18 January 2026, Sunday

Related news

January 1, 2026
November 29, 2025
September 18, 2025
September 15, 2025
September 10, 2025
August 25, 2025
August 25, 2025
August 13, 2025
June 9, 2025
February 18, 2025

ഇസ്രയേല്‍ ആക്രമണത്തില്‍ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

Janayugom Webdesk
ഖാന്‍ യൂനിസ്
August 25, 2025 7:29 pm

തെക്കൻ ഗാസയിലെ അൽ‑നാസർ ആശുപത്രിക്ക് നേരെയുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ അഞ്ച് മാധ്യമപ്രവർത്തകർ ഉൾപ്പെടെ 20 പേർ കൊല്ലപ്പെട്ടു. അൽ ജസീറ റിപ്പോര്‍ട്ടര്‍, റോയിട്ടേഴ്‌സ് കാമറാമാന്‍ ഹുസാം അൽ-മസ്രി, അസോസിയേറ്റഡ് പ്രസ് ഫ്രീലാന്‍സര്‍ മറിയം ദഗ്ഗ, എന്‍ബിസി മാധ്യമപ്രവര്‍ത്തകന്‍ മോസ് അബു താഹ എന്നിവരാണ് മാധ്യമപ്രവര്‍ത്തരാണ് മരിച്ചത്. റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകന്‍ ഹതീം ഖാലിദിനും ആക്രമണത്തിൽ പരിക്കേറ്റു.
മാധ്യമപ്രവര്‍ത്തകരാണെന്ന് തിരിച്ചറിയാന്‍ സാധിക്കുമായിരുന്നിട്ടും മനഃപൂര്‍വം അവര്‍ക്കെതിരെ ആക്രമണം നടത്തുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ അല്‍ ഗാദ് ടിവി പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ആശുപത്രിയുടെ നാലാം നിലയിൽ നേരത്തെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പുറത്തെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ സിവിൽ ഡിഫൻസ് ജീവനക്കാർക്ക് നേരെ ബോംബാക്രമണം നടന്നതായും അല്‍ ഗാദ് റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവർത്തകർ എത്തിയതിനു ശേഷം നാലാം നിലയിലെ അതേ സ്ഥലത്താണ് രണ്ടാമത്തെ ബോംബാക്രമണവും നടന്നതെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗാസ സിറ്റിയിലെ അൽ‑ഷിഫ ആശുപത്രിക്ക് സമീപം ഇസ്രായേൽ ലക്ഷ്യമിട്ടുള്ള ആക്രമണത്തിൽ അൽ ജസീറയിലെ നാല് പേർ ഉൾപ്പെടെ ആറ് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ട് രണ്ടാഴ്ച കഴിഞ്ഞാണ് പുതിയ ആക്രമണം.
22 മാസത്തെ സംഘർഷത്തിൽ ഗാസയിൽ ആകെ 192 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടുവെന്ന് കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്‌സ് (സിപിജെ) പറയുന്നു. ഇത് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ആഗോളതലത്തിൽ മരിച്ചവരുടെ എണ്ണത്തേക്കാൾ കൂടുതലാണ്. മാധ്യമപ്രവര്‍ത്തകരെ കൊലപ്പെടുത്തുന്നത് ഇസ്രയേലിന്റെ പ്രവർത്തനങ്ങൾ മറച്ചുവയ്ക്കാനുള്ള ബോധപൂർവവും വ്യവസ്ഥാപിതവുമായ ശ്രമമാണെന്ന് സിപിജെ വ്യക്തമാക്കുന്നു.
ആക്രമണത്തെക്കുറിച്ച് പ്രാഥമിക അന്വേഷണത്തിന് ഇസ്രായേൽ ചീഫ് ഓഫ് സ്റ്റാഫ് ഉത്തരവിട്ടതായും മാധ്യമപ്രവര്‍ത്തകര്‍ക്കും സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും ഇസ്രയേല്‍ സെെനിക വക്താവ് പറഞ്ഞു. മാധ്യമപ്രവർത്തകരെ ലക്ഷ്യമിട്ടല്ല ഇസ്രായേൽ ആക്രമണം നടത്തിയതെന്നും സെെന്യം വിശദീകരിച്ചു. വളരെ അപൂര്‍വമായി മാത്രമേ മാധ്യമപ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തകരും കൊല്ലപ്പെട്ട ആക്രമണങ്ങളെക്കുറിച്ച് ഇസ്രയേല്‍ പ്രതികരിക്കാറുള്ളു. 2022 ൽ പലസ്തീൻ‑അമേരിക്കൻ അൽ ജസീറ പത്രപ്രവർത്തക ഷിറീൻ അബു അഖ്‍ലേയുടെ മരണവുമായി ബന്ധപ്പെട്ട ഇസ്രയേലിന്റെ അന്വേഷണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.