7 December 2025, Sunday

Related news

December 3, 2025
November 18, 2025
October 26, 2025
October 11, 2025
October 1, 2025
September 4, 2025
September 2, 2025
August 27, 2025
August 25, 2025
August 24, 2025

കടലാസ് മദ്യകമ്പനിയുടെ പേരിൽ തട്ടിപ്പ്; പ്രതി അറസ്റ്റിൽ

Janayugom Webdesk
ആലപ്പുഴ 
October 26, 2025 7:41 pm

പഞ്ചാബ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എസ് എസ് ആർ ഡിസ്റ്റിലറീസ് എന്ന മദ്യനിർമ്മാണ സ്ഥാപനത്തിന്റെ പാർട്ണർ ആണെന്ന് പരിചയപ്പെടുത്തി കേരള ബിവറേജസ് കോർപ്പറേഷനിൽ ചില പ്രത്യേക മദ്യ ബ്രാൻഡുകൾ ഡിസ്ട്രിബ്യൂഷൻ നടത്തുന്നതിന് പ്രമോട്ടർ ആയി കമ്പനിയിൽ ചേർക്കാം എന്ന് പ്രലോഭിപ്പിച്ച് ചാരുംമൂട് സ്വദേശിയായ റിട്ടയേർഡ് കാഷ്യൂ കോർപ്പറേഷൻ ഉദ്യോഗസ്ഥനിൽ നിന്നും ഒരു കോടി രൂപ തട്ടിയെടുത്ത കേസിൽ ചുനക്കര കരിമുളക്കൽ സാജൻ നിവാസിൽ എസ് സാജൻ (42) നെ നൂറനാട് പോലീസ് ഇൻസ്പെക്ടർ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. 2022 മുതൽ 2024 വരെയുള്ള കാലഘട്ടത്തിൽ ആണ് പണം തട്ടിയെടുത്തത്. മുൻപ് ചാരുംമൂട്ടിൽ ബാറിൽ മാനേജരായ ജോലി നോക്കി വന്നിരുന്ന സാജൻ നിലവിൽ കരുനാഗപ്പള്ളി നഗരത്തിലെ ബാർ മാനേജരാണ്. 2019 ൽ സാജനും രണ്ട് സുഹൃത്തുക്കളും ചേർന്നു എറണാകുളത്തെ കാക്കനാട് ഒരു മുറി വാടകയ്ക്ക് എടുത്ത് എസ്എസ്ആർ ഡിസ്റ്റിൽഡ് ആൻഡ് ബോട്ടിൽഡ് സ്പിരിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ഒരു കമ്പനി ആരംഭിച്ചിരുന്നു. പഞ്ചാബിലെ മദ്യനിർമ്മാണ കമ്പനി ഉത്പാദിപ്പിക്കുന്ന മദ്യം കേരള ബീവറേജസ് കോർപ്പറേഷന് വിൽപ്പന നടത്തുന്നതിനുള്ള ലൈസൻസ് നേടാൻ ആയിരുന്നു ശ്രമം. 

ബിസിനസ് നടക്കാതായതോടുകൂടി വിവിധ ആൾക്കാരെ സമീപിച്ച് പണം ആവശ്യപ്പെട്ടു തുടങ്ങി. ഇങ്ങനെയാണ് ചാരുംമൂട് സ്വദേശി ഒരു കോടി രൂപ നിക്ഷേപിച്ചത്. ഇതിനിടയിൽ കാക്കനാട് ഓഫീസ് പൂട്ടി. തുടർന്ന് സാജൻ, ഭാര്യ രമ, സുഹൃത്തായ ഓച്ചിറ സ്വദേശി അനൂപ്, അനൂപിന്റെ ഭാര്യ രമ്യ എന്നിവർ ഉടമകളായി ചാരുംമൂട് ജംഗ്ഷനിൽ റൂമെടുത്ത് കോപ്പിയസ് ഡിസ്റ്റിലറിസ് എന്ന സ്ഥാപനം ആരംഭിച്ചു. ഗോവയിലെ രണ്ടു സ്വകാര്യ ഡിസ്റ്റലറികൾ ലീസിന് എടുത്ത് മദ്യനിർമാണം നടത്താൻ ശ്രമം നടത്തുന്നതായി ചാരുംമൂട് സ്വദേശിയെ പറഞ്ഞു വിശ്വസിപ്പിച്ചു .2024 ൽ മുഴുവൻ തുകയും സാജനും സംഘവും വാങ്ങിയെടുത്തു. ഇവർ വാഗ്ദാനം നൽകിയത് പോലെ മദ്യം ഡിസ്ട്രിബ്യൂട്ട് ചെയ്യുന്നതിനുള്ള ലൈസൻസോ ബ്രാൻഡ് ലൈസൻസോ ലഭിക്കാത്തതിനാൽ ചാരുംമൂട് സ്വദേശി ഗോവയിലും മറ്റും പോയി നടത്തിയ അന്വേഷണത്തിലാണ് ഇവർ തന്നെ വഞ്ചിക്കുകയായിരുന്നു എന്ന് മനസ്സിലായത്. തുടർന്ന് ചാരുംമൂട് സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നൂറനാട് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. 

ഈ കേസ് അന്വേഷണം നടത്തുന്നതിന് ചെങ്ങന്നൂർ ഡിവൈഎസ് പി എം കെ ബിനു കുമാർ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു . തുടർന്ന് നൂറനാട് പോലീസ് ഇൻസ്പെക്ടർ എസ് ശ്രീകുമാർ സാജനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സാജന്റെ അറസ്റ്റിനെ തുടർന്ന് ഇയാളുടെ ഭാര്യയും സുഹൃത്ത് അനൂപും ഭാര്യയും ഉൾപ്പെടെയുള്ള പ്രതികൾ ഒളിവിൽ പോയി. ബാർ മാനേജരായി ജോലി ചെയ്യുകയാണെങ്കിലും നിരവധി നാഷണൽ പെർമിറ്റ് ലോറികൾ വാങ്ങി കരിമുളക്കൽ കേന്ദ്രീകരിച്ച് ഒരു ട്രാൻസ്പോർട്ട് കമ്പനിയും ഇയാൾ നടത്തുന്നുണ്ട്. വിവിധ സ്ഥലങ്ങളിൽ ഇയാൾ വാങ്ങിക്കൂട്ടിയിട്ടുള്ള വസ്തുവകകളും മറ്റു സമ്പാദ്യങ്ങളും സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കൂട്ടുപ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജതപ്പെടുത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.