
ഇന്ത്യയിൽ സൈബർ സാമ്പത്തിക തട്ടിപ്പുകൾ വന്‍തോതില്‍ വര്‍ധിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ റിപ്പോർട്ട്. കഴിഞ്ഞ ആറു വർഷത്തിനിടെ വിവിധ ഓൺലൈൻ തട്ടിപ്പുകളിലൂടെ ഇന്ത്യക്കാർക്ക് 53,000 കോടിയിലധികം രൂപ നഷ്ടപ്പെട്ടതായി ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 2025ൽ മാത്രം തട്ടിപ്പുകാർ കൈക്കലാക്കിയത് 19,812.96 കോടി രൂപയാണ്.
രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത് മഹാരാഷ്ട്രയിലാണ്. 2025ൽ മാത്രം 3,203 കോടി രൂപയാണ് സംസ്ഥാനത്ത് ജനങ്ങൾക്ക് നഷ്ടമായത്. 2,83,320 പരാതികളാണ് മഹാരാഷ്ട്രയിൽ മാത്രം രജിസ്റ്റർ ചെയ്തത്. നഷ്ടപ്പെട്ട തുകയുടെ അടിസ്ഥാനത്തിൽ കർണാടകയാണ് രണ്ടാം സ്ഥാനത്ത്. 2,413 കോടി രൂപയാണ് കർണാടകയിൽ തട്ടിപ്പുകാർ തട്ടിയെടുത്തത്.
തമിഴ്‌നാട് (1,897 കോടി), ഉത്തർപ്രദേശ് (1,443 കോടി), തെലങ്കാന (1,372 കോടി) എന്നീ സംസ്ഥാനങ്ങളാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഉള്ളത്. കേരളം ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലും തട്ടിപ്പുകൾ വര്‍ധിച്ചുവരികയാണ്. ഗുജറാത്ത്, ഡൽഹി, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും ആയിരം കോടിയിലധികം രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്.
2023‑ൽ 7,463 കോടി രൂപയായിരുന്നു തട്ടിപ്പിലൂടെ നഷ്ടമായത്. എന്നാൽ പിന്നീടുള്ള വർഷങ്ങളിൽ തട്ടിപ്പിന്റെ വ്യാപ്തി കുത്തനെ വർധിക്കുകയായിരുന്നു. ബാങ്കിങ് തട്ടിപ്പുകൾ, നിക്ഷേപ തട്ടിപ്പുകൾ, വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ, ഡിജിറ്റല്‍ അറസ്റ്റ് തുടങ്ങിയവയിലൂടെയാണ് സാധാരണക്കാർക്ക് വലിയ തുകകൾ നഷ്ടമാകുന്നത്.
ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് ഓഹരി വിപണിയിലോ ക്രിപ്‌റ്റോ കറൻസിയിലോ പണം നിക്ഷേപിക്കാൻ പ്രേരിപ്പിക്കുന്നതാണ് നിക്ഷേപ തട്ടിപ്പുകൾ. വീട്ടിലിരുന്ന് ജോലി ചെയ്ത് ലക്ഷങ്ങൾ സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച് രജിസ്ട്രേഷൻ ഫീസിനത്തിലും മറ്റും പണം തട്ടുന്ന വ്യാജ തൊഴിൽ വാഗ്ദാനങ്ങളും സൈബര്‍ ക്രിമിനലുകള്‍ ഉപയോഗപ്പെടുത്തുന്നു. കെവൈസി പുതുക്കാനെന്ന വ്യാജേനയോ ബാങ്ക് ഉദ്യോഗസ്ഥരാണെന്നോ പറഞ്ഞ് വിളിച്ചു ലിങ്കുകൾ അയച്ചു നൽകി അക്കൗണ്ടുകൾ ചോർത്തുന്ന ബാങ്കിങ് തട്ടിപ്പുകളും സാധാരണക്കാരുടെ സമ്പാദ്യം തട്ടിയെടുക്കുന്നതിനായി ഉപയോഗപ്പെടുത്തുന്നു.
ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പരാതികളിൽ 45 ശതമാനവും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായി ബന്ധപ്പെട്ടതാണ്. കംബോഡിയ, മ്യാൻമർ, ലാവോസ് തുടങ്ങിയ രാജ്യങ്ങളിൽ ഇരുന്നു പ്രവർത്തിക്കുന്ന തട്ടിപ്പ് സംഘങ്ങളാണ് ഇന്ത്യക്കാരെ ലക്ഷ്യം വെക്കുന്നത്. ഇത്തരം സംഘങ്ങൾ വിദേശ രാജ്യങ്ങളിൽ വൻതോതിൽ ‘കോൾ സെന്ററുകൾ’ സ്ഥാപിച്ച് മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരെ കെണിയിൽ പെടുത്തുകയാണ്.
സൈബർ തട്ടിപ്പിന് ഇരയായാൽ ഉടൻ തന്നെ 1930 എന്ന ഹെല്പ് ലൈൻ നമ്പറിലോ www.cybercrime.gov.in എന്ന വെബ്സൈറ്റിലോ പരാതി നൽകണമെന്ന് അധികൃതർ നിര്‍ദേശിക്കുന്നു. തട്ടിപ്പ് നടന്നു ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ പരാതിപ്പെട്ടാൽ പണം തിരിച്ചുപിടിക്കാനുള്ള സാധ്യത കൂടുതലാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.