തൃശൂർ, ചാലക്കുടി താലൂക്കുകളിലായി 36 വനഗ്രാമങ്ങളെ റവന്യു വില്ലേജുകളാക്കി മാറ്റിയ ആദ്യ ജില്ലയാണ് തൃശൂർ. ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ താമരവെള്ളച്ചാൽ, ഒളകര, പോത്തുപാറ, വെട്ടിക്കുഴി, കളപ്പാറ, കക്കിനിക്കാട് തുടങ്ങിയ ജനവാസ കേന്ദ്രങ്ങള്‍ക്ക് വനാവകാശ പട്ടയങ്ങളും റവന്യുഗ്രാമങ്ങളാക്കി മാറ്റുന്ന നടപടികളും പൂർത്തിയായി. കാടിന്റെ മക്കൾക്കായി സർക്കാർ കാണിച്ച നിശ്ചയദാർഢ്യത്തിന്റെ ഫലമായി 79 പട്ടയങ്ങളാണ് ഇതിനോടകം വിതരണം ചെയ്തത്. ഒളകര, അരേക്കാപ്പ്, വെട്ടിവിട്ടകാട്, താമരവെള്ളച്ചാൽ തുടങ്ങിയ ഉന്നതികളിലെ 62 കുടുംബങ്ങൾക്കും വരന്തരപ്പിള്ളി കള്ളിച്ചിത്രയിലെ 17 കുടുംബങ്ങൾക്കും പട്ടയം ലഭിച്ചതോടെ അവരുടെ കാലങ്ങളായുള്ള കാത്തിരിപ്പിന് വിരാമമായി.
പീച്ചി ഡാം നിർമ്മാണവുമായി ബന്ധപ്പെട്ട് 1957ൽ വനത്തിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട മലയൻ വിഭാഗത്തിൽപ്പെട്ട ഒളകരയിലെ 44 കുടുംബങ്ങള്‍ക്കാണ് 66 വർഷത്തിന് ശേഷം നീതി ലഭ്യമായത്. ഓരോ കുടുംബത്തിനും ഒന്നര ഏക്കർ വീതം ആകെ 66 ഏക്കർ ഭൂമിയുടെ രേഖകളാണ് കൈമാറിയത്. കേവലം കടലാസ് രേഖകൾ നൽകുന്നതിന് പകരം, ശാസ്ത്രീയമായി സർവേ നടത്തി പ്ലോട്ടുകൾ തിരിച്ച് കല്ലുകൾ സ്ഥാപിച്ച ശേഷമാണ് പട്ടയങ്ങൾ കൈമാറിയത് എന്നത് സർക്കാരിന്റെ കരുതലിന് തെളിവാണ്.
സമാനമായ രീതിയിൽ ചിമ്മിനി ഡാം നിർമ്മാണത്തിനായി കുടിയൊഴിപ്പിക്കപ്പെട്ട കള്ളിച്ചിത്ര കോളനിയിലെ 17 കുടുംബങ്ങളുടെ നാല് പതിറ്റാണ്ട് നീണ്ട സമരത്തിനും ഈ സർക്കാർ അന്ത്യം കുറിച്ചു. മുമ്പ് നൽകിയിരുന്ന 65 സെന്റിന് പുറമെ, ബാക്കിയുള്ള 35 സെന്റ് ഭൂമി കൂടി വിതരണം ചെയ്തതോടെ ഓരോ കുടുംബത്തിനും ഒരേക്കർ ഭൂമി എന്ന വാഗ്ദാനം യാഥാർത്ഥ്യമായി.
ആദിവാസി മേഖലയിൽ മാത്രമല്ല, മലയോര പട്ടയ വിതരണത്തിലും മുൻ സർക്കാരുകൾക്ക് സ്വപ്നം കാണാൻ കഴിയാത്ത നേട്ടമാണ് ഇടതുസർക്കാർ കൈവരിച്ചത്. 2011–16 കാലയളവിൽ തൃശൂർ താലൂക്കിലെ മലയോര മേഖലയിൽ വിതരണം ചെയ്തത് കേവലം 18 പട്ടയങ്ങൾ മാത്രമാണെങ്കിൽ, എല്‍ഡിഎഫ് സർക്കാർ 2,634 പട്ടയങ്ങളാണ് നല്‍കിയത്. ചരിത്രപരമായ ഭൂപതിവ് ചട്ടഭേദഗതിയിലൂടെ 1971ന് മുമ്പ് ഭൂമി കൈവശം വച്ചവർക്ക് ന്യായവിലയുടെ 15% മാത്രം നൽകി പട്ടയം സ്വന്തമാക്കാമെന്ന വ്യവസ്ഥ നടപ്പിലാക്കിയതും ഈ സർക്കാരിന്റെ വലിയ നേട്ടമാണ്. ഇതിന്റെ ഭാഗമായി പീച്ചി ലൂർദ് മാതാ ദേവാലയത്തിന് മന്ത്രി നേരിട്ടെത്തി പട്ടയം കൈമാറിയത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
1977ന് മുമ്പ് വനഭൂമിയിൽ കുടിയേറിയവർക്കായി ജില്ലയിൽ മാത്രം 6,794 പട്ടയങ്ങൾ നൽകി കേരള ചരിത്രത്തിൽ പുതിയ റെക്കോഡ് സൃഷ്ടിക്കാനും എല്‍ഡിഎഫ് സർക്കാരിന് സാധിച്ചു. 2016 മുതല്‍ 26 വരെയുള്ള തുടര്‍ച്ചയായുള്ള ഭരണത്തില്‍ തൃശൂര്‍ ജില്ലയില്‍ ഭൂമിയുടെ അവകാശികളായത് 55,245 പേരാണ്. 2016ലെ സര്‍ക്കാര്‍ 1,13,558 പട്ടയങ്ങളും, 2021ലെ സര്‍ക്കാര്‍ 43,887 പട്ടയങ്ങളുമാണ് വിതരണം ചെയ്തത്.
നിയമപരമായ തടസങ്ങൾ ഓരോന്നായി നീക്കി സാധാരണക്കാരുടെ ഭൂഅവകാശം ഉറപ്പാക്കുന്ന നടപടികൾ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വലിയ കരുത്താകുമെന്നുറപ്പാണ്.

TOP NEWS

March 13, 2026
March 13, 2026
March 13, 2026
March 13, 2026
March 13, 2026
March 12, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar