
2026ൽ റെഡ് ബുൾ മോട്ടോ ജാം ഇന്ത്യയിൽ തിരിച്ചെത്തുന്നു. ചെന്നൈയിൽ അരങ്ങേറിയ ആദ്യ പതിപ്പിന് ശേഷം, 2026ൽ നടക്കുന്ന രണ്ടാം പതിപ്പിന് രാജ്യതലസ്ഥാനമായ ഡൽഹിയാണ് വേദിയാകുന്നത്. 2026 മാർച്ചിന് മുൻപായി, ഫോർമുല വൺ സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായാകും ഈ മെഗാ ഇവന്റ് അരങ്ങേറുന്നത്. 2023 മാർച്ചിൽ മുംബൈ തെരുവുകളിൽ ഡേവിഡ് കൂൾത്താർഡ് ആർ ബി7 കാർ ഓടിച്ചതിന് ശേഷം റെഡ് ബുൾ ഇന്ത്യയിൽ നടത്തുന്ന ഏറ്റവും വലിയ ഷോറൺ ആയിരിക്കും ഇത്. ഇത്തവണ റെഡ് ബുള്ളിന്റെ ജൂനിയർ ടീമായ ‘വിസ ക്യാഷ് ആപ്പ് ആർ ബി‘യുടെ 2026ലെ ഡ്രൈവർ ആർവിഡ് ലിൻഡ്ബ്ലാഡ് ആണ് ഡൽഹിയിലെ ഷോയ്ക്ക് നേതൃത്വം നൽകുന്നത്. ലിൻഡ്ബ്ലാഡ് ഓടിക്കുന്ന കാറിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരും ആഴ്ചകളിൽ പുറത്തുവിടും.
കായിക വിസ്മയങ്ങളുടെ സംഗമം കേവലം കാറോട്ടം മാത്രമല്ല, മോട്ടോർ സ്പോർട്സിലെ വിവിധ വിഭാഗങ്ങളുടെ ഒരു ആഘോഷമായിരിക്കും മോട്ടോ ജാം. ഫോർമുല വൺ ഷോറണ്ണിന് പുറമെ സ്റ്റണ്ട് ബൈക്കിങ്, ഫ്രീസ്റ്റൈൽ മോട്ടോക്രോസ്, ഡ്രിഫ്റ്റിങ്, സ്റ്റണ്ട് കാർ പ്രകടനങ്ങൾ എന്നിവയും ഒരു കുടക്കീഴിൽ കാണികളെ വിസ്മയിപ്പിക്കും. ചെന്നൈയിലേത് പോലെ, കാണികൾക്ക് ഒരിടത്തിരുന്നുതന്നെ എല്ലാ പ്രകടനങ്ങളും ആസ്വദിക്കാവുന്ന രീതിയിലാണ് ക്രമീകരണം. ലിൻഡ്ബ്ലാഡിന്റെ അരങ്ങേറ്റം 2026ലെ ഫോർമുല വൺ സീസണിൽ ലിയാം ലോസനൊപ്പം ആർവിഡ് ലിൻഡ്ബ്ലാഡ് റേസിങ് ബുൾസ് ടീമിൽ ചേരുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ സീസൺ തുടങ്ങുന്നതിന് തൊട്ടുമുൻപുള്ള മോട്ടോ ജാം പ്രകടനം ലിൻഡ്ബ്ലാഡിനെ സംബന്ധിച്ചും ആരാധകർക്കും വലിയ ആവേശമാണ് നൽകുന്നത്. പരിപാടിയുടെ കൃത്യമായ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, നഗരത്തിലെ റോഡുകൾ സജ്ജമാക്കുന്നതിനുള്ള പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.