
തൃശൂര്‍ അതിരൂപത മുന്‍ മെത്രാപ്പോലീത്ത മാര്‍ ജേക്കബ്ബ് തൂങ്കുഴി കാലം ചെയ്തു. 95 വയസായിരുന്നു. ഇന്നു ഉച്ചക്ക് ശേഷം 2.50ഓടെയായിരുന്നു മരണം.വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.അതിരൂപതയില്‍ ഒരു പതിറ്റാണ്ട് മെത്രാപ്പോലീത്തയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഭയുടെ വിദ്യാഭ്യാസരംഗത്തെ പുരോഗതിക്ക് വഴികാട്ടിയായത് തൂങ്കുഴിയായിരുന്നു. ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ്, നഴ്സിങ് കോളേജ്, ജ്യോതി എന്‍ജിനീയറിങ് കോളേജ്, മുള്ളൂര്‍ക്കരയിലെ മഹാ ജൂബിലി ബിഎഡ് കോളേജ്, മുളയം മേരിമാതാ മേജര്‍ സെമിനാരി, പെരിങ്ങണ്ടൂരില്‍ എയ്ഡ്സ് രോഗികളെ സംരക്ഷിക്കുന്ന മാര്‍ കുണ്ടുകുളം മെമ്മോറിയല്‍ റിസര്‍ച്ച് ആന്‍ഡ് റിഹാബിലിറ്റേഷന്‍ സെന്റര്‍ (ഗ്രേയ്സ് ഹോം), കുരിയച്ചിറ സെയ്ന്റ് ജോസഫ്സ് ടിടിഐ എന്നിവ സ്ഥാപിക്കാന്‍ നേതൃത്വം നല്‍കി.
1930 ഡിസംബര്‍ 13 ‑നായിരുന്നു പാല വിളക്കുമാടത്ത് കുരിയപ്പന്‍— റോസ ദമ്പതികളുടെ നാലാമത്തെ മകനായി ജനനം. 1947‑ല്‍ വൈദികപരിശീലനം ആരംഭിച്ചു. ആലുവ സെമിനാരിയില്‍ നിന്ന് ദൈവശാസ്ത്രപഠനത്തിനായി റോമിലെ പ്രൊപ്പഗാന്ത കോളേജിലേക്കയച്ചു. ഇതിനിടയില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ മലബാറിലേക്ക് കുടിയേറി.
റോമില്‍ വെച്ച് 1956 ഡിസംബര്‍ 22 ‑ന് വൈദികപട്ടം സ്വീകരിച്ചു. ലാറ്ററല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് കാനന്‍ നിയമത്തിലും സിവില്‍ നിയമത്തിലും ഡോക്ടറേറ്റ് നേടിയതിന് ശേഷമാണ് കേരളത്തില്‍ തിരിച്ചെത്തിയത്. തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാനായ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയുടെ സെക്രട്ടറി, ചാന്‍സലര്‍, മെനര്‍ സെമിനാരി റെക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇതിനിടയില്‍ ന്യൂയോര്‍ക്ക് ഫോര്‍ഡാം യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ മാസ്റ്റര്‍ ബിരുദം നേടി. തലശ്ശേരി രൂപതയുടെ വയനാട്, കര്‍ണാടക ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി മാനന്തവാടി രൂപത 1973‑ല്‍ രൂപീകൃതമായപ്പോള്‍ പ്രഥമ മെത്രാനായി. 1995 ‑ല്‍ അദ്ദേഹം താമരശ്ശേരി രൂപതാധ്യക്ഷനായി. 1997 ലാണ് മാര്‍ ജേക്കബ് തൂങ്കുഴി തൃശ്ശൂര്‍ അതിരൂപതാധ്യക്ഷനായി നിയമിതനാകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.