
കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമായതിനുശേഷം പഞ്ചാബ് സംസ്ഥാനത്ത് നാലാമത്തെയും ചണ്ഡിഗഢിൽ രണ്ടാമത്തെയും പാർട്ടി കോൺഗ്രസിന് ഇന്ന് തുടക്കം. അഞ്ചാം പാർട്ടി കോൺഗ്രസ് 1958 ഏപ്രിൽ ആറ് മുതൽ 13 വരെ അമൃത്സറിലും 11-ാം പാർട്ടി കോൺഗ്രസ് 1978 മാർച്ച് 31 മുതൽ ഏപ്രിൽ ഏഴ് വരെ ഭട്ടിന്‍ഡയിലുമാണ് നടന്നത്. 2005 മാർച്ച് 29 മുതൽ ഏപ്രിൽ മൂന്ന് വരെ നടന്ന 19ാം പാർട്ടി കോൺഗ്രസിനാണ് ചണ്ഡിഗഢ് വേദിയായത്.1923ലെ കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിൽ പങ്കെടുത്ത ഭായി രത്തൻ സിങ്ങിന്റെ നാമധേയത്തിലുള്ള നഗറിലായിരുന്നു 1958ൽ അമൃത്സർ പാർട്ടി കോൺഗ്രസ് നടന്നത്. ആന്ധ്രപ്രദേശ് പ്രതിപക്ഷ നേതാവും പാർട്ടി പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന പി സുന്ദരയ്യ പതാക ഉയർത്തിയതോടെയാണ് പാർട്ടി കോൺഗ്രസ് ആരംഭിച്ചത്. ജനറൽ സെക്രട്ടറി അജയഘോഷ് രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചു.
1957ൽ ഐക്യകേരളം രൂപീകരിക്കുകയും സംസ്ഥാന നിയമസഭയിൽ ഭൂരിപക്ഷം നേടുകയും സിപിഐ അധികാരത്തിലെത്തുകയും ചെയ്തശേഷം നടന്ന പാർട്ടി കോൺഗ്രസെന്ന നിലയിൽ അക്കാര്യം പരാമർശിച്ചാണ് അജയഘോഷ് സംസാരിച്ചത്. കേരളത്തിൽ തുടങ്ങിക്കഴിഞ്ഞിട്ടുള്ള ജനാധിപത്യപരമായ മാറ്റം മറ്റ് ചില സംസ്ഥാനങ്ങളിലും കോൺഗ്രസേതര സർക്കാരുകൾ സ്ഥാപിക്കുന്നതിലേക്ക് വ്യാപിപ്പിക്കുവാൻ ശ്രമിക്കണമെന്നും അതിനുള്ള സാധ്യതയുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.ഈ പാർട്ടി കോൺഗ്രസ് സിപിഐയുടെ ചരിത്രത്തിൽ സുപ്രധാന തീരുമാനങ്ങളെടുത്തതായിരുന്നു. പാർട്ടി ഭരണഘടനയിൽ നിരവധി ഭേദഗതികൾ ഈ കോൺഗ്രസിൽ വരുത്തുകയുണ്ടായി. അതിൽ പ്രധാനം ദേശീയ കൗൺസിലിന്റെ അംഗസംഖ്യ 101 ആയി നിശ്ചയിക്കുന്നതായിരുന്നു. അതുവരെ 29 പേരുള്ള കേന്ദ്ര കമ്മിറ്റിയായിരുന്നു ഉണ്ടായിരുന്നത്. പാർട്ടി അടിത്തറ വിപുലമാകുകയും അംഗത്വം ഗണ്യമായി വർധിക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു തീരുമാനം. ലക്ഷക്കണക്കിന് പേർ പങ്കെടുത്ത റാലിയോടെയാണ് പാർട്ടി കോൺഗ്രസ് സമാപിച്ചത്. ജനറൽ സെക്രട്ടറിയായി അജയഘോഷിനെ വീണ്ടും തെരഞ്ഞെടുത്ത പാർട്ടി കോൺഗ്രസ് എസ് എ ഡാങ്കേ, പി സി ജോഷി, ഭൂപേഷ് ഗുപ്ത, ഇസഡ് എ അഹമ്മദ്, എ കെ ഗോപാലൻ, ബി ടി രണദിവെ, ബസവപുന്നയ്യ എന്നിവരടങ്ങിയ സെക്രട്ടേറിയറ്റിനെയും തീരുമാനിച്ചു.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിൽ വഴിത്തിരിവുണ്ടാക്കിയ പാർട്ടി കോൺഗ്രസായിരുന്നു 1978ൽ ഭട്ടിന്‍ഡയിൽ നടന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ യോജിച്ച പ്രവർത്തനത്തിന് വഴിയൊരുക്കുകയെന്ന രാഷ്ട്രീയ ലക്ഷ്യം അംഗീകരിച്ച പാർട്ടി കോൺഗ്രസ്, മുതിർന്ന നേതാവ് സോഹൻസിങ് ജോഷ് പതാക ഉയർത്തിയതോടെയാണ് ആരംഭിച്ചത്. പതിനായിരങ്ങൾ പങ്കെടുത്ത പ്രകടനത്തോടെ സമാപിച്ചു. 138 അംഗ ദേശീയ കൗൺസിലിനെയാണ് തെരഞ്ഞെടുത്തത്. സി രാജേശ്വർ റാവുവിനെ പാർട്ടി ജനറൽ സെക്രട്ടറിയും എസ് എ ഡാങ്കേയെ ചെയർമാനുമായി തെരഞ്ഞെടുത്തു. 1958ലെ അമൃത്സർ കോൺഗ്രസും 1978 ലെ ഭട്ടിൻഡ കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിലെ വഴിത്തിരിവുകളായിരുന്നു. ജനാധിപത്യവും സോഷ്യലിസവും തമ്മിലുള്ള ബന്ധം ശക്തമാക്കാൻ സഹായകമായ തീരുമാനങ്ങളെടുക്കുന്നത് അമൃത്സർ കോൺഗ്രസായിരുന്നു. ദേശീയതലത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയ്ക്ക് അത് ഉത്തേജനം നൽകുകയും ചെയ്തു. ഇടതുപക്ഷ ശക്തികളുടെ ഐക്യത്തിന്റെ രൂപം നൽകിയതിലൂടെയാണ് ഭട്ടിൻഡ കോൺഗ്രസ് ശ്രദ്ധേയമായത്. വിശാലമായ ഹിന്ദി മേഖല ഉൾപ്പെടെ രാജ്യവ്യാപകമായി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്വാധീനവും ബഹുജനാടിത്തറയും വിപുലീകരിക്കാനുള്ള കർമ്മപരിപാടി ആവിഷ്കരിച്ചതായിരുന്നു 2005 മാർച്ച് 29 മുതൽ ഏപ്രിൽ മൂന്നുവരെ ചണ്ഡിഗഡിൽ നടന്ന 19ാം പാർട്ടി കോൺഗ്രസ്. 28 സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമായി 666 പേരാണ് പങ്കെടുത്തത്.
ദർശൻസിങ് കനേഡിയൻ നഗറിൽ അത്യുജ്വല റാലിയോടെയായിരുന്നു തുടക്കം. തേജാസിങ്ങ് സ്വതന്ത്ര നഗറിലാണ് പ്രതിനിധി സമ്മേളനം നടന്നത്. മുതിര്‍ന്ന നേതാവ് സത്പാൽ ഡാംഗ് പതാക ഉയർത്തി. പാർട്ടി ജനറൽ സെക്രട്ടറിയായി എ ബി ബർധനെയും കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായി പികെവി, ഗയാസിങ്, ഗുരു ദാസ് ദാസ് ഗുപ്ത, നന്ദഗോപാൽ ഭട്ടാചാര്യ, ഷമീം ഫെയ്സി, എസ് സുധാകർ റെഡ്ഡി, ഡി രാജ, അമർജീത് കൗർ എന്നിവരെയും തെരഞ്ഞെടുത്തു. ഇതിനെല്ലാം ശേഷമാണ് 25ാം പാര്‍ട്ടി കോണ്‍ഗ്രസിനായി എണ്ണൂറിലധികം പ്രതിനിധികള്‍ സെപ്റ്റംബര്‍ 21 മുതല്‍ 25വരെ വീണ്ടും ചണ്ഡിഗഢില്‍ ഒത്തുചേരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.