
അരിമ്പൂരിൽ കുറുനരി ആക്രമണത്തിൽ പേ വിഷബാധയേറ്റ് ആറാം വാർഡിലെ മൂന്നു പശുക്കൾ ചത്തു. കൈപ്പിള്ളി വീട്ടിൽ സിദ്ധാർത്ഥന്റെ രണ്ടും പശുക്കളും കിഴക്കുപുറത്ത് ഉണ്ണികൃഷ്ണന്റ ഒരു പശുവുമാണ് ചത്തത്. ഒന്നിന് അമ്പതിനായിരം രൂപവില വരുന്ന പശുക്കളാണ് കുറുനരിയുടെ ആക്രമണത്തിൽ കടിയേറ്റ് പേ ഇളകി ചത്തുവീണത്. മൂന്ന് ദിവസം മുമ്പ് വൈകീട്ട് 5 മണിയോടെയാണ് ഗർഭണിയായ പശുക്കൾക്ക് കടിയേറ്റത്. ഉടനെ പഞ്ചായത്തിലെ മൃഗ ഡോക്ടറെ വിഷയം അറിയിക്കുകയും വീടുകളിൽ എത്തി പേ വിഷത്തിനുള്ള നാല് കുത്തിവെപ്പ് നടത്തുകയും ചെയ്തു. എങ്കിലും ഇന്നലെ രാവിലെ ചത്തുവീഴുകയായിരുന്നു. സിദ്ധാർത്ഥൻ കഴിഞ്ഞ 35 വർഷമായി ക്ഷീര കർഷകനാണ്. മികച്ച ക്ഷീരകർഷകനുള്ള അവാർഡ് ഉൾപ്പെടെ കരസ്ഥമാക്കിയിട്ടുണ്ട്.
ഉണ്ണികൃഷ്ണൻ കഴിഞ്ഞ 13 വർഷമായി ക്ഷീര കർഷകനാണ്. ഇവരെല്ലാം ക്ഷീരസംഘങ്ങളിൽ ദിവസേന പാൽ അളക്കുന്നവരുമാണ്. പശുക്കൾ ചത്തു വീണതോടെ വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കർഷകർക്കുണ്ടായ സാമ്പത്തിക നഷ്ടം പരിഹരിക്കാൻ ദുരന്തനിവാരണ വിഭാഗത്തോട് ആവശ്യപ്പെടുമെന്ന് പഞ്ചായത്ത് ഭരണാധികാരികൾ പറഞ്ഞു. സംഭവത്തെതുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് സമിത അജയകുമാർ, വൈസ് പ്രസിഡന്റ് സി ജി സജീഷ്, വാർഡ് മെമ്പർ കെ കെ ഹരിദാസ് ബാബു, വെറ്ററിനറി ഡോക്ടർമാരായ ഡോ.രാധികാ ശ്യാം, ഡോ.അലക്സ് എന്നിവർ വീടുകളിൽ എത്തി നടപടികൾ സ്വീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.