വ്യാജരേഖ ചമച്ച കേസിൽ കെ വിദ്യയുടെ തൃക്കരിപ്പൂർ മണിയനോടിയിലെ വീട്ടിൽ നീലേശ്വരം പൊലീസിന്റെ പരിശോധന. ഇന്ന് രാവിലെ 11.45 ഓടെയാണ് പൊലീസ് സംഘം എത്തിയത്. അച്ഛനും അമ്മയ്ക്കും സഹോദരിമാർക്കും ഒപ്പമാണ് വിദ്യ താമസിക്കുന്നത്. കേസെടുത്തതിന് പിന്നാലെ വിദ്യ വീട്ടിൽ നിന്ന് മാറിയിരുന്നു. എസ് എച്ച് ഓ സലീമിന്റെ നേതൃത്വത്തിൽ അഗളി പൊലീസ് സംഘവും അന്വേഷണത്തിനായി കാസർകോട്ട് എത്തി. വിദ്യ അട്ടപ്പാടി ആർ.ജി. എം ഗവ കോളജിൽ ഹാജരാക്കിയ വ്യാജ രേഖകൾ കണ്ടെത്താനാണ് അന്വേഷണ സംഘം വീട്ടിലെത്തിയത്.
അതേസമയം, കേസുമായിബന്ധപ്പെട്ട് കരിന്തളം ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ പൊലീസ് പരിശോധന നടത്തി. വിവാദ ഗസ്റ്റ് ലക്ചറർ നിയമനവുമായി ബന്ധപ്പെട്ട രേഖകൾ പൊലീസ് പരിശോധിക്കുകയും കോളേജ് അധികൃതരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. വിദ്യ ഗസ്റ്റ് ലക്ചറർ നിയമനത്തിനായി സമർപ്പിച്ച രേഖകൾ പൊലീസ് ശേഖരിച്ചു.
വ്യാജ രേഖ വിവാദത്തിൽ കെ വിദ്യക്കെതിരെ കഴിഞ്ഞ ദിവസമാണ് നീലേശ്വരം പൊലീസ് കേസെടുത്തത്. കരിന്തളം ഗവൺമെന്റ് കോളജിൽ മലയാളം ഗസ്റ്റ് ലക്ചറർ തസ്തികയിൽ നിയമനം ലഭിക്കാൻ വ്യാജ രേഖ ഹാജരാക്കിയത്. പ്രിൻസിപ്പൽ ഇൻ ചാർജ് ജയ്സൺ നൽകിയ പരാതിയിലാണ് വിദ്യയ്ക്കെതിരെ കേസെടുത്തത്. വ്യാജരേഖ നിർമിക്കൽ ( IPC 468), വ്യാജ രേഖ തട്ടിപ്പിന് ഉപയോഗിക്കൽ ( IPC 471), വഞ്ചന ( IPC 420 ) തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. വിദ്യ കരിന്തളം ഗവണ്മെന്റ് കോളജിൽ ഹാജരാക്കിയ എറണാകുളം മഹാരാജാസ് കോളജിലെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കഴിഞ്ഞ ദിവസം മഹാരാജാസ് കോളജ് അധികൃതർ സ്ഥിരീകരിച്ചിരുന്നു.
English Summary:Forgery Case; Police search at K Vidya’s house
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.