11 February 2026, Wednesday

നിതി ആയോഗ് യോഗത്തില്‍ നാല് മുഖ്യമന്ത്രിമാര്‍ വിട്ടുനിന്നു

സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി
May 24, 2025 11:09 pm

നിതി ആയോഗിന്റെ വാര്‍ഷിക ഗവേണിങ് കൗണ്‍സില്‍ യോഗത്തില്‍ നിന്ന് കേരളമുള്‍പ്പെടെ നാല് സംസ്ഥാന മുഖ്യമന്ത്രിമാര്‍ വിട്ടുനിന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കേരളം, ബംഗാള്‍, കര്‍ണാടക, പുതുച്ചേരി മുഖ്യമന്ത്രിമാര്‍ പങ്കെടുത്തില്ല. ബിജെപി ഇതര ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായ എം കെ സ്റ്റാലിന്‍ (തമിഴ്‌നാട്), രേവന്ത് റെഡ്ഡി (തെലങ്കാന), ഒമര്‍ അബ്ദുള്ള (ജമ്മു കശ്മീര്‍), സുഖ്‌വീന്ദര്‍ സിങ് സുഖു (ഹിമാചല്‍ പ്രദേശ്), ഹേമന്ത് സൊരേന്‍ (ഝാര്‍ഖണ്ഡ്) എന്നിവര്‍ പങ്കെടുത്തു.

2047ല്‍ വികസിത ഭാരതം എന്നതായിരുന്നു യോഗത്തിന്റെ പ്രമേയം. രാഷ്ട്രീയ ഭിന്നതകള്‍ മറന്ന് കേന്ദ്രവും സംസ്ഥാനങ്ങളും വികസനമെന്ന ഒറ്റലക്ഷ്യം നിര്‍ത്തി യോജിച്ച് പ്രവര്‍ത്തിച്ചാല്‍ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി രാജ്യത്തിന് മാറാന്‍ അധികകാലം വേണ്ടിവരില്ലെന്ന് മോഡി പറഞ്ഞു.
കൂടുതല്‍ നികുതി വിഹിതം, പ്രകൃതിവിഭവങ്ങളുടെ പങ്കുവയ്ക്കല്‍ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട ആശങ്കകള്‍ സംസ്ഥാനങ്ങള്‍ യോഗത്തില്‍ ഉയര്‍ത്തി. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ഫണ്ടുകള്‍ അനുവദിക്കണമെന്നും കേന്ദ്രനികുതിയില്‍ നിന്നും 50 ശതമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു. ഇന്ത്യ പോലുള്ള ഒരു ഫെഡറൽ ജനാധിപത്യത്തിൽ സംസ്ഥാനങ്ങൾക്ക് അർഹമായ ഫണ്ട് ലഭിക്കുന്നതിന് വേണ്ടി സമരം ചെയ്യുകയോ, വാദിക്കുകയോ, വ്യവഹാരം നടത്തുകയോ ചെയ്യുന്നത് അനുയോജ്യമല്ല. ഇത് സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വികസനത്തിന് തടസം സൃഷ്ടിക്കും. നികുതി വിഹിതം വെട്ടിക്കുറയ്ക്കുകയും കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ വിഹിതം വര്‍ധിപ്പിക്കുകയും ചെയ്യുന്നത് സംസ്ഥാന സര്‍ക്കാരിനെ വീര്‍പ്പുമുട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം തടഞ്ഞുവച്ചിരിക്കുന്ന കേന്ദ്ര ഫണ്ടുകള്‍ ഉടന്‍ ലഭ്യമാക്കണമെന്ന് ഹിമാചല്‍ മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖുവും ആവശ്യമുയര്‍ത്തി.

ഹരിയാനയുമായി പങ്കിടാൻ വെള്ളമില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ പറഞ്ഞു. ഭക്രനംഗല്‍ ഡാമിലെ ജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട് രണ്ട് സംസ്ഥാനങ്ങളും തമ്മിലുള്ള തര്‍ക്കം തുടരുകയാണ്. പഞ്ചാബിലെ സാഹചര്യം കണക്കിലെടുക്കുമ്പോൾ സത്‌ലജ്-യമുന‑ലിങ്ക് (എസ്‌വൈഎല്‍) കനാലിനു പകരം ഒരു യമുന‑സത്‌ലജ്-ലിങ്ക് (വൈഎസ്എല്‍) കനാൽ നിർമ്മാണത്തിനായി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോള്‍ ബെയറിങ് ആക്ടില്‍ ഭേദഗതി വേണമെന്ന് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സൊരേന്‍ ആവശ്യപ്പെട്ടു. വിഷന്‍ ഡോക്യുമെന്റ് സമര്‍പ്പിക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും നിതി ആയോഗ് ആവശ്യപ്പെട്ടിരുന്നു. അഞ്ച് സംസ്ഥാനങ്ങള്‍ ഇത് നേരത്തെ നിതി ആയോഗിന് സമര്‍പ്പിച്ചിരുന്നു. ബാക്കിയുള്ളവയില്‍ 17 സംസ്ഥാനങ്ങള്‍ ഇത് ഇതിനോടകം തയ്യാറാക്കി. ഇനിയും ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കാത്ത സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ഇതിന്റെ പണിപ്പുരയിലെന്നും യോഗത്തിനു ശേഷം വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ നിതി ആയോഗ് സിഇഒ ബി വി ആര്‍ സുബ്രഹ്മണ്യം, വൈസ് ചെയര്‍മാന്‍ സുമന്‍ കെ ബെറി എന്നിവര്‍ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.